താമരൈയുടെ വരികള്‍ക്ക് എ ആര്‍ റഹ്‍മാന്‍റെ സംഗീതം
ചിലമ്പരശന്‍റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രമാണ് നിലവില്‍ തിയറ്ററുകളിലുള്ള ഗൌതം മേനോന്‍ ചിത്രം വെന്തു തനിന്തതു കാടിലേത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മുത്തുവീരന്‍ എന്ന മുത്തുവിനെയാണ് ചിമ്പു അവതരിപ്പിക്കുന്നത്. ഗൌതം മേനോന്‍ തന്‍റെ സേഫ് സോണ്‍ വിട്ട് ചെയ്‍തിരിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം. ഇപ്പോഴിതാ മുത്തുവിന്‍റെ പ്രണയം ആവിഷ്കരിക്കുന്ന ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ഉന്ന നെനച്ചതും എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് താമരൈ ആണ്. എ ആര്‍ റഹ്‍മാന്‍റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും സാര്‍ഥക് കല്യാണിയും ചേര്‍ന്നാണ്. ഭാരതിയാറുടെ 'അഗ്നികുഞ്ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്ന ഒരു സാധാരണ മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് ഭാഗങ്ങള്‍ ഉള്ള ഫ്രാഞ്ചൈസിയായിട്ടാണ് ഗൌതം മേനോന്‍ വെന്തു തനിന്തതു കാട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദ് കിന്‍ഡ്‍ലിംഗ് എന്നു പേരിട്ടിരിക്കുന്ന ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 15 ന് ആയിരുന്നു റിലീസ്.
undefined
ALSO READ : 'സ്വീഡനില്‍ അപ്രതീക്ഷിതമായി മലയാളികൾക്കിടയിൽ', വീഡിയോയുമായി ആശ ശരത്
ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് രചന. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, എഡിറ്റിംഗ് ആന്‍റണി, നൃത്തസംവിധാനം ബൃന്ദ, ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍.