നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വണ്ടര്‍ വിമെനിലെ വീഡിയോ സോംഗ് പുറത്തെത്തി. ഹിന്ദിയിലുള്ള ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നൈന ഝാരോകെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അഞ്ജലി മേനോനും അഗ്യത്‍മിത്രയും ചേര്‍ന്നാണ്. കീര്‍ത്തന വൈദ്യനാഥനും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടര്‍ വിമെന്‍. നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‍സ് എന്നിവയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍.
undefined
ആര്‍എസ്‍വിപി മൂവീസ്, ഫ്ലൈയിംഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇംഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്. അഞ്ജലി മേനോന്‍ തന്നെയാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അവസാനം ഇട്ടുകൊണ്ട് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബിഗ് സ്ക്രീനില്‍ അങ്ങനെ വരാത്ത, അതേസമയം വരേണ്ട വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നതെന്ന് അഞ്ജലി പറഞ്ഞിരുന്നു.
ഏറെ വ്യത്യസ്തമായ പ്രൊമോഷനോടെയായിരുന്നു ഇത്തരത്തില്‍ ഒരു ചിത്രം വരുന്നതായ സൂചന അണിയറക്കാര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഒരു പ്രഗ്നന്‍സി ഡിറ്റക്ഷന്‍ കിറ്റിന്‍റെ ചിത്രമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇനി, ഒരു അത്ഭുതം തുടങ്ങുന്നു എന്ന ക്യാപ്ഷനും എല്ലാവരും ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ഈ പോസ്റ്റുകള്‍ക്കു പിന്നാലെ ഇത് അഞ്ജലി മേനോന്‍ ചിത്രത്തിന്‍റെ പ്രൊമോഷന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.