കൊറോണ‌ക്കെതിരെ കരുതലായി 'കവചും രക്ഷകും': പോളിസി എങ്ങനെ വാങ്ങാം; സുരക്ഷ ആർക്കൊക്കെ ലഭിക്കും

By C S Renjit  |  First Published Aug 8, 2020, 8:44 PM IST

ജൂലൈ മാസം പകുതിയോടെയാണ് കൊവിഡ് കവച് ഇന്‍ഷുറന്‍സ് പോളിസികള്‍ നിലവില്‍ വന്നത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ മാതൃകാ പോളിസി പിന്‍തുടര്‍ന്ന് മുപ്പതോളം ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊവിഡ് കവച് പുറത്തിറക്കിയിട്ടുണ്ട്. 


പൂനെയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നിബിന്‍ ജോര്‍ജ്ജ് കൊറോണ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ 14 ദിവസം കിടന്ന ശേഷമാണ് രോഗമുക്തി നേടിയത്. മൂന്ന് ലക്ഷം രൂപയുടെ ആശുപത്രി ബില്ല് കമ്പനിയുടെ ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ ക്ലെയിമിനായി നല്‍കിയപ്പോള്‍ അനുവദിച്ച് കിട്ടിയത് ഒന്നരലക്ഷം രൂപാ മാത്രം. തീവ്രപരിചണത്തിന് നല്‍കിയ തുകയുടെ ഒരു ഭാഗം തിരികെ കിട്ടിയെങ്കിലും പി.പി.ഇ കിറ്റ് തുടങ്ങി ബില്ലിലുണ്ടായിരുന്ന മരുന്നുകളുടേതല്ലാത്ത  തുകകളെല്ലാം വെട്ടിനിരത്തിയാണ് ഒന്നരലക്ഷം രൂപയില്‍ ഇന്‍ഷുറന്‍സ് കമ്പനി എത്തിയത്. 

ഇപ്പോള്‍ തന്നെ മറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുള്ളവര്‍ക്ക് കൊറോണ ബാധിച്ച് ആശുപത്രിയില്‍ കിടക്കേണ്ടി വന്നാല്‍ ക്ലെയിം കിട്ടും. പക്ഷേ, ബില്ലില്‍ ആശുപത്രിക്കാര്‍ ഉള്‍പ്പെടുത്തുന്ന പിപിഇ കിറ്റ് തുടങ്ങി ഒട്ടനവധി മരുന്നുകളല്ലാത്ത ഐറ്റങ്ങളൊക്കെ സ്വന്തം ചെലവില്‍ വഹിക്കണം. മാത്രമല്ല, മുറിവാടക, തീവ്രപരിചരണ ചെലവ് തുടങ്ങിയവയ്ക്ക് ഉപപരിധി പോളിസികളില്‍ തന്നെ പറഞ്ഞിട്ടുണ്ടാകും. അതിനു മുകളില്‍ ചെലവായ തുക സ്വന്തം പോക്കറ്റില്‍ നിന്ന് പോകും. ചില കമ്പനികള്‍ അനുവദിച്ച ഇനങ്ങളില്‍ പോലും ആനുപാതികമായി ക്ലെയിം വെട്ടിനിരത്തുകയും ചെയ്യും.

Latest Videos

undefined

പ്രായപരിധി എങ്ങനെ? 

ഇതിനൊരു പരിഹാരമാണ് ജൂലൈ മാസം പകുതിയോടെ നിലവില്‍ വന്ന കൊവിഡ് കവച് ഇന്‍ഷുറന്‍സ് പോളിസികള്‍. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ മാതൃകാ പോളിസി പിന്‍തുടര്‍ന്ന് മുപ്പതോളം ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊവിഡ് കവച് പുറത്തിറക്കിയിട്ടുണ്ട്. 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവര്‍ക്ക് 50,000 രൂപാ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സംരക്ഷണ പരിധിയുള്ള കൊറോണ കവച് പോളിസി എടുക്കാം. പോളിസി എടുക്കും മുമ്പ് ആരോഗ്യ പരിശോധന ഒന്നും ആവശ്യമില്ലെങ്കിലും എടുത്ത് 15 ദിവസത്തിനുശേഷം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് മാത്രമേ ക്ലെയിം കിട്ടൂ. കൊവിഡ് രോഗവും അതോടൊപ്പം ഉണ്ടാകുന്ന മറ്റ് സങ്കീര്‍ണ്ണതകളും ചികിത്സിച്ച് ഭേദമാക്കുന്നതിന് വേണ്ടി വരുന്ന എല്ലാ ചെലവുകള്‍ക്കും ക്ലെയിം കിട്ടും. മരുന്നുകള്‍ കൂടാതെ സുരക്ഷാ കിറ്റുകള്‍, മാസ്‌കുകള്‍ എന്നിങ്ങനെ സാധാരണ പോളിസികളില്‍ ഒഴിവാക്കപ്പെട്ടിട്ടുള്ള ചെലവിനങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരിരക്ഷ തുകയുടെ 0.5 ശതമാനം തുക ഹോസ്പിറ്റല്‍ ഡെയ്‌ലി ക്യാഷ് എന്ന നിലയില്‍ പണമായി കിട്ടുന്ന രീതിയിലും പോളിസി എടുക്കാം. മൂന്നര മാസം, ആറര മാസം, ഒമ്പതര മാസം എന്നിങ്ങനെ ചുരുങ്ങിയ കാലത്തേയ്ക്കാണ് പോളിസി കാലാവധി. 

ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെ കൊവിഡ് ചികിത്സ എടുക്കുന്നവര്‍ക്ക് 14 ദിവസം വരെയുള്ള ചെലവുകള്‍, 2000 രൂപാ വരെ ആംബുലന്‍സ് ചാര്‍ജ് എന്നിവയൊക്കെ വാങ്ങിയെടുക്കാം.

ഇന്‍ഷുറന്‍സിന്റെ കാലാവധി, പോളിസി എടുക്കുന്ന ആളുടെ പ്രായം, സംഅഷ്വേര്‍ഡ് തുക എന്നിവയൊക്കെ കണക്കാക്കി 500 രൂപാ മുതല്‍ 6,000 രൂപാ വരെയാണ് പ്രിമീയം നല്‍കേണ്ടി വരിക. 

കൊവിഡ് രക്ഷക് പോളിസികള്‍

കൊവിഡ് ബാധിച്ച് 72 മണിക്കൂര്‍ വരെ ആശുപത്രിയില്‍ കിടക്കേണ്ടി വന്നാല്‍ ഒരു നിശ്ചിത തുക രൊക്കമായി നല്‍കുന്നവയാണ് കൊവിഡ് രക്ഷക് പോളിസികള്‍. അഞ്ചോളം കമ്പനികള്‍ മാത്രമേ ഐആര്‍ഡിഎഐ ആവശ്യപ്പെട്ടമാതിരി കൊവിഡ് രക്ഷക് പോളിസികള്‍ പുറത്തിറക്കിയിട്ടുള്ളൂ. 50,000 രൂപാ മുതല്‍ 2,50,000 രൂപാ വരെയാണ് പോളിസി പരിധി. മറ്റ് കാര്യങ്ങള്‍ കൊവിഡ് കവച് പോലെ തന്നെ. രോഗം ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും സൗജന്യമായി ചികിത്സ തേടേണ്ടി വരുമ്പോള്‍ ക്വാറന്റൈന്‍, ഐസോലേഷന്‍ എന്നിങ്ങനെ ദീര്‍ഘകാലം വരുമാന നഷ്ടമുണ്ടാകുന്നവര്‍ക്ക് കൊവിഡ് രക്ഷക് ഉപകരിക്കും. 

ഇപ്പോള്‍ തന്നെ സാധാരണ ആരോഗ്യ പോളിസികള്‍ എടുത്തിട്ടുള്ളവര്‍ക്ക് കൊവിഡ് ചികിത്സ ചെലവുകളില്‍ അര്‍ഹതയില്ലാത്തവ ഒരു കൊവിഡ് കവച് അധിക പോളിസി എടുക്കുന്നതിലൂടെ ക്ലെയിം ആക്കാം. കൊവിഡ് കവച് എടുക്കുന്നവര്‍ക്ക് കൊവിഡ് രക്ഷക് പോളിസി കൂടി അധികമായി എടുക്കുന്നതിന് തടസ്സവുമില്ല. 

- സി എസ് രഞ്ജിത് (ലേഖകൻ, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ്)

click me!