മോഹന്‍ലാലിനുവേണ്ടി യേശുദാസ് ആദ്യമായി പിന്നണി പാടിയത് 1982ല്‍ പുറത്തിറങ്ങിയ 'എനിക്കും ഒരു ദിവസം' എന്ന ചിത്രത്തില്‍
ചലച്ചിത്ര പിന്നണിഗാന രംഗത്ത് യേശുദാസ് (Yesudas) 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദിവസമാണ് ഇന്ന്. ഈ വേളയില്‍ തന്‍റെ പ്രിയഗായകന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ (Mohanlal). യേശുദാസ് തന്‍റെ മാനസഗുരുവാണെന്നും പറയുന്നു മോഹന്‍ലാല്‍. താന്‍ തിരശ്ശീലയില്‍ അവതരിപ്പിച്ച ഗായകരായ കഥാപാത്രങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനായി യേശുദാസിന്‍റെ കച്ചേരികളുടെ വിഎച്ച്എസ് കാസറ്റുകള്‍ കാണാറുണ്ടായിരുന്നെന്നും പറയുന്നു മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് യേശുദാസിന്‍റെ തനിക്കിഷ്‍ടപ്പെട്ട ഗാനങ്ങള്‍ പാടിയും അതേക്കുറിച്ചും പറഞ്ഞും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
താന്‍ ആദ്യമായി അഭിനയിച്ച തിരനോട്ടം എന്ന ചിത്രത്തില്‍ തന്നെ യേശുദാസ് പാടി എന്നതില്‍ അഭിമാനമുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു- "മണ്ണില്‍ വിണ്ണില്‍' എന്ന ഗാനമായിരുന്നു അത്. പിന്നീട് നടനായി പ്രത്യക്ഷപ്പെട്ട മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലും യേശുദാസ് പാടി. മിഴിയോരം ആണ് എനിക്ക് ആ ചിത്രത്തിലെ ഏറ്റവും ഇഷ്‍ടപ്പെട്ട ഗാനം". എന്നാല്‍ തന്‍റെ ഒരു കഥാപാത്രത്തിനുവേണ്ടി യേശുദാസ് ആദ്യമായി പിന്നണി പാടിയത് ശ്രീകുമാരന്‍ തമ്പി നിര്‍മ്മിച്ച്, സംവിധാനം ചെയ്‍ത് 1982ല്‍ പുറത്തിറങ്ങിയ 'എനിക്കും ഒരു ദിവസം' എന്ന ചിത്രത്തിനുവേണ്ടിയാണെന്നും മോഹന്‍ലാല്‍ പറയുന്നു. 'റൂഹിന്‍റെ കാര്യം മുസീബത്ത്' എന്ന ഗാനമായിരുന്നു ഇത്. "മലയാള സിനിമയിലേക്ക് ഒരു നടനെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ ഇഴുകിച്ചേര്‍ന്ന 80-90കളില്‍ ദാസേട്ടന്‍റെ പാട്ടുകള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അദ്ദേഹത്തിന് ലഭിച്ച അഞ്ച് ദേശീയ പുരസ്‍കാരങ്ങളില്‍ രണ്ടെണ്ണം എനിക്കുവേണ്ടി പാടിയവയാണ്. ഉണ്ണികളേ ഒരു കഥ പറയാം, രാമകഥാ ഗാനലയം എന്നിവയാണ് ആ ഗാനങ്ങള്‍. എന്‍റെ അഞ്ച് പാട്ടുകള്‍ക്ക് ദാസേട്ടന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഇതില്‍ അങ്ങേയറ്റം അഭിമാനമുണ്ട്. 1990-2000 കാലഘട്ടത്തിലാണ് അദ്ദേഹം എന്‍റെ സിനിമകളില്‍ ഏറ്റവുമധികം പാടിയത്", മോഹന്‍ലാല്‍ പറയുന്നു.
undefined
"ഹിസ് ഹൈനസ് അബ്‍ദുള്ള, ഭരതം, കമലദളം എന്നീ ചിത്രത്തിലെ ഗാനങ്ങള്‍ കര്‍ണ്ണാടക സംഗീതജ്ഞര്‍ക്കും പ്രിയപ്പെട്ടവയായിരുന്നു. 2017ല്‍ ഇറങ്ങിയ വില്ലന്‍ എന്ന ചിത്രത്തിലാണ് ദാസേട്ടന്‍ എനിക്കുവേണ്ടി അവസാനം പാടിയത്. ഇനിയും ഞാന്‍ കാത്തിരിക്കുകയാണ്, അദ്ദേഹത്തിന്‍റെ പാട്ടുകള്‍ക്കായി", യേശുദാസ് തന്‍റെ മാനസഗുരുവാണെന്നും മോഹന്‍ലാല്‍ പറയുന്നു. "അത് പാട്ട് പാടുന്നതിലല്ല, അതില്‍ അദ്ദേഹമാര്? ഞാനാര്? അദ്ദേഹത്തിന്‍റെ നിരവധി സംഗീത കച്ചേരികള്‍ അന്നത്തെ വിഎച്ച്എസ് കാസറ്റുകള്‍ ഇട്ട് രഹസ്യമായി ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ പാടാനോ അനുകരിക്കാനോ അല്ല. ഒരു കച്ചേരി പാടുമ്പോഴുള്ള അംഗചലനങ്ങള്‍, സ്വരപ്രസ്ഥാനത്തിലെ ഉച്ചാരണരീതികള്‍, മുകളിലും താഴെയുമുള്ള സ്ഥായികള്‍, പാടുമ്പോഴുള്ള മുഖഭാവങ്ങള്‍ ഇതെല്ലാം സൂക്ഷ്‍മമായി കണ്ടുപഠിച്ചു. ഭരതത്തിലെയും ഹിസ് ഹൈനസ് അബ്‍ദുള്ളയിലെയും കച്ചേരി രംഗങ്ങളില്‍ എനിക്കത് പ്രയോജനപ്പെട്ടു. അവയൊക്കെ നന്നായിയെന്ന് ആളുകള്‍ പറയുന്നുവെങ്കില്‍ ഞാന്‍ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നു", മോഹന്‍ലാല്‍ പറയുന്നു.