കച്ചവടമോ സേവനം നൽകലോ ഉത്പാദനമോ എന്ത് സംരംഭമോ ആകട്ടെ ഒരു സ്ഥാപനമില്ലെങ്കിൽ ഇടപാടുകാർക്കോ നിക്ഷേപകർക്കോ ബാങ്കുകൾക്കോ എന്തോ ഒരു കുറവ് തോന്നുക സ്വാഭാവികം മാത്രം. ബിസിനസ് വരില്ല, ആരും പണം മുടക്കുകയുമില്ല. പരമ്പരാഗത പാർട്ണർഷിപ്പുകൾ, പ്രൊപ്റൈറ്റർ അല്ലെങ്കിൽ വ്യക്തികൾ എന്നിങ്ങനനെ സംരംഭങ്ങൾ തുടങ്ങിയാൽ സംരംഭകനും സ്ഥാപനവും തമ്മിൽ വലിയ വ്യത്യാസമുണ്ടാകുന്നില്ല.
ഷമീർ ഒരു ഒറ്റയാൾ കമ്പനി തുടങ്ങുകയാണ്. പങ്കാളികൾ തെറ്റിപ്പിരിഞ്ഞ് സ്റ്റാർട്ട് അപ്പ് പൊളിഞ്ഞതോടെയാണ് ഷമീർ ഒറ്റയ്ക്ക് പണികളെടുക്കാൻ തുടങ്ങിയത്. നെറ്റ്‌വർക്ക് എഞ്ചിനീയർ എന്ന നിലയിൽ പെട്ടെന്ന് പേരുണ്ടാക്കാനുമായി. ചില ഗൾഫ് രാജ്യങ്ങൾ, ഒന്ന് രണ്ടു ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലായി പല കമ്പനികളാണ് ഷമീറിനെ വിളിക്കുന്നത്. നാട്ടിൽ തന്നെ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി ബിസിനസ് ഒന്ന് വിപുലപ്പെടുത്താനാണ് നിക്ഷേപകരേയും ബാങ്കുകളെയും സമീപിച്ചത്. എല്ലാവരും ചോദിക്കുന്ന ചോദ്യം കമ്പനിയുടെ പേരും ബന്ധപ്പെട്ട രേഖകളുമാണ്. പഴയ എൽഎൽപി അനുഭവം വീണ്ടും പങ്കാളികളെ കണ്ടെത്തുന്നതിൽ നിന്ന് ഷമീറിനെ പിന്നോട്ട് വലിക്കുകയാണ്. ഇതിനിടയിലാണ് ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ ധനമന്ത്രി ഒറ്റയാൾ കമ്പനിയെകുറിച്ച് പറഞ്ഞത് കേൾക്കാനിടയായി.
വ്യക്തി പോരാ സ്ഥാപനം വേണം
കച്ചവടമോ സേവനം നൽകലോ ഉത്പാദനമോ എന്ത് സംരംഭമോ ആകട്ടെ ഒരു സ്ഥാപനമില്ലെങ്കിൽ ഇടപാടുകാർക്കോ നിക്ഷേപകർക്കോ ബാങ്കുകൾക്കോ എന്തോ ഒരു കുറവ് തോന്നുക സ്വാഭാവികം മാത്രം. ബിസിനസ് വരില്ല, ആരും പണം മുടക്കുകയുമില്ല. പരമ്പരാഗത പാർട്ണർഷിപ്പുകൾ, പ്രൊപ്റൈറ്റർ അല്ലെങ്കിൽ വ്യക്തികൾ എന്നിങ്ങനനെ സംരംഭങ്ങൾ തുടങ്ങിയാൽ സംരംഭകനും സ്ഥാപനവും തമ്മിൽ വലിയ വ്യത്യാസമുണ്ടാകുന്നില്ല. മറിച്ചു കമ്പനിയായോ എൽഎൽപി ആയോ സ്ഥാപനം രജിസ്റ്റർ ചെയ്താൽ സംരഭകൻ എന്ന ആളിൽ നിന്ന് വേറിട്ട ഒരു നിലനിൽപ്പ് സ്ഥാപനത്തിന് ലഭിക്കും. സ്ഥാപനത്തിന്റെ ബാദ്ധ്യതകൾ സംരംഭകന്റെ സ്വത്തുക്കളെയും ആസ്തികളെയും ബാധിക്കില്ല. മാത്രമല്ല സ്ഥാപനം എന്ന രീതിയിൽ പരക്കെ അംഗീകാരവും സ്വീകാര്യതയും രജിസ്ട്രാർ ഓഫ് കമ്പനി അംഗീകാരം നൽകുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്, ഒൺപേഴ്സൺ കമ്പനി തുടങ്ങിയ വയ്ക്കുണ്ട്.
ഒറ്റയാൾ കമ്പനി പുതിയതല്ല
രാജ്യത്ത് വാണിജ്യ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പ്രയാസങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ഒരു പ്രധാന നടപടിയായാണ് 2013 മുതൽ ഒറ്റയാൾ കമ്പനികൾ നിയമമാക്കിയത്. മൂലധന മുടക്ക് 50 ലക്ഷമെന്നും വിറ്റുവരവ് 2 കോടിയെന്നുമൊക്കെയുള്ള പരിധികൾ നിശ്ചയിച്ചത് ഒറ്റയാൾ കമ്പനികൾ വ്യാപകമാകാൻ തടസ്സമായി. എൽഎൽപി ആയാലും പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയാലും ഒന്നിൽ കൂടുതൽ പാർട്ണർമാർ അല്ലെങ്കിൽ ഡയറക്ടർമാർ വേണ്ടിവരും. കേരളത്തിന്റെ ചുറ്റുപാടുകളിൽ പ്രത്യേകിച്ച് വിജയം കൊയ്യുന്നത് ചില വ്യക്തികളുടെ കഴിവും സാമർത്ഥ്യവും ആണെന്ന് ഇരിക്കെ മറ്റു വ്യക്തികളെ കൂടി ഉൾപ്പെടുത്തി കൊണ്ട് സ്ഥാപനം കൊണ്ട് പോകാൻ പ്രയാസമുണ്ട്. ഇതിന് ശരിയ്ക്കും ഒരു പരിഹാരമാണ് ഒറ്റയാൾ കമ്പനി.
പുതിയ നിർദേശങ്ങൾ
സ്വന്തം നിലയിൽ ഉടമസ്ഥനെന്നോ പ്രൊമോട്ടറെന്നോ രീതിയിൽ ഒരാൾക്ക് മാത്രമായി ഒറ്റയാൾ കമ്പനി തുടങ്ങാം. ഈ വർഷത്തെ ബജറ്റിൽ വന്ന പ്രഖ്യാപനം അനുസരിച്ച് പ്രധാനമായും രണ്ടു പരിഷ്കാരങ്ങളാണ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുക. ഒറ്റയാൾ കമ്പനി തുടങ്ങുമ്പോൾ ഓഹരി മൂലധന മുടക്ക് 50 ലക്ഷം എന്ന് തൊട്ടുമുൻപുള്ള മൂന്ന് വർഷങ്ങളിലെ ശരാശരി വിറ്റുവരവ് രണ്ട് കോടിയെന്നുമുള്ള പരിധി എടുത്തുകളഞ്ഞിരിക്കുന്നു. പരിധിക്ക് മേലെ ബിസിനസ് വളർന്നാൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറണമെന്നുള്ള ഭീഷണി ഒഴിവായിരിക്കുന്നു. രണ്ടാമത്തെ പ്രധാന വ്യത്യാസം രാജ്യത്തിന് പുറത്തു ഇടപാടുകളുള്ള ഷമീറിനെ പോലുള്ള സംരംഭകരെ സംബന്ധിച്ചാണ്. നിലവിലുള്ള നിയമമനുസരിച്ച് ഒറ്റയാൾ കമ്പനി തുടങ്ങുന്നയാൾ ഇന്ത്യൻ പൗരൻ ആയിരിക്കണമെന്നു മാത്രമല്ല 182 ദിവസം കുറയാതെ ഇന്ത്യയിൽ താമസിച്ചിരിക്കണം എന്ന നിയമം ഉണ്ടായിരുന്നു. ഇത് 120 ദിവസങ്ങളായി കുറച്ചു കൊണ്ട് ബജറ്റ് പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. അപ്പോൾ പ്രവാസികളായിട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിൽ ഒറ്റയാൾ കമ്പനി തുടങ്ങാനുള്ള അവസരം തുറക്കുകയാണ്.
ചില പരിധികളുമുണ്ട്
ഒറ്റയാൾ കമ്പനി തുടങ്ങി ബാങ്കിതര സാമ്പത്തിക ഇടപാടുകൾ നടത്താനാകില്ല. മാത്രമല്ല ഒരാൾക്ക് ഒരു ഒറ്റയാൾ കമ്പനി മാത്രമേ പ്രൊമോട്ടർ ആയി തുടങ്ങാൻ അനുവാദമുള്ളൂ.
-സി എസ് രഞ്ജിത്, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ് ലേഖകൻ-