സ്റ്റാൻഡ് അപ് ഇന്ത്യ വായ്പകൾ പത്ത് ലക്ഷത്തിന് മുകളിൽ ആയതിനാൽ അവയ്ക്ക് അധിക ഈടും മൂന്നാംകക്ഷി ആൾജാമ്യവും ബാങ്കുകൾക്ക് ചോദിക്കാവുന്നതാണ്.
കൊവിഡ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വായ്പ ലഭ്യത ഉയർത്താനുളള നടപടിക്രമങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളെ ലക്ഷ്യമിട്ട് നിരവധി വായ്പ പദ്ധതികളാണ് രാജ്യത്തെ ബാങ്കുകൾ നൽകിവരുന്നത്. സംരംഭകരെ ലക്ഷ്യമിട്ടുളള നാല് വായ്പ പദ്ധതികളെ ഇന്ന് പരിചയപ്പെടാം.
എ. മുദ്ര വായ്പകൾ
undefined
കാർഷികവൃത്തി കഴിഞ്ഞാൽ ഏറ്റവും അധികം തൊഴിൽ പ്രദാനം ചെയ്യുന്ന മേഖലയാണ് സൂക്ഷ്മ വ്യവസായങ്ങൾ. ഇവ മിക്കവാറും വ്യക്തിഗത ഉടമസ്ഥതയിൽ ആയിരിക്കും. തീരെ ചെറിയ ഉല്പാദന സംരംഭങ്ങൾ, പീടികകൾ, പച്ചക്കറി -പഴവർഗ്ഗ വ്യാപാരികൾ, ടാക്സി -ട്രക്ക് ഉടമസ്ഥർ, ഭക്ഷണശാലകൾ, വർക് ഷോപ്പുകൾ, കരകൗശലവേലക്കാർ, വഴിവാണിഭക്കാർ തുടങ്ങി സാമ്പത്തികമായി താഴെ തട്ടിലുള്ള എല്ലാവരിലേയ്ക്കും വ്യവസ്ഥാപിതമായ ധനകാര്യസ്ഥാപനങ്ങളുടെ കരങ്ങൾ നീണ്ടെത്തുന്നില്ല എന്ന തിരിച്ചറിവിലാണ് മുദ്ര വായ്പകൾക്ക് രൂപം നൽകിയത്. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക്, കമ്പനികൾ ഒഴികെ, വ്യവസായികവൃത്തിയ്ക്കോ, കാർഷിക-അനുബന്ധവൃത്തിയ്ക്കോ പത്ത് ലക്ഷം വരെ വായ്പ നൽകാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള (പുതുതലമുറ ബാങ്കുകൾ അടക്കം) വാണിജ്യബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, ഈയിടെ തുടങ്ങിയ ചെറുവായ്പ ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, ബാങ്കിങ്-ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം മുദ്ര വായ്പകൾ നൽകുന്നു. ആവശ്യക്കാർക്ക് www.udyamimitra.in എന്ന വെബ്സൈറ്റിലൂടെയും അപേക്ഷിക്കാവുന്നതാണ്. പത്ത് ലക്ഷം രൂപ വരെയുള്ള വ്യവസായ വായ്പകൾക്ക് അധിക ഈടോ മൂന്നാംക്ഷി ആൾജാമ്യമോ സ്വീകരിക്കാൻ പാടില്ല. അതിനാൽ തന്നെ മുദ്ര വായ്പകൾക്ക് അവ ആവശ്യമില്ല. സിജിടിഎംഎസ്ഇയ്ക്ക് പകരം സിജിഎഫ്എംയു എന്ന ഗ്യാരന്റി കവറാണ് മുദ്ര വായ്പകൾക്ക് ഉള്ളത്. ഗ്യാരന്റി ഫീസ് വായ്പക്കാരന്റെ ചെലവിലാണ് നൽകേണ്ടത്.
ബി. സ്റ്റാൻഡ് അപ് ഇന്ത്യ വായ്പകൾ
വനിതകൾക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കും പുതിയതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് പത്ത് ലക്ഷം മുതൽ ഒരു കോടി വരെ വായ്പ നൽകാനുള്ള പദ്ധതിയാണ് സ്റ്റാൻഡ് അപ് ഇന്ത്യ. സംരംഭകന്റെ ആദ്യ സംരംഭം ആവണം. വ്യക്തിഗതമല്ലാതെ, പാർട്ണർഷിപ് ആയോ, കമ്പനി ആയോ രൂപീകരിക്കുന്ന സ്ഥാപനങ്ങളിൽ 51 ശതമാനമോ അതിലധികമോ ഓഹരി വനിതകൾക്കോ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കോ ആണെങ്കിൽ ആ സ്ഥാപനവും സ്റ്റാൻഡ് അപ് ഇന്ത്യ വായ്പയ്ക്ക് അർഹമാണ്. പതിനെട്ട് വയസ്സുള്ള, ഒരു ബാങ്കിനോ ധനകാര്യസ്ഥാപനത്തിനോ വീഴ്ചകളൊന്നും വരുത്താത്തവർ ആവണം അപേക്ഷക. കാലാവധി വായ്പയും പ്രവർത്തന മൂലധന വായ്പയും ഒന്നിച്ച് ചേർത്ത് ഒരു സംയുക്തവായ്പ ആണ് അനുവദിക്കുന്നത്. മൊത്തം മുടക്ക് മുതലിന്റെ 75% വരെയാണ് വായ്പ. 25% മാർജിൻ ആയി കൈമുതൽ വേണം. എന്നാൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്ന് മൂലധന സബ്‌സിഡി കിട്ടുന്നുണ്ടെങ്കിൽ അത് മാർജിന്റെ ഭാഗമായി എടുക്കാമെങ്കിലും ചുരുങ്ങിയത് 10% എങ്കിലും സംരംഭക തന്നെ ഇറക്കണം. അതായത്, ഒരു കോടി രൂപ മുതൽ മുടക്കുള്ള സംരംഭത്തിന് 25 ലക്ഷം രൂപ സർക്കാർ സബ്‌സിഡി ലഭിക്കുന്നുണ്ടെങ്കിൽ, സംരംഭക മാർജിൻ ആയി 10 ലക്ഷം രൂപ കൊണ്ടുവരണം. ഇവിടെ വായ്പയായി ബാക്കി 65 ലക്ഷമേ ലഭിക്കൂ. അപേക്ഷകൾ https://standupmitra.in എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കാം. അല്ലെങ്കിൽ ബാങ്ക് ബ്രാഞ്ചിലോ ലീഡ് ഡിസ്ട്രിക്ട് മാനേജർക്കോ നൽകാവുന്നതാണ്. സിഡ്ബിയുടെ 79 കേന്ദ്രങ്ങൾ മുഖേനയും നബാർഡിന്റെ 503 കേന്ദ്രങ്ങൾ മുഖേനയും സംരംഭങ്ങൾ നടത്തുന്നത് സംബന്ധിച്ച് വിശദമായ പരിശീലനം നൽകും.
സ്റ്റാൻഡ് അപ് ഇന്ത്യ വായ്പകൾ പത്ത് ലക്ഷത്തിന് മുകളിൽ ആയതിനാൽ അവയ്ക്ക് അധിക ഈടും മൂന്നാംകക്ഷി ആൾജാമ്യവും ബാങ്കുകൾക്ക് ചോദിക്കാവുന്നതാണ്. ഇവ നല്കാൻ കഴിവില്ലാത്തവർക്ക് സിജിഎഫ്എസ്ഐഎൽ (സിജിടിഎംഎസ്ഇയ്ക്ക് പകരം) ഗ്യാരന്റി എടുക്കാം. പക്ഷേ, മുൻപറഞ്ഞ ഗ്യാരന്റികളെപ്പോലെ ഗ്യാരന്റി ഫീസ് വായ്പക്കാരി(രൻ) വഹിയ്ക്കണം. ആ ചെലവ് ലാഭിക്കണമെങ്കിൽ അധിക ഈട് നൽകിയാൽ മതി.
സി. പിഎംഇജിപി വായ്പ
ഗ്രാമീണ മേഖലയിൽ നിന്ന് നഗരമേഖലയിലേക്കുള്ള കുടിയേറ്റം തടയുക എന്ന ഉദ്ദേശത്തോടെ, പ്രവർത്തി പരിചയമുള്ള കരകൗശലക്കാർക്കും മറ്റ് യുവജനങ്ങൾക്കും ഗ്രാമീണ മേഖലയിൽ തൊഴിൽ പ്രദായനികളായ സംരംഭങ്ങൾ വളർത്തിയെടുക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം അഥവാ പിഎംഇജിപി. എന്നാൽ നഗരമേഖലയിലും പദ്ധതിപ്രകാരമുള്ള സംരംഭങ്ങൾ ആരംഭിക്കാവുന്നതാണ്. പദ്ധതിസ്ഥലവില ഒഴികെയുള്ള സംരംഭച്ചെലവ് ഉല്പാദന മേഖലയിൽ 25 ലക്ഷം രൂപയുടെയും സേവന മേഖലയിൽ 10 ലക്ഷം രൂപയുടെയും ഉള്ളിലായിരിക്കണം. പട്ടികജാതി / വർഗ്ഗങ്ങളിൽ വരുന്നവർക്കും, സ്ത്രീകൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഗ്രാമീണമേഖലയിൽ പദ്ധതിച്ചെലവിന്റെ 35% സബ്‌സിഡി ലഭിക്കും. നഗരമേഖലയിൽ ഇവർക്ക് സബ്‌സിഡി 25% ആണ്. പൊതുവിഭാഗങ്ങൾക്ക് ഇത് യഥാക്രമം 25 ഉം 15 ഉം ശതമാനമാണ്. പൊതുവിഭാഗത്തിൽ ഉള്ളവർ 10 ശതമാനവും മുൻഗണനാവിഭാഗങ്ങൾ 5 ശതമാനവും കൈമുതൽ ഇറക്കണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സഹകരണസ്ഥാപനങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും പദ്ധതി പ്രകാരം വായ്പ ലഭിക്കാൻ അർഹതയുണ്ട്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള (പുതുതലമുറ ബാങ്കുകൾ അടക്കം) വാണിജ്യബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയെല്ലാം പിഎംഇജിപി വായ്പകൾ നൽകുന്നു. സബ്‌സിഡി അനുവദിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമേ അത് വിനിയോഗിക്കാനാവൂ. ഇക്കാലഘട്ടത്തിനിടയിൽ, പ്രവർത്തന മൂലധന വായ്പ ഒരു തവണയെങ്കിലും സ്വാഭാവിക പ്രക്രിയയിലൂടെ മുഴുവൻ വിനിയോഗത്തിൽ എത്തുകയും ഒരിക്കലും 75 ശതമാനത്തിൽ താഴാതിരിക്കുകയും വേണം. ഖാദി ഗ്രാമ വ്യവസായ കമ്മീഷനിലോ ഖാദി ഗ്രാമ വ്യവസായ ബോർഡിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ അപേക്ഷ നൽകാം. അഞ്ച് ലക്ഷം വരെ സംരംഭച്ചെലവ് വരുന്നവർക്ക് 6 ദിവസത്തെയും അതിന് മുകളിൽ സംരംഭച്ചെലവ് ഉള്ളവർക്ക് 10 ദിവസത്തെയും സംരംഭക വികാസ പരിശീലനം നൽകും. ഇത് നിർബന്ധമാണ്. മുപ്പതോളം വിവിധ തരം പ്രോജക്ടുകളുടെ മാതൃക കെവിഐസി വെബ്‌സൈറ്റ് https://kviconline.gov.in -ൽ ലഭ്യമാണ്. അധിക ഈടോ മൂന്നാംകക്ഷി ജാമ്യമോ വേണ്ടാത്ത പിഎംഇജിപി പദ്ധതി വായ്പകൾക്ക് സിജിറ്റിഎംഎസ്ഇ ഗ്യാരന്റി ലഭ്യമാണ്. ആദ്യം പറഞ്ഞത് പോലെ, ഗ്രാമങ്ങളിൽ പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുവാനുള്ള പദ്ധതിയായതിനാൽ പുതിയ സംരംഭങ്ങൾ മാത്രമേ പിഎംഇജിപിയുടെയും പരിധിയിൽ വരുന്നുള്ളൂ.
ഡി. 59 മിനുട്ട് വായ്പ
കോണ്ടാക്റ്റ്‌ലെസ്സ് വായ്പ താരതമ്യേന പുതിയൊരു ആശയമാണ് ഇന്ത്യയിൽ; വിശിഷ്യാ ബാങ്കുകളിൽ. എന്നാൽ വിദേശരാജ്യങ്ങളിൽ ഈ സംവിധാനം വളരെ പ്രചാരത്തിൽ ഉള്ളതാണ്. ഫിൻടെക് കമ്പനികൾ എന്നറിയപ്പെടുന്ന, സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി സാമ്പത്തിക വ്യാപാരം നടത്തുന്ന (പൊതുവിൽ പുതു തലമുറ) കമ്പനികളെയാണ് ഫിൻടെക് എന്ന് പറയുന്നത്. ഫിൻടെക് സാങ്കേതിക വിദ്യ, ഇന്ത്യയിലെ പൊതുമേഖലാബാങ്കുകളെ ഉപയോഗപ്പെടുത്തി ഒരുമിച്ചൊരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുവാൻ വേണ്ടി ഭാരത സർക്കാർ സിഡ്ബി മുഖേന നടപ്പിലാക്കിയ ഉദ്യമമാണ് '59 മിനുട്ട് വായ്പ' പദ്ധതി. പൊതുമേഖലാബാങ്കുകളിൽ നിന്നാണ് വായ്പ ലഭിക്കുക. എംഎസ്എംഇ സ്ഥാപനങ്ങൾക്ക് ആവശ്യമായ വായ്പകളുടെ സാങ്ക്ഷൻ നടപടിക്രമങ്ങൾ സുതാര്യമായി നിമിഷവേഗത്തിൽ നടത്താൻ കഴിയുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. അപേക്ഷിച്ച് കഴിഞ്ഞ് 59 മിനിറ്റുകൾക്കുള്ളിൽ തത്വത്തിൽ-സാങ്ക്ഷൻ ലഭിക്കുന്നു. അപേക്ഷകന് ബാങ്ക് തിരഞ്ഞെടുക്കാം. ഒരു ലക്ഷം മുതൽ അഞ്ച് കോടി വരെയുള്ള വായ്പകൾ ഈ സംവിധാനം മുഖേന താമസംവിനാ ലഭിക്കുന്നു. സിജിടിഎംഎസ്ഇ, സിബിൽ തുടങ്ങിയവയുമായി എല്ലാം ബന്ധപ്പെടുത്തിയ സാങ്കേതിക സംവിധാനം ആയതിനാൽ അത്തരം കാര്യങ്ങളെല്ലാം ഓട്ടോമാറ്റിക് ആയി നടക്കുന്നു. വ്യക്തിഗത വായ്പകളും ഭവന വായ്പകളും ഇതിലൂടെ ലഭ്യമാണ്. https://www.psbloansin59minutes.com/business-loan എന്നതാണ് വെബ്‌സൈറ്റ് വിലാസം.
- പി ഡി ശങ്കരനാരായണൻ (ലേഖകൻ പ്രമുഖ പൊതുമേഖലാ ബാങ്കിലെ അസിസ്റ്റന്റ് ജനറൽ മാനേജറാണ്.)