2015 ഏപ്രിൽ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന അവതരിപ്പിച്ചത്.
ദില്ലി: പ്രധാനമന്ത്രി മുദ്ര യോജന വഴി ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ. 28.68 കോടി വായ്പാ അപേക്ഷകളിലായാണ് തുക വിതരണം ചെയ്തത്. എൻബിഎഫ്സികൾ, മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ എന്നിവ വഴിയാണ് വായ്പകൾ വിതരണം ചെയ്തത്.
2015 ഏപ്രിൽ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന അവതരിപ്പിച്ചത്. കോർപറേറ്റ് ഇതര, കാർഷികേതര, സൂക്ഷ്മ -ചെറുകിട സംരംഭങ്ങളെ സാമ്പത്തികമായി സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആറ് വർഷം കൊണ്ട് രാജ്യത്തിന്റെ പുരോഗതിയിൽ മികച്ച പങ്ക് വഹിക്കാൻ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുടെയും ഉന്നമനമാണ് കേന്ദ്രസർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മുദ്ര ലോണിന്റെ ആറ് വർഷങ്ങൾ പിന്നിടുന്ന ഘട്ടത്തിലെ ഈ നേട്ടം കേന്ദ്രസർക്കാർ തങ്ങളുടെ അഭിമാനമായി കൂടിയാണ് കാണുന്നത്.