ശമ്പളത്തിന് ജോലി ചെയ്ത് കൊണ്ടിരുന്നവർ സ്വയം തൊഴിൽ സംരംഭങ്ങളിലേക്ക് മാറുമ്പോഴും നിക്ഷേപം പിൻവലിച്ച് ഉപയോഗിക്കാം. 54 വയസ്സ് പൂർത്തിയാക്കിയവർക്ക് വിരമിക്കുന്നതിന്റെ ഒരു വർഷം മുൻപ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ സ്വരൂപിച്ച തുകയുടെ 90 ശതമാനം പിൻവലിക്കാൻ അർഹതയുണ്ട്.
സിറ്റിയിലെ ഹോട്ടലിൽ സെക്യൂരിറ്റി ആയിരുന്നു കൃഷ്ണ കുമാർ. കൊവിഡ് ലോക്ക്ഡൗണിൽ ഹോട്ടൽ അടച്ചപ്പോൾ, ആറ് മാസം കഴിഞ്ഞ് സ്ഥിതി മെച്ചപ്പെടുമ്പോൾ ജോലിക്ക് വന്നാൽ മതിയെന്ന് ജനറൽ മാനേജർ പറഞ്ഞു. വീട്ടുവാടക കൊടുക്കണം, വീട്ടിലെ ചിലവുകൾ നടക്കണം, പ്രായമായ അമ്മയ്ക്ക് മരുന്ന് വാങ്ങണം. ആദ്യം ഒന്ന് പകച്ചു പോയി. അപ്പോഴാണ് ഇപിഎഫിൽ നിന്ന് നിക്ഷേപത്തുക പിൻവലിച്ച് പിടിച്ചുനിൽക്കാൻ സഹപ്രവർത്തരിൽ ചിലർ ഓർമിപ്പിച്ചത്. ആ വഴി തന്നെ കൃഷ്ണ കുമാർ സ്വീകരിച്ചു. ലോക്ക്ഡൗൺ കഴിഞ്ഞ് പണിക്ക് തിരികെ കയറിയത് വരെയുള്ള 7-8 മാസം ഒരു വിധത്തിൽ അത്യാവശ്യ ചിലവുകൾ നിർവഹിക്കാനായത് ആശ്വാസമായി. നിർബന്ധ നിക്ഷേപ പദ്ധതിയാണെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ ഉപകരിക്കത്തക്കവിധം പണം പിൻവലിക്കാനുള്ള സൗകര്യവും ഇപിഎഫിലുണ്ട്.
ആവശ്യങ്ങൾക്ക് ഉപകരിക്കും
undefined
പ്രായമായി ജോലിയിൽ നിന്ന് വിരമിച്ച് സ്ഥിര വരുമാനം നിലയ്ക്കുമ്പോൾ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഒരു സഹായ ധനമായിട്ടാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം പ്രധാനമായും ഉദ്ദേശിക്കുന്നത്. പലപ്പോഴും വലിയ സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടാകുന്നതിന് വിരമിക്കലുമായി ബന്ധമുണ്ടാകാനിടയില്ലല്ലോ... ഇത്തരം സന്ദർഭങ്ങളിൽ അതുവരെ സ്വരുക്കൂട്ടിയ തുകയുടെ ഒരു ഭാഗം പിൻവലിച്ചെടുത്ത് ഉപയോഗിക്കാമെന്നതാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പ്രത്യേകത. നേരെത്തെക്കൂട്ടി അറിയാതെ ജീവിതത്തിൽ സംഭവിക്കുന്ന അത്യാപത്ത് സമയങ്ങളിലും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം സഹായത്തിനെത്തും. ജോലി നഷ്ടപ്പെടുക, കൊവിഡ് മാതിരിയുള്ള അത്യപൂർവ്വ പ്രതിസന്ധി ഘട്ടങ്ങളിലും ഇപിഎഫ് ഉപകാരപ്രദമാകും.
ഭാഗിക പിൻവലിക്കൽ
അൻപത്തിയെട്ട് വയസ്സെത്തുമ്പോഴാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കാലാവധി എത്തി നിക്ഷേപം പിൻവലിക്കാൻ സാധിക്കുക. അതിന് മുൻപ് പ്രത്യേക സന്ദർഭങ്ങളിൽ നിക്ഷേപ ബാക്കി ഭാഗികമായി പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. എന്താവശ്യത്തിനായാലും അക്കൗണ്ട് തുടങ്ങി അഞ്ച് വർഷം പൂർത്തിയാകാതെ തുക പിൻവലിക്കാൻ സാധാരണ രീതിയിൽ സാധിക്കില്ല. ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ ബാക്കി നിൽക്കുന്ന തുകയുടെ 75 ശതമാനം വരെ പിൻവലിച്ചെടുക്കാം. ജോലി ഇല്ലാതെ രണ്ടു മാസം വരെ തുടരേണ്ടി വന്നാൽ ബാക്കി 25 ശതമാനം കൂടി എടുത്ത് ഉപയോഗിക്കാം. ഒരു ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ, ശമ്പളം ഇല്ലാതെ വരുന്ന ഇടവേളകളിൽ ഈ സൗകര്യം ഉപയോഗപ്പെടുത്താം.
ശമ്പളത്തിന് ജോലി ചെയ്ത് കൊണ്ടിരുന്നവർ സ്വയം തൊഴിൽ സംരംഭങ്ങളിലേക്ക് മാറുമ്പോഴും നിക്ഷേപം പിൻവലിച്ച് ഉപയോഗിക്കാം. 54 വയസ്സ് പൂർത്തിയാക്കിയവർക്ക് വിരമിക്കുന്നതിന്റെ ഒരു വർഷം മുൻപ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ സ്വരൂപിച്ച തുകയുടെ 90 ശതമാനം പിൻവലിക്കാൻ അർഹതയുണ്ട്. പുതുക്കി പണിയുന്നതുൾപ്പെടെയുളള ഭവന നിർമ്മാണ ആവശ്യങ്ങൾക്ക് പണം പിൻവലിക്കാൻ അംഗത്വം എടുത്ത് അഞ്ച് വർഷം പൂർത്തിയായാൽ മതി. അംഗത്വം എടുത്ത് ഏഴ് വർഷം പൂർത്തിയാക്കിയവർക്ക് കുട്ടികളുടെ വിവാഹം, പഠനം എന്നിവയ്ക്കും പണം പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്.
കുടുംബാംഗങ്ങളുടെയോ അംഗത്തിന്റെയോ ചികിത്സക്കായും പണം പിൻവലിച്ച് ഉപയോഗിക്കാം. ഓരോരോ ആവശ്യങ്ങൾക്ക് പിൻവലിക്കാൻ അർഹമായ തുക അടിസ്ഥാന ശമ്പളവും ക്ഷാമബത്ത ഉൾപ്പെടെ വാങ്ങുന്ന ശമ്പളത്തിന്റെയോ, അക്കൗണ്ടിൽ ജീവനക്കാരൻ അടച്ചിട്ടുള്ള തുകയും പലിശയും ഉൾപ്പെടെ ബാക്കി നിൽക്കുന്ന തുകയുടെ എത്ര ശതമാനമെന്നോ കണക്കാക്കി അതിലേതാണ് കുറവെന്ന് നോക്കിയാണ് തീരുമാനിക്കുക. ചികിത്സാ ആവശ്യങ്ങൾക്ക് അംഗത്വം എടുത്ത് എത്ര വർഷം തികയണമെന്ന നിബന്ധന ബാധകമല്ല. അംഗത്വം എടുത്ത് അഞ്ച് വർഷം തികയും മുൻപ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പിൻവലിക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കില്ല.
വിരമിക്കൽ ആനുകൂല്യം
അൻപത്തിയെട്ട് വയസ്സാണ് വിരമിക്കൽ പ്രായമായി കണക്കാക്കുക. 58 വയസ്സായ ശേഷം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുക ഉടനെ പിൻവലിച്ചെടുക്കണമെന്ന് നിർബന്ധമില്ല. വിരമിക്കുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്ത് മാസവരി അടക്കാതിരുന്നാലും മൂന്ന് വർഷം വരെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ പലിശ ലഭിക്കും.
നടപടികൾ ലളിതം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് പേപ്പർ ഒഴിവാക്കി ഡിജിറ്റൽ ആക്കിയിട്ടുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് നൽകുന്ന യൂഎഎൻ ആധാർ നമ്പർ, പെർമനൻറ്റ് അക്കൗണ്ട് നമ്പർ, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവയെല്ലാമായി ബന്ധപ്പെടുത്താം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസഷന്റെ പോർട്ടലിൽ എല്ലാ അംഗങ്ങൾക്കും യുഎഎൻ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരിശോധിക്കാനും സൗകര്യമുണ്ട്. പണം പിൻവലിക്കുന്നതിന് പോർട്ടലിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona