ഉപഭോക്താവിന്റെ സൗകര്യം പരിഗണിച്ചാണ് ഐഡിബിഐ എന്നും മുന്നോട്ട് പോയിട്ടുള്ളതെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാകേഷ് ശർമ പറഞ്ഞു.
മുംബൈ: ഉപഭോക്താക്കൾക്ക് സേവനങ്ങൾ വാട്ട്സാപ്പ് വഴി ലഭ്യമാകുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഐഡിബിഐ ബാങ്ക്. ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യം അനുസരിച്ച് ഏറ്റവും എളുപ്പത്തിൽ സേവനം നൽകാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് വാട്ട്സാപ്പ് വഴി സൗകര്യം ഒരുക്കുന്നത്.
അക്കൗണ്ടിലെ ബാലൻസ്, അവസാന അഞ്ച് ഇടപാടുകളുടെ വിവരം, ചെക്ക് ബുക്കിനുള്ള അപേക്ഷ, ഇമെയിൽ സ്റ്റേറ്റ്മെന്റ് തുടങ്ങിയ സേവനങ്ങൾ വാട്ട്സാപ്പ് വഴി ലഭ്യമാകുന്ന പദ്ധതിക്കാണ് ബാങ്ക് തുടക്കമിടുന്നത്. വിവിധ പലിശ നിരക്കുകൾ, തൊട്ടടുത്തുള്ള ബാങ്ക് ബ്രാഞ്ച് വിവരം, എ ടി എം സെന്ററുകളുടെ വിവരം തുടങ്ങിയവയും വാട്ട്സാപ്പ് വഴി ലഭിക്കും.
ഉപഭോക്താവിന്റെ സൗകര്യം പരിഗണിച്ചാണ് ഐഡിബിഐ എന്നും മുന്നോട്ട് പോയിട്ടുള്ളതെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാകേഷ് ശർമ പറഞ്ഞു. വാട്ട്സാപ്പ് സേവനം ഈ നിരയിലെ ഏറ്റവും പുതിയ പദ്ധതിയാണ്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് അവരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ ഇതിലൂടെ കഴിയുമെന്നും രാകേഷ് ശർമ പ്രത്യാശ പ്രകടിപ്പിച്ചു.