ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കും ചിലതൊക്കെ പറഞ്ഞുവച്ചിട്ടുണ്ട്. പലിശ രഹിത തുല്യമാസ തവണ എന്ന പേരില്‍ വായ്പ നല്‍കാന്‍ പാടില്ലെന്ന് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സുരേഷ് അനിയനായ രമേഷിന് പിറന്നാള്‍ സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചു. ഇഷ്ടപ്പെട്ട ഫോണ്‍ തന്നെ അനിയന്‍ വാങ്ങിക്കോട്ടെയെന്ന് കരുതി രമേഷിനെയും കൊണ്ട് സുരേഷ് മൊബൈല്‍ ഷോപ്പിലെത്തി. രമേഷ് തനിക്ക് ഇഷ്ടപ്പെട്ട മൊബൈല്‍ തപ്പിയെടുത്തപ്പോഴാണ് സുരേഷ് തന്‍റെ പോക്കറ്റ് തപ്പിയത്. അനിയന് ഇഷ്ടപ്പെട്ട മൊബൈല്‍ വാങ്ങി നല്‍കാന്‍ പേഴ്സില്‍ പണം പോര !. കാര്യം സെയില്‍സ് മാനെ ധരിപ്പിച്ചു. സാരമില്ല സാര്‍, ഇപ്പോ പലിശ രഹിത വായ്പ സൗകര്യമുണ്ട്. സാര്‍, മടിച്ചു നിര്‍ക്കാതെ അനിയന് മൊബൈല്‍ വാങ്ങിക്കോ... ഏതാണ്ട് എല്ലാ പര്‍ച്ചേസുകള്‍ക്കും ഇക്കാലത്ത് ഇത്തരം വായ്പകള്‍ ലഭ്യമാണ്. ഉപഭോക്താക്കളുടെ വാങ്ങല്‍ താല്‍പര്യങ്ങളെ വലിയ രീതിയില്‍ അട്ടിമറിക്കുന്ന വായ്പകളിലെ ഉള്ളുകളികള്‍.
undefined
ഇരുപതിനായിരം രൂപയുടെ ഗുണിതങ്ങളായി സ്മാര്‍ട് ഫോണുകളുടെ വില രാജ്യത്ത് വര്‍ദ്ധിക്കുകയും ആറ് മാസത്തിലൊരിക്കല്‍ പുതിയ മോഡലുകള്‍ ഇറങ്ങിയതോടെയുമാണ് ചെലവ് രഹിത വായ്പകള്‍ക്കും പ്രചാരമായത്. ഫോണുകള്‍ മാത്രമല്ല, ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീന്‍ തുടങ്ങി എല്ലാ വീട്ടുസാധനങ്ങളും ഉദാരമതികളായ നിര്‍മ്മാതക്കളും വിതരണക്കാരും ഉപകരണ വില മാത്രമായി തിരിച്ചടയ്‌ക്കേണ്ട വായ്പകളുടെ അകമ്പടിയോടെ വീട്ടിലെത്തിച്ച് തരും. ഉത്സവ കാലമാകുന്നതോടെ കച്ചവടം മുറുകും. വായ്പകളുടെ പലിശ ശൂന്യതയിലേക്ക് മറയുന്ന ഗുട്ടെന്‍സ് എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ കൂട്ടരെ?
നിരക്ക് നോക്കിയാല്‍ നിങ്ങള്‍ പൊള്ളിപ്പോകും
പുതിയ മോഡല്‍ പ്രതീക്ഷിക്കുമ്പോള്‍ തന്നെ സ്റ്റോക്കില്‍ ഇരിക്കുന്ന പഴയവയ്ക്ക് വിലയില്‍ ഡിസ്‌ക്കൗണ്ട് സ്വാഭാവികം. ഫ്രിഡ്ജിനും മറ്റും രൊക്കം പണം നല്‍കിയാല്‍ മുതലാളിയുടെ വക ഡിസ്‌ക്കൗണ്ടും സാധാരണം. സബ്‌വെന്‍ഷന്‍ എന്ന ഓമനപ്പേരില്‍ നിര്‍മ്മാതാക്കളും ചിലപ്പോള്‍ വിതരണക്കാരും ഫോണുകള്‍ക്കും വീട്ടു സാധനങ്ങള്‍ക്കും മാത്രമല്ല ലാപ്‌ടോപ്പുകള്‍ക്ക് പോലും പ്രഖ്യാപിത വിലയില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇത്തരം ഡിസ്‌കൗണ്ടുകള്‍ വാങ്ങുന്നവന്‍ അറിയാതെ കമ്പനി പലിശയിനത്തിലേക്ക് മുന്‍കൂര്‍ വകമാറ്റും. പലപ്പോഴും കമ്പനി അടിച്ച് മാറ്റിയ ഡിസ്‌കൗണ്ട് തുക പലിശയായി കണക്കാക്കി നിരക്ക് നോക്കിയാല്‍ പൊള്ളിപ്പോകും.
ഇനി മറ്റൊരു അടവ് നോക്കാം. തവണ അടിസ്ഥാനത്തില്‍ ആയാലും ഡിസ്‌കൗണ്ട് നല്‍കും. പക്ഷേ, പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ ആദ്യമേ ഒരു തുക നല്‍കണം. വാങ്ങുന്ന ഉപകരണത്തിന്റെ വില കുറവ് ആണേലും ഫീസ് കുറയില്ല. തിരിച്ചടയ്ക്കാന്‍ കൂടുതല്‍ കാലാവധി ആവശ്യപ്പെട്ടാല്‍ ഫീസും കൂടും. പലിശ സൗജന്യമാണെങ്കില്‍ പ്രോസസ്സിംഗ് ഫീസ് ഒരു നിശ്ചിത തുക മതിയല്ലോ എന്ന് ചിന്തിക്കുന്നവരോട് കഥയില്‍ ചോദ്യമില്ല എന്ന് തിരിച്ചറിയുക. പലിശ മാത്രമേ പൂജ്യം എന്ന് പറഞ്ഞിട്ടുള്ളൂ. സംഗതി എന്തായാലും ഈടാക്കുന്ന പ്രോസസിംഗ് ഫീസ് പലിശയായി കണക്കാക്കിയാല്‍ നിരക്ക് ഞെട്ടിക്കും.
റിസര്‍വ് ബാങ്ക് പറഞ്ഞിട്ടുളളത്
ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കും ചിലതൊക്കെ പറഞ്ഞുവച്ചിട്ടുണ്ട്. പലിശ രഹിത തുല്യമാസ തവണ എന്ന പേരില്‍ വായ്പ നല്‍കാന്‍ പാടില്ലെന്ന് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് മറികടക്കാനാണ് ചെലവില്ലാത്ത തുല്യമാസ തവണ എന്ന് പേര് മാറ്റിയത്. കച്ചവടക്കാര്‍ക്കെല്ലാം അറിയുന്ന ഒരു കാര്യത്തില്‍ റിസര്‍വ് നയം വ്യക്തമാക്കിയതില്‍ അതിശയിക്കേണ്ടതില്ല.
കണക്കുകള്‍ സംസാരിച്ച് തുടങ്ങിയാല്‍ ചെലവ് രഹിതം എന്ന് പറയുന്ന തവണ വ്യവസ്ഥകളില്‍ 24 മുതല്‍ 36 ശതമാനം വരെ വാര്‍ഷിക നിരക്കില്‍ പലിശ എന്ന പേരില്‍ അല്ലെങ്കില്‍ പോലും പണം നല്‍കേണ്ടി വരും. ഡിസ്‌കൗണ്ടും ക്യാഷ് ബാക്കും നഷ്ടപ്പെട്ട് കൊണ്ടോ പ്രോസസ്സിംഗ് ഫീസായി പണം മുന്‍കൂര്‍ നല്‍കിയോ തട്ടിപ്പിന് സ്വയം വിധേയരാകുന്നവരെ ആര്‍ക്ക് രക്ഷപ്പെടുത്താനാവും. ബഡ്ജറ്റില്‍ ഒതുങ്ങുന്ന ഉപകരണങ്ങള്‍ കഴിയുന്നതും രൊക്കം പണം നല്‍കി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എല്ലാം പിടിച്ച് വാങ്ങാനാണ് ശ്രമിക്കേണ്ടത്. പുതിയ മോഡലുകളുടെ വില താങ്ങാനാവാത്ത അവസരങ്ങളില്‍ ഒരുത്തിരി ക്ഷമയുണ്ടെങ്കില്‍ കമ്പനി ഉടന്‍ പുതിയ മോഡലുമായി വരും കാത്തിരിക്കുക വില കൈയിലൊതുങ്ങും.
മുന്‍ ലക്കങ്ങള്‍: