ഹേമന്ത് സോറന്‍റെ നേതൃത്വമുണ്ടാക്കിയ ആവേശം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടതും ബിജെപിക്ക് കോട്ടമായി. എന്നും ബിജെപിക്കൊപ്പം നിന്ന നഗരമേഖലകളും ഇത്തവണ കൈവിട്ടു.
ദില്ലി: ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ ഭരണവിരുദ്ധ വികാരം അലയടിച്ചതാണ് സംസ്ഥാനം ബിജെപിക്ക് കൈവിട്ടുപോകാനുള്ള പ്രധാന കാരണം. സഖ്യമില്ലാതെ മത്സരിക്കാനുള്ള തീരുമാനവും പാര്‍ട്ടിക്ക് തിരിച്ചടിയായി. നഗരമേഖലകളിലെ മേധാവിത്വം നഷ്ടമായതോടെ കൽക്കരിബെൽറ്റിൽ മാത്രമാണ് ബിജെപിക്ക് പിടിച്ചുനില്‍ക്കാനായത്.
28 പട്ടികവർഗ്ഗ സംവരണ സീറ്റുകളാണ് ജാര്‍ഖണ്ഡിലുള്ളത്. ഇതിൽ 24 സീറ്റുകൾ തൂത്തുവാരിയാണ് കോൺഗ്രസ്- ജെഎംഎം സർക്കാർ അധികാരത്തിലെത്തുന്നത്. സംസ്ഥാനത്ത് ആദിവാസി ഇതര വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായിരുന്നു രഘുബർദാസ്. ഒപ്പം സംസ്ഥാനം രൂപീകൃതമായ ശേഷം കാലാവധി തികച്ച ആദ്യ മുഖ്യമന്ത്രിയും. അദ്ദേഹത്തെ മുന്നിൽ നിര്‍ത്തി ഒബിസി പിന്തുണ ധ്രുവീകരിക്കാനായിരുന്നു ബിജെപി ശ്രമം. എന്നാലത് പാളി.
undefined
കുടികിടപ്പവകാശ നിയമം മാറ്റാനുള്ള ശ്രമത്തിനെതിരെ ആദിവാസി മേഖകളിൽ പ്രതിഷേധം ആഞ്ഞടിച്ചു. വനാവകാശനിയമഭേദഗതി ആദിവാസികൾക്കെതിരെന്ന പ്രചാരണവും ബിജെപിക്ക് തിരിച്ചടിയായി. സിസായി മണ്ഡലത്തിലെ വെടിവയ്പ് പിന്നീടുള്ള വോട്ടെടുപ്പിനെ സ്വാധീനിച്ചു.
ഹേമന്ത് സോറന്‍റെ നേതൃത്വമുണ്ടാക്കിയ ആവേശം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടതും ബിജെപിക്ക് കോട്ടമായി. എന്നും ബിജെപിക്കൊപ്പം നിന്ന നഗരമേഖലകളും ഇത്തവണ കൈവിട്ടു. പത്ത് നഗരമണ്ഡലങ്ങളിൽ നാലെണ്ണം ബിജെപി നേടി. സ്ഥിരതയുള്ള സർക്കാരിന് സ്ത്രീകൾ വോട്ടുചെയ്യും എന്ന കണക്കുകൂട്ടലും ബിജെപിയെ തുണച്ചില്ല. സ്ത്രീകൾ 50 ശതമാനത്തിലധികമായ പത്ത് മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടിയത് മൂന്നിടത്ത് മാത്രം.
മന്ത്രിമാരുടെ കൂട്ടതോൽവി ഭരണവിരുദ്ധവികാരത്തിൻറെ തെളിവാണ്. ബിജെപി എജെഎസ്‍യു സഖ്യം പിരിഞ്ഞതും വിനയായി. ഒറ്റയ്ക്ക് എട്ട് ശതമാനം വോട്ടു നേടിയ എജെഎസ്‍യു പലയിടത്തും സർക്കാർ അനുകൂല വോട്ടുകൾ ഭിന്നിപ്പിച്ചു ഒമ്പത് പട്ടികവിഭാഗ സീറ്റുകളിൽ ആറെണ്ണം നേടാനായി എന്നതിൽ ബിജെപിക്ക് ആശ്വസിക്കാം. ഒപ്പം കൽക്കരി ബെൽറ്റിൽ 20ൽ പന്ത്രണ്ട് സീറ്റു നേടി ഒബിസി വോട്ടു ബാങ്ക് പിടിച്ചു നിറുത്താനും ബിജെപിക്കായി.
Read Also: രാഷ്ട്രീയ ഭൂപടം വീണ്ടും മാറുന്നു: ഹിന്ദി ബെല്‍റ്റില്‍ നിറംമങ്ങി ബിജെപി