നാട്ടിൽ തട്ടിപ്പുകൾ പോപ്പുലറാകുന്നു! എളുപ്പം പണമുണ്ടാക്കാൻ നിക്ഷേപ മാർഗ്ഗങ്ങൾ ആരെയും സഹായിക്കില്ല

By C S Renjit  |  First Published Sep 7, 2020, 8:41 PM IST

അവിശ്വസനീയമായ പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്തു കൊണ്ട് നിക്ഷേപകരിൽ നിന്ന് പണം സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ശക്തമായ നിയമമുണ്ട് കേരളത്തിൽ.


കുടമാളൂർകാരൻ കുഞ്ഞുമോൻ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ തുക മര്യാദക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചിരുന്നതായിരുന്നു. മാസംതോറും പലിശ കൃത്യമായി അക്കൗണ്ടിൽ വന്നിരുന്നതുമാണ്. അടിക്കടി ബാങ്ക് പലിശ കുറഞ്ഞു വന്നപ്പോൾ ഒരു സുഹൃത്താണ് നാട്ടിലെ ഒരു ഫിനാൻസ് കമ്പനിയെക്കുറിച്ചു പറഞ്ഞത്. ബാങ്കുകൾ നൽകുന്ന പലിശനിരക്കിൽ പണം ഇരട്ടിയാക്കാൻ പത്തു പന്ത്രണ്ടു വർഷം എടുക്കുമെന്നും അഞ്ചു വർഷം കൊണ്ട് ഇരട്ടിയാകുന്ന രീതിയിലാണ് കമ്പനി നിക്ഷേപം സ്വീകരിക്കുന്നതെന്നും പറഞ്ഞപ്പോൾ കുഞ്ഞുമോൻ പിന്നീടൊന്നും ആലോചിക്കാൻ നിന്നില്ല. ഉളള പണം ബാങ്കിൽ നിന്ന് വലിച്ച് ഫിനാൻസിൽ നിക്ഷേപം നടത്തി.

താമസിയാതെ ഫിനാൻസിൽ സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ട് ചെയ്തു. കുഞ്ഞുമോന് ഒരു രൂപ പോലും എടുക്കാൻ പറ്റാത്ത സ്ഥിതിയായി. ഇനിയിപ്പോൾ പലിശ പോയിട്ട് നിക്ഷേപിച്ച തുകയെങ്കിലും മടക്കിക്കിട്ടാൻ നിക്ഷേപക സംഗമത്തിൽ ചേർന്നിരിക്കുകയാണ് കുഞ്ഞുമോൻ.

Latest Videos

undefined

നിയമം ശക്തമാണ്

അവിശ്വസനീയമായ പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്തു കൊണ്ട് നിക്ഷേപകരിൽ നിന്ന് പണം സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ശക്തമായ നിയമമുണ്ട് കേരളത്തിൽ. ക്രമവിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ട് 2019 ഫെബ്രുവരി മാസത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കുകയും കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഗസറ്റുകളിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ജനങ്ങളെ കബളിപ്പിച്ചു നിക്ഷേപം സ്വീകരിക്കുന്നത് കുറ്റകരമാണെന്നും അതിനെതിരെ സ്വീകരിക്കേണ്ട നടപടി എന്തൊക്കെയാണെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പണം നഷ്ടപ്പെടുമോ

നിക്ഷേപക സംരക്ഷണ നിയമത്തിൽ തട്ടിപ്പു കമ്പനികൾ നിക്ഷേപകരിൽ നിന്ന് വെട്ടിച്ചെടുത്ത പണം തിരികെ നൽകുന്നതിനാണ് മറ്റെന്തിനേക്കാളും മുൻഗണന നൽകിയിരിക്കുന്നത്. നിയമത്തിന്റെ നടത്തിപ്പിനായി പ്രത്യേകം അധികാരപ്പെടുത്തിയിട്ടുള്ള കോടതികളും അധികാര സ്ഥാനങ്ങളും നിയമിക്കും. തട്ടിപ്പു കമ്പനിയുടെ ഡിറക്ടർമാർ, പ്രൊമോട്ടർമാർ, മാനേജർമാർ എന്നിവരുടെയെല്ലാം പേരുകളിലുള്ള  വസ്തുക്കളും ആസ്തികളും കണ്ടുകെട്ടി നിക്ഷേപകരുടെ പണം തിരികെ നൽകാൻ നിയമം ശക്തമാണ്. സംസ്ഥാനത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്ത പോപ്പുലർ സാമ്പത്തിക തട്ടിപ്പിൽ സംഭവിച്ചതുമാതിരി പണവും ആസ്തികളും സ്ഥാപനത്തിന്റെ പേരിലായിരിക്കില്ല വാങ്ങി കൂട്ടിയിരിക്കുന്നത്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ആരുടെ പേരിലായാലും വകമാറ്റിയ ആസ്തികൾ ജപ്തി ചെയ്തെടുക്കാൻ നിയമത്തിൽ വകുപ്പുണ്ട്. എന്നുമാത്രമല്ല പണമിടപാട് സ്ഥാപനത്തിന്റെ പ്രൊമോട്ടർമാർ, പാർട്ണർമാർ, ഡിറക്ടർമാർ, മാനേജർ തുടങ്ങിയ ജീവനക്കാർ മറ്റു അംഗങ്ങൾ എന്നിവരുടെ സ്വകാര്യ വസ്തുവകകൾ കൂടി പിടിച്ചെടുക്കാം. മറ്റു കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവയുടെ പേരിൽ വായ്പയായോ അല്ലാതെയോ കടത്തി കൊണ്ടുപോയ പണവും പിടിച്ചെടുത്തു നിക്ഷേപരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ എടുക്കും.

എന്തല്ല നിക്ഷേപം !

പോപ്പുലർ പോലുള്ള തട്ടിപ്പു ശ്രമങ്ങളിൽ കുടുങ്ങി പോകാതിരിക്കാൻ എന്താണ് നിക്ഷേപമെന്ന് മനസിലാക്കുന്നതിനേക്കാളും എന്തല്ല നിക്ഷേപം എന്ന തിരിച്ചറിവ് സഹായിക്കും. എളുപ്പം പണമുണ്ടാക്കാൻ നിക്ഷേപ മാർഗ്ഗങ്ങൾ സഹായിക്കില്ല. നിക്ഷേപം നടത്തി സമ്പത്ത് വർദ്ധിപ്പിക്കാൻ കുറുക്കു വഴികളില്ല, ക്ഷമ വേണം, സമയമെടുക്കും. നിയമപാലകരെക്കാളും നിക്ഷേപകർ ജാഗ്രത പാലിച്ചാലേ സ്വന്തം പണം നഷ്ടപെടാതിരിക്കൂ.

നിയമപരമായ നിക്ഷേപങ്ങൾ

തട്ടിപ്പു കമ്പനികളിൽ മയങ്ങി പണം മുടക്കും മുൻപ് രാജ്യത്തു നിലവിലുള്ള നിയമങ്ങൾ അനുസരിച്ചാണവ പ്രവർത്തിക്കുന്നതെന്ന് സ്വയം പരിശോധിച്ചു മനസിലാക്കുന്നത് നന്നായിരിക്കും. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളാണെകിൽ തങ്ങൾ സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് സെബി അഥവാ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവയാണോ എന്ന് മുൻകൂട്ടി മനസിലാക്കണം. സ്റ്റോക്ക് എക്സ്ചേഞ്ച്കളിൽ  ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികൾ, മ്യൂച്ചൽ ഫണ്ടുകൾ, കളക്റ്റീവ് ഇൻവെസ്റ്റ്മെന്റ് സ്കീം എന്നിവയെല്ലാം തന്നെ സെബിയുടെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ നിയമപരമാകൂ. 

ബാങ്കുകൾ, ബാങ്കിതര ഫിനാൻസ് കമ്പനികൾ എന്നിവയ്ക്ക് നിയമസാധുത നൽകുന്നത് റിസർവ്  ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തും മുമ്പ് റിസർവ്  ബാങ്ക് അനുമതിയുണ്ടോയെന്ന് പരിശോധിക്കണം. മാത്രമല്ല ബാങ്കിതര കമ്പനികളും മറ്റും നൽകുന്ന നിക്ഷേപപദ്ധതികൾക്കു ക്രിസിൽ തുടങ്ങിയ റേറ്റിംഗ് ഏജൻസികളുടെ വിലയിരുത്തൽ നടന്നിട്ടുന്നുണ്ടോയെന്നും പരിശോധിക്കണം. ഇൻഷുറൻസ് കമ്പനികളെന്ന പേരിലാണ് നിക്ഷേപമെങ്കിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് അംഗീകാരം നൽകേണ്ടത്. ചില കമ്പനികൾക്ക് നിക്ഷേപം സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരമുണ്ടായിരിക്കണം. 

നിധികൾ, മ്യൂച്ചൽ ബെനിഫിറ്റ് സൊസൈറ്റികൾ എന്നിവ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ അനുമതി ആവശ്യമാണ്. സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണ്ടുന്നവയാണ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾ. ചിട്ടി കമ്പനികളിൽ നിക്ഷേപിക്കും മുൻപ് അവ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണോയെന്നും ഉറപ്പാക്കണം. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് കേന്ദ്ര സഹകരണ രജിസ്ട്രാറുടെ അംഗീകാരമാണ് വേണ്ടത്.
 

click me!