നിങ്ങൾ അൽപ്പം ബുദ്ധി ഉപയോ​ഗിച്ചാൽ ആരോഗ്യ പോളിസി ലാപ്സാകാതെ കുടുംബത്തെ സുരക്ഷിതമാക്കാം

By C S Renjit  |  First Published Jun 29, 2020, 6:37 PM IST

 പ്രിമീയം തുകയ്ക്ക് പലിശ ഈടാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അനുവദിയ്ക്കുന്നില്ല. എന്നാല്‍, തവണകളായി പ്രിമീയം വാങ്ങുന്നതിന് വരുന്ന അധിക ചെലവ് കമ്പനികള്‍ ഈടാക്കും.
 


മാത്യു ജോര്‍ജ്ജ് പണിയെടുത്തിരുന്ന പ്രോജക്ട് ലോക്ക്ഡൗൺ വന്നതോടെ കമ്പനി നിര്‍ത്തലാക്കി. ജോലി നഷ്ടപ്പെടാതെ മറ്റൊരു ഡിവിഷനിലേയ്ക്ക് മാറ്റം കിട്ടിയെങ്കിലും ശമ്പളം മൂന്നിലൊന്ന് കുറഞ്ഞു. ഇതിനിടയിലാണ് ഭാര്യയുടെയും കുഞ്ഞിന്റേയും ഒപ്പം അച്ഛനമ്മമാരുടെ പേര് കൂടിയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ സമയമായത്. പോളിസി ലാപ്‌സായാല്‍ പ്രായമായ അച്ഛനും അമ്മയ്ക്കും പുതിയ പോളിസി പ്രതീക്ഷിക്കയ്ക്കണ്ട. തനിക്കും കുടുംബത്തിനും പണമുള്ളപ്പോള്‍ വെറൊരു പോളിസി എടുക്കാമെന്ന് വച്ചാല്‍ നാലഞ്ച് വര്‍ഷമായി തുടരുന്ന പോളിസിയുടെ ആനുകൂല്യം നഷ്ടപ്പെടുകയും ചെയ്യും. 

ഇന്‍ഷുറന്‍സ് കമ്പനിയില്‍ വിളിച്ച് വെറുതെ അന്വേഷിച്ചതാണ്. അടുത്ത ഒരു കൊല്ലത്തേയ്ക്ക് മാസതവണകളായി പ്രമീയം അടച്ച് കൊണ്ട് പോളിസി തുടരാമെന്ന് വിവരം കിട്ടി. ഒറ്റയടിയ്ക്ക് 72,000 രൂപ അടയ്ക്കുന്നതിന് പകരം മാസംതോറും 6,000 രൂപ താങ്ങാവുന്നതാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രിമീയം തവണകളായി അടയ്ക്കാന്‍ അനുവദിച്ചത് കൊവിഡ് കാലത്ത് നടപ്പാക്കിയ സൗജന്യങ്ങളിലൊന്നാണ്. മാര്‍ച്ച് 2021 വരെ പുതുക്കേണ്ടുന്ന പോളിസികള്‍ക്കാണ് ഈ ആനുകൂല്യം.

Latest Videos

undefined

സാധാരണ നിലയില്‍ മെഡിക്കല്‍ പോളിസികളുടെ  കാലാവധി ഒരു വര്‍ഷമാണ്. ഒരു വര്‍ഷത്തെ പ്രിമീയം തുക ഒരുമിച്ച് അടയ്ക്കണം. കാലാവധി എത്തുന്ന തീയതിയ്ക്ക്  മുമ്പ് പ്രിമീയം അടച്ച് പോളിസി പുതുക്കണം. കാലാവധി എത്തി 15 മുതല്‍ 30 ദിവസം വരെ ഗ്രേസ് പിരീഡ് അനുവദിക്കുന്നുണ്ട്. ഓരോ കമ്പനികളിലും വ്യത്യസ്ത രീതികളിലാണ് ഗ്രേസ് പിരീഡ്.

ലാപ്സാകാതെ നോക്കണം 

ഗ്രേസ് പിരീഡ് സമയത്ത് ക്ലെയിം ഉണ്ടായാല്‍ അനുവദിക്കുന്നതല്ല. പിന്നെന്തിനാണ് ഗ്രേസ് പിരീഡ് അനുവദിക്കുന്നതെന്ന സംശയം സ്വാഭാവികം. ഗ്രേസ് പിരീഡിനുള്ളില്‍ പ്രിമീയം അടയ്ക്കാതിരുന്നാല്‍ പോളിസി ലാപ്‌സാകും. വീണ്ടും പരിരക്ഷ വേണമെങ്കില്‍ പുതിയ പോളിസി എടുക്കണം. പല അസുഖങ്ങള്‍ക്കും പുതിയ പോളിസികളില്‍ ഉടന്‍ പരിരക്ഷ ലഭിക്കുന്നില്ല. ഒന്നും രണ്ടും കൊല്ലം പോളിസികള്‍ ലാപ്‌സാകാതെ തുടര്‍ച്ചയായി പുതുക്കിക്കൊണ്ടിരുന്നാല്‍ മാത്രമേ പല അസുഖങ്ങള്‍ക്കും ക്ലെയിം ലഭിക്കുകയുള്ളൂ. ഇത്തരം ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോളിസി തുടരാന്‍ ഗ്രേസ് പിരീഡ് സഹായിക്കും.

പ്രിമീയം തവണകളായി അടയ്ക്കുമ്പോള്‍ ഗ്രേസ് പിരീഡ് അനുവദിക്കുമോ എന്നുളളത് ഓരോ കമ്പനിയുടേയും നിബന്ധനകള്‍ക്ക് അനുസരിച്ചിരിക്കും. മാസംതോറുമോ മൂന്ന് മാസം കൂടുമ്പോഴോ അര്‍ദ്ധ വാര്‍ഷികമായോ തവണകള്‍ അനുവദിക്കും. ഓരോ ഇടവേളകള്‍ക്കും ഗ്രേസ് പിരീഡ് വ്യത്യസ്തമാകുകയും ചെയ്യാം. തവണ തുക കൃത്യ തീയതിയ്ക്ക് അടയ്ക്കാതിരുന്നാല്‍ ക്ലെയിം നഷ്ടപ്പെടും.

ഐആർഡിഎ പറയുന്നത്

ഒറ്റത്തവണയായി വാര്‍ഷിക പ്രിമീയം അടയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക മാസ തവണകളായി അടയ്ക്കുമ്പോള്‍ ഒരു വര്‍ഷത്തേയ്ക്ക് വരുമെന്നതും സ്വാഭാവികം. പ്രിമീയം തുകയ്ക്ക് പലിശ ഈടാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അനുവദിയ്ക്കുന്നില്ല. എന്നാല്‍, തവണകളായി പ്രിമീയം വാങ്ങുന്നതിന് വരുന്ന അധിക ചെലവ് കമ്പനികള്‍ ഈടാക്കും.

കൃത്യമായി തവണ പ്രിമീയം അടച്ച് കൊണ്ടിരിക്കെ ആറാം മാസത്തില്‍ ഒരു ക്ലെയിം വന്നാല്‍ ആ വര്‍ഷം അടയ്ക്കാന്‍ ബാക്കി നില്‍ക്കുന്ന പ്രിമീയം തവണയായി തന്നെ അടച്ചുകൊണ്ടിരുന്നാല്‍ മതിയോ എന്ന സംശയവും ഉണ്ടാകാം. പോരാ എന്നാണ് ഐ.ആര്‍.ഡി.എ.ഐ പറയുന്നത്. ക്ലെയിം വന്ന് കഴിഞ്ഞാല്‍ ആ വര്‍ഷത്തേയ്ക്ക് ബാക്കി അടയ്ക്കാന്‍ നില്‍ക്കുന്ന പ്രിമീയം അപ്പോള്‍ തന്നെ തിരിച്ചടയ്‌ക്കേണ്ടി വരും. ഇല്ലെങ്കില്‍ ക്ലെയിം തുകയില്‍ നിന്ന് ബാക്കി നില്‍ക്കുന്ന പ്രിമീയം തുക കമ്പനി കിഴിവ് ചെയ്‌തെടുക്കും.

- സി എസ് രഞ്ജിത് (ലേഖകൻ, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ്)
 

click me!