നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !, ഇഎംഐയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി

By R Akhil Ratheesh  |  First Published Nov 8, 2019, 6:29 PM IST

മാസം വെറും ചെറു നീക്കിയിരിപ്പില്‍ തുടങ്ങി പരിധിയില്ലാതെ നിക്ഷേപിക്കാന്‍ പറ്റിയ റിക്കറിംഗ് ഡിപ്പോസിറ്റ് ശാലിനി തുടങ്ങിയിരുന്നെങ്കില്‍ സാമ്പത്തിക ഭദ്രത ചെറിയ തോതിലെങ്കിലും ഉറപ്പ് വരുത്താമായിരുന്നു.


ഒന്നരലക്ഷം രൂപ ശമ്പളത്തില്‍ ബാംഗ്ലൂരിലെ ഒരു പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് ശാലിനി. വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളും മാതാപിതാക്കള്‍ സ്‌നേഹത്തോടെ അയച്ചുകൊടുക്കുന്ന പണവും ഉപയോഗിച്ച് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരിയാണവര്‍. മൊത്തത്തില്‍ ഒരു ആഡംബര ജീവിതത്തിന്റെ വക്താവെന്ന് പറയാം.

Latest Videos

undefined

അങ്ങനെയിരിക്കെ ശാലിനിക്ക് ഒരു കാറപകടം സംഭവിച്ചു. കൈമുട്ടിനും നട്ടെല്ലിനും സര്‍ജറി വേണം. ഏതാണ്ട് 10 ലക്ഷം രൂപ വേണ്ടിവരും.  ബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ശാലിനി മാതാപിതാക്കളോട് പണത്തിനായി കൈനീട്ടി. അപ്പോഴാണ് അവര്‍ മനസ്സിലാക്കിയത് അഞ്ച് വര്‍ഷത്തോളം നല്ല ശമ്പളത്തില്‍ ജോലി ചെയ്ത താങ്കളുടെ മകള്‍ക്ക് നയാപൈസ പോലും സമ്പാദ്യമായില്ല എന്ന്. ശാലിനിക്ക് സമ്പാദ്യമില്ലായെന്ന് മാത്രമല്ല ക്രെഡിറ്റ് കാര്‍ഡ് വഴി ചില ഇ- കോമേഴ്‌സ് സൈറ്റ് വഴി വാങ്ങിയ ലോണുമുണ്ടെന്ന്. ശാലിനിയുടെ സമ്പാദ്യത്തിന്റെ 90 ശതമാനം ഇത്തരത്തിലുള്ള ഇ.എം.ഐ സ്‌കീമിലേക്കാണ് പോകുന്നത്. ഇവിടെ കുഴപ്പം ക്രെഡിറ്റ് കാര്‍ഡിന്റേയോ, വല്ലപ്പോഴും വിലക്കിഴിവ് നല്‍കുന്ന ഇ-കോമേഴ്‌സ് സൈറ്റുകളോ അല്ല. തന്റെ ചിലവുകളെ നിയന്ത്രിക്കാതെ പോയതിലും, നിക്ഷേപങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് ശാലിനിയെ പ്രതിസന്ധിയിലേക്ക് നയിച്ചത്.

ചെലവുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ആര്‍ക്കും നാളെ ശാലിനിയുടെ അനുഭവം വന്നുകൂടെയെന്നില്ല. മാസം ശമ്പളത്തിന്റെ ഒരു ചെറിയ വിഹിതം നീക്കി വെച്ചിരുന്നെങ്കില്‍ ഒരു മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഉപയോഗിച്ച് ശാലിനിക്ക് സൗജന്യമായി സര്‍ജറി നടത്താമായിരുന്നു. ജിവിതം ഒരിക്കല്‍ മാത്രമെന്നും, ഇന്നത്തേക്ക് മാത്രമുള്ളതാണ് ജിവിതമെന്നും വിശ്വസിക്കുന്ന നമ്മുടെ പുതുതലമുറയിലെ വലിയ വിഭാഗത്തിനും അവര്‍ അറിയാതെ സാമ്പത്തിക ഭദ്രതയുടെ താളം നഷ്ടപ്പെടുകയാണ്. ഇത് ഒരു വിപത്താണ്.  മറിച്ച് ചെറിയ പ്ലാനിംഗ് കൊണ്ട് നമുക്ക് മറ്റൊരാളുടെ മുന്‍പില്‍ കൈനീട്ടാതെ അഭിമാനത്തോടെ ജീവിക്കാം.

മാസം വെറും ചെറു നീക്കിയിരിപ്പില്‍ തുടങ്ങി പരിധിയില്ലാതെ നിക്ഷേപിക്കാന്‍ പറ്റിയ റിക്കറിംഗ് ഡിപ്പോസിറ്റ് ശാലിനി തുടങ്ങിയിരുന്നെങ്കില്‍ സാമ്പത്തിക ഭദ്രത ചെറിയ തോതിലെങ്കിലും ഉറപ്പ് വരുത്താമായിരുന്നു.
 

എന്താണ് റിക്കറിംഗ് ഡിപ്പോസിറ്റ്?

ജീവിതം ആരംഭിക്കുമ്പോള്‍, അല്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ ഒരു സാമ്പത്തികലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്നതാണ് റിക്കറിംഗ് ഡിപ്പോസിറ്റ്. ഒരു ഉറുമ്പിനെ പോലെ കുറച്ച് കുറച്ചായി പണം സ്വരൂപിച്ച് വമ്പന്‍ നിക്ഷേപങ്ങളാക്കി മാറ്റാന്‍ റിക്കറിംഗ് ഡിപ്പോസിറ്റ് സഹായിക്കും. ഒരു നിശ്ചിത തുക എല്ലാ മാസവും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ നല്‍കി റിക്കറിംഗ് ഡിപ്പോസിറ്റിലിടാം. നിങ്ങള്‍ക്കിഷ്ടമുള്ള കാലാവധി തിരഞ്ഞെടുക്കാം. സാധാരണ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ പലിശയും ലഭിക്കും.  ചില ബാങ്കുകളില്‍ മാസം നിശ്ചിത തുകയ്ക്ക് പകരം ഓരോമാസവും വ്യത്യാസം വരുന്ന തുക നിക്ഷേപിക്കാനുളള ഓപ്ഷനും ഉണ്ട്.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് എളുപ്പം പൈസ തിരിച്ചെടുക്കാനും കഴിയും.  ഒരു ഉദാഹരണത്തിന്, ശാലിനി മാസം 5,000 രൂപ വച്ച് നാല് വര്‍ഷത്തേക്ക് ഏകദേശം ആറര ശതമാനം പലിശയ്ക്ക് റിക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങിയിരുന്നെങ്കില്‍ നാല് വര്‍ഷത്തിന് ശേഷം മുതലും പലിശയും ചേര്‍ത്ത് രണ്ടര ലക്ഷത്തിന് മുകളില്‍ അവര്‍ക്ക് ലഭിക്കുമായിരുന്നു. നിക്ഷേപത്തിന്‍റെ കാലവധി കൂടുന്തോറും നേട്ടവും കൂടും എന്നതാണ് റിക്കറിംഗ് നിക്ഷേപത്തിന്‍റെ ഗുണം. ഇത് പുതിയ ഒരു സ്ഥിര നിക്ഷേപമായി തുടര്‍ന്നിട്ട് ശമ്പളം വര്‍ദ്ധിക്കുന്നതിന്റെ ആനുപാതികമായി റിക്കറിംഗ് ഡിപ്പോസിറ്റും പുതിയതായി തുടങ്ങാം. അങ്ങനെയെങ്കില്‍ നേട്ടം ഇതിലും വലുതാകുകയും ചെയ്യും.

നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് സംഖ്യ കൂട്ടാമെന്ന് സാരം. ജീവിതലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് കാലാവധിയും കൂട്ടാം. നേരത്തെ സൂചിപ്പിച്ചത് പോലെ പലരും ഉപഭോക്തൃസംസ്‌കാരത്തിന്റെ ഭാഗമായി അനാവശ്യ ചെലവുകളുലേക്ക് കടക്കാറുണ്ട്.  ഇ.എം.ഐ പോലെയുള്ള സംവിധാനങ്ങള്‍ നമ്മുടെ ബാധ്യത വര്‍ദ്ധിപ്പിക്കുന്നു.  ഇതിനെ നിയന്ത്രിക്കാനുള്ള ഇ.എം.ഐ യുടെ നേര്‍വിപരീതമാണ് റിക്കറിംഗ് ഡിപ്പോസിറ്റ്.

ഇത്രയും വായിച്ചതിന് ശേഷം ചിലര്‍ക്ക് സമ്പാദിക്കണം എന്ന് മനസ്സില്‍ തോന്നലുണ്ടായേക്കാം.  അവര്‍ ആദ്യം ചിന്തിക്കുന്നത് വരുമാനത്തില്‍ നിന്ന് എത്ര ചെലവാക്കിയിട്ട് മിച്ചം പിടിച്ച് ബാങ്കിലിടാം എന്നായിരിക്കും.  അതും ഒരു മണ്ടത്തരമാണ്.  നിങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താന്‍ ആദ്യം നിക്ഷേപിക്കാനുള്ള ഭാഗം മാറ്റിവെച്ചിട്ട് വേണം നിങ്ങളുടെ ദൈനംദിന ചിലവുകളിലേക്ക് പോലും കടക്കാന്‍.

ഒന്ന് മനസ്സ് വെച്ചാല്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍.  അതിന് വരുമാനം എന്നത് ഒരു തടസമല്ല.  മറിച്ച് നിങ്ങള്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ എങ്ങനെ സ്വരൂപിക്കും എന്നതിനെ ആശ്രയിച്ചിരിക്കും.  അതുകൊണ്ട് ആദ്യം നിങ്ങള്‍ ഒരു ഡയറിയില്‍ അല്ലെങ്കില്‍ ഏതെങ്കിലും മൊബൈല്‍ ആപ്ലിക്കേഷനില്‍ നിങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ എഴുതൂ...  എന്നിട്ട് ഒരു ചെറിയ തുകയെങ്കിലും മിച്ചം പിടിക്കാന്‍ ശ്രമിക്കൂ.  തീര്‍ച്ചയായും ഈ തുകയും നിങ്ങളുടെ അടുത്തമാസത്തെ ശമ്പളവും നിങ്ങള്‍ക്ക് സന്തോഷം നല്‍കും.  എന്നിട്ട് നമുക്ക് സുസ്ഥിരമായ നിക്ഷേപങ്ങളിലേക്ക് കടന്ന് കോടിപതി എന്ന ലക്ഷ്യത്തിലേക്ക് എളുപ്പത്തില്‍ മുന്നേറാം. 

 

click me!