ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതോടെ വിവിധ വായ്പകളുടെ ഭാരം കൂടുകയാണ്. ഭവന വായ്പയുടെ ഇഎംഐ ഉയരുന്നത് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ടോ? എങ്ങനെ ഇഎംഐ കുറയ്ക്കാനാകും എന്നറിയാം
കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്കിടെ അഞ്ച് തവണയാണ് ബാങ്ക് വായ്പകളെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന നടപ്പാക്കിയത്. ഡിസംബര്‍ 7-ന് സമാപിച്ച ദ്വൈമാസ പണനയ യോഗത്തിലും റിപ്പോ നിരക്കില്‍ 35 അടിസ്ഥാന പോയിന്റ് വര്‍ധന പ്രഖ്യാപിച്ചിരുന്നു. ഇതോടെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിന്നുള്ള ആദായം ആകര്‍ഷകമാകുന്നുവങ്കിലും ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നവരുടെ നടുവൊടിയുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.
മേയ് മാസത്തിനു ശേഷം ആർബിഐ, റിപ്പോ നിരക്കില്‍ 225 അടിസ്ഥാന പോയിന്റ് (2.25 %) വര്‍ധന വരുത്തിയിട്ടുണ്ട്. ഇതു ഫ്‌ലോട്ടിങ് നിരക്കില്‍ ഭവന വായ്പ എടുത്തവരുടെ പലിശ ഭാരവും വര്‍ധിപ്പിക്കുകയും പ്രതിമാസ തിരിച്ചടവ് (ഇഎംഐ) ഉയര്‍ത്തുകയും ചെയ്യുന്നു. അതുപോലെ ഫിക്‌സഡ്/ ഫ്‌ലോട്ടിങ് പലിശ നിരക്കില്‍ പുതിയതായി ഭവന വായ്പ എടുക്കുന്നവര്‍ക്കും മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്ന ഇഎംഐ അടയ്‌ക്കേണ്ടതായി വരുന്നു.
undefined
അതേസമയം പലിശ വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങളില്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍, ഇഎംഇ ഉയര്‍ത്തുന്നതിനു പകരം തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അവസരം ഉപയോക്താക്കള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായുള്ള പലിശ നിരക്കിലെ വര്‍ധനയെ തുടര്‍ന്ന് മിക്കവരും വായ്പയുടെ കാലാവധി നീട്ടുകയും ചെയ്തിട്ടുണ്ടാകും. ഇത്തരത്തിലുള്ളവര്‍ ഇഎംഐ തുക ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നു. ഇതു കുടുംബ ബജറ്റിനേയും പ്രതികൂലമായി ബാധിക്കാം. ഈയൊരു പശ്ചാത്തലത്തില്‍ ഇഎംഐ ബാധ്യത കുറയ്ക്കാനുള്ള മാര്‍ഗമാണ് ചുവടെ വിശദീകരിക്കുന്നത്.
എങ്ങനെ ഇഎംഐ ബാധ്യത ലഘൂകരിക്കാം
നിലവിലെ ഭവന വായ്പയുടെ പലിശയേക്കാള്‍ താഴ്ന്ന നിരക്കില്‍ ആദായം നല്‍കുന്ന ഏതെങ്കിലും നിക്ഷേപ/ സമ്പാദ്യ പദ്ധതികളുണ്ടെങ്കില്‍, അവ പിന്‍വലിച്ച ശേഷം ഭവന വായ്പയുടെ മുതലിലേക്ക് തിരിച്ചടയ്ക്കാന്‍ വിനിയോഗിക്കുക. ഇത്തരത്തില്‍ വായ്പ ഭാഗികമായി നേരത്തെ തിരിച്ചടയ്ക്കുന്നത് ഇഎംഐ ബാധ്യത കുറയാന്‍ സഹായിക്കും.
വായ്പയില്‍ ബാക്കിയുളള തുകയുടെ 5% വീതം വര്‍ഷവും നേരത്തെ തിരിച്ചടയ്ക്കാന്‍ സാധിക്കുമെങ്കില്‍ 20 വര്‍ഷ കാലാവധിയിലേക്ക് എടുത്ത വായ്പ 12 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതുപോലെ വര്‍ഷവും ഒരു ഇഎംഐ വീതം അധികമായി തിരിച്ചടച്ചാല്‍ ഇതേ ലോണ്‍ 17 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം. സമാനമായി ഇഎംഐയുടെ വിഹിതം പ്രതിവര്‍ഷം 5% വര്‍ധിപ്പിച്ചാല്‍ ലോണ്‍ 13 വര്‍ഷത്തിനകം പൂര്‍ണമായും തിരിച്ചടയ്ക്കാന്‍ സാധിക്കും.
ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ ആദ്യം തീര്‍ക്കുക
ഭവന വായ്പ കൂടാതെ ഭാരിച്ച ബാധ്യതയുള്ള വ്യക്തിഗത ലോണുകളോ ഇരുചക്ര വാഹന വായ്പകളോ എടുത്തിട്ടുള്ളവരാണെങ്കില്‍ ഉയര്‍ന്ന പലിശ കൊടുക്കേണ്ടുന്ന വായ്പകള്‍ ആദ്യം തീര്‍ക്കാനാണ് നോക്കേണ്ടത്. ഇതിലൂടെ പലിശ ഭാരം കുറയ്ക്കാനും കുടുംബ ബജറ്റിനെ ഞെരുക്കുന്ന മൊത്തം ഇഎംഐ ബാധ്യത ലഘൂകരിക്കാനും സാധിക്കും.
ഹോം ലോൺ തലവേദനയാണോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ