ചെറുകിട ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എസ്ബിഐ

By Web Team  |  First Published Sep 28, 2020, 6:56 PM IST

സ്വര്‍ണ പണയത്തിന് 36 മാസം വരെയുള്ള അടവു കാലവും 7.5 ശതമാനം വരെയുളള കുറഞ്ഞ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


തിരുവനന്തപുരം: ഭവന, വാഹന വായ്പകള്‍ക്കുള്ള പ്രോസസ്സിങ് ഫീസ് ഇളവ് ഉള്‍പ്പെടെ ചെറുകിട ഉപഭോക്താക്കള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. എസ്ബിഐ യോനോ വഴി കാര്‍, സ്വര്‍ണ, പേഴ്സണല്‍ വായ്പകള്‍ക്ക് അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പ്രോസസ്സിങ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. 

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓണ്‍ റോഡ് വിലയുടെ 100 ശതമാനം വരെ വായ്പയും ലഭിക്കും. അംഗീകൃത പദ്ധതികള്‍ക്കായുള്ള ഭവന വായ്പകളില്‍ പ്രോസസ്സിങ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. ക്രെഡിറ്റ് സ്‌ക്കോറിന്റേയും വായ്പാ തുകയുടേയും അടിസ്ഥാനത്തില്‍ പലിശ നിരക്കില്‍ 10 പോയിന്റുകള്‍ക്ക് വരെ പ്രത്യേക ഇളവും നല്‍കും. ഇതിന് പുറമെ യോനോ വഴി അപേക്ഷിക്കുന്നവര്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റുകളുടെ അധിക പലിശ ഇളവും ലഭിക്കും.
      
സ്വര്‍ണ പണയത്തിന് 36 മാസം വരെയുള്ള അടവു കാലവും 7.5 ശതമാനം വരെയുളള കുറഞ്ഞ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേഴ്സണല്‍ വായ്പകള്‍ 9.6 ശതമാനം എന്ന കുറഞ്ഞ നിരക്കിലും ലഭിക്കും. ഡിജിറ്റല്‍ ബാങ്കിങിനു പ്രാധാന്യം വര്‍ധിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ യോനോ വഴി കൂടുതല്‍ സൗകര്യം നല്‍കാനാണ് എസ്ബിഐ ശ്രമിക്കുന്നത്. വീട്ടിലിരുന്ന് വെറും നാലു ക്ലിക്കുകള്‍ വഴി പേഴ്സണല്‍ ലോണുകള്‍ നേടുവാനുള്ള അവസരമാണ് നല്‍കുന്നതെന്നും സ്റ്റേറ്റ് ബാങ്ക് വ്യക്തമാക്കി. എസ്എംഎസ് വഴി വായ്പ യോഗ്യത പരിശോധിക്കാനും സാധിക്കും.
 

Latest Videos

 

click me!