വെള്ളം പോലെ പലരുടെ ജീവിതത്തിലേക്കും ആ പാട്ടങ്ങനെ ഒഴുകിപ്പരക്കുന്നു. പാട്ടിനു പിന്നിലെ ആ കഥ പറയുകയാണ് നിധീഷ് നടേരി എന്ന പാട്ടെഴുത്തുകാരന്‍
നിധീഷ് നടേരി. 'വെള്ളം' എന്ന ജയസൂര്യ ചിത്രത്തിലെ 'ആകാശമായവള്‍ക്ക്' ഉറവും ഉയിരും കൊടുത്ത് ജനഹൃദയങ്ങളിലേക്ക് പറത്തിവിട്ട പാട്ടെഴുത്തുകാരന്‍. കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ നിധീഷിന്‍റെ മൊബൈലിലേക്ക് ഒരു വിളിയെത്തി. മദ്യപാനം ഉപേക്ഷിച്ച ഒരു മദ്യാസക്തനെന്ന് സ്വയം പരിചയപ്പെടുത്തല്‍. ശേഷം ഇടറുന്ന ശബ്‍ദത്തില്‍ ആ അജ്ഞാതന്‍ ഇങ്ങനെ ചോദിച്ചു.
"ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേല്‍ക്കണം എന്‍റെ പാട്ടെഴുത്തുകാരാ..?"
ചോദ്യത്തിനു മുന്നില്‍ എന്തുപറയണമെന്നറിയാതെ പാട്ടെഴുത്തുകാരന്‍ നിന്നു.
"ഇങ്ങനെയൊക്കെ എഴുതാമോ നിങ്ങള്‍.. മനുഷ്യനെ വേദനപ്പിക്കാമോ..?" ശബ്‍ദത്തില്‍ രോഷമാണോ ദു:ഖമാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. ഇരുപുറവും നിശബ്‍ദത. ഏതാനും നിമിഷങ്ങള്‍ക്കകം അപ്പുറത്ത് കരച്ചില്‍ പൊട്ടുന്ന ശബ്‍ദം കേട്ടു പാട്ടെഴുത്തുകാരന്‍. പാട്ടിലെ വരികളോരോന്നും എണ്ണിപ്പെറുക്കി വിതുമ്പുന്ന അയാളെ പാട്ടെഴുത്തുകാരന്‍ കേട്ടുകേട്ടിരുന്നു, ഏകദേശം ഒരു മണിക്കൂറോളം!
കഴിഞ്ഞകുറച്ചു ദിവസങ്ങളായി നിധീഷ് നടേരി എന്ന കോഴിക്കോട്ടുകാരന്‍റെ രാപ്പകലുകള്‍ ഇങ്ങനെയാണ്. പലരും വിളിക്കുന്നു. ജീവിതത്തിന്‍റെ പല ഇടങ്ങളിലുള്ളവര്‍. വീട്ടമ്മമാര്‍. വിദ്യാര്‍ത്ഥികള്‍. കൂലിത്തൊഴിലാളികള്‍. ആകാശമായവളെക്കുറിച്ചു പറയാനാണ് ഈ വിളികളൊക്കെയും. വെള്ളം പോലെ പലരുടെ ജീവിതത്തിലേക്കും അവളങ്ങനെ ഒഴുകിപ്പരക്കുന്നു. ആ കഥ പറയുകയാണ് മലയാള സിനിമാ സംഗീതത്തിലെ ഈ പുത്തനെഴുത്തുകാരന്‍.
ആകാശമായവളുടെ പിറവി
ക്യാപ്റ്റന്‍. പ്രജേഷ് സെന്‍ എന്ന സംവിധായകന്‍റെയും നിധീഷ് നടേരി എന്ന പാട്ടെഴുത്തുകാരന്‍റെയും ആദ്യചിത്രം. ക്യാപ്റ്റനു ശേഷം പല കഥകളും ആലോചിക്കുന്നതിനിടയിലാണ് പ്രജേഷിന്‍റെ മുന്നിലേക്ക് ഷംസുദ്ദീൻ കുട്ടോത്തും വിജേഷ് വിശ്വവും ഒരു ജീവിതകഥയുമായെത്തുന്നത്. 'വെള്ളം മുരളി' എന്നായിരുന്നു തളിപ്പറമ്പുകാരനായ ആ മനുഷ്യന്‍റെ പേര്.
"കോഴിക്കോട് വരയ്ക്കൽ ബീച്ചിലെ തട്ടുകടയിലിരുന്നാണ് പ്രജേഷ് സെന്‍ വെള്ളം മുരളിയുടെ കഥ എന്നോട് പറയുന്നത്." നിധീഷ് പറയുന്നു. "കഥ പറച്ചിലില്‍ അസാധ്യമായ കഴിവുള്ളയാളാണ് പ്രജേഷ് ഭായി. കഥ പറഞ്ഞതിനു ശേഷം പാട്ടിന്റെ സന്ദർഭവും അദ്ദേഹം വിശദീകരിച്ചുതന്നു. വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ തന്റെ സഖിയെക്കുറിച്ച് ഓർക്കുന്നതായിരിക്കണം ഈ പാട്ട് എന്നായിരുന്നു സംവിധായകന്‍റെ ആവശ്യം. പാട്ട് അത്രമേല്‍ ലളിതമായിരിക്കണം. എന്നാല്‍ വിരഹത്തിന്റെ ആഴം അതിലുണ്ടാകണം. കേട്ടാൽ ആർക്കും എഴുതാൻ ആഗ്രഹം തോന്നിപ്പോകുന്ന സന്ദര്‍ഭമാണ് പ്രജേഷ് ഭായി തന്നിരിക്കുന്നത്. ഞാന്‍ നേരെ വീട്ടിലെത്തി അന്ന് രാത്രി തന്നെ നാലുവരി എഴുതി.."
'ആകാശമായവളേ
അകലെപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ'...
" ഈ വരികള്‍ പ്രജേഷ് ഭായിക്ക് വാട്‍സാപ്പില്‍ അയച്ചു കൊടുത്തു. അദ്ദേഹം നോക്കാം എന്നു പറഞ്ഞു. ബിജിയേട്ടന്‍ (ബിജിബാല്‍) ആണ് സംഗീതം. അദ്ദേഹം എങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയില്ല. എന്തായാലും എറണാകുളത്ത് കാണാം എന്ന് പറഞ്ഞു..."
എറണാകുളത്ത് ബിജിബാലിന്‍റെ ബോധി സ്റ്റുഡിയോയില്‍ വച്ചാണ് പാട്ടിന്‍റെ അടുത്തഘട്ടം പിറക്കുന്നത്. "പ്രജേഷ് സെന്നും അസോസിയേറ്റ് വിഷ്ണുവും കൂടെയുണ്ട്. അവിടെ വച്ച് പ്രജേഷ് ഭായി വീണ്ടും മുരളിയുടെ കഥ പറഞ്ഞു. അപ്പോഴേക്കും അതിന്‍റെ ഫീല്‍ വീണ്ടും മാറിയിരുന്നു. ഇമോഷനൊക്കെ വല്ലാതങ്ങു കൂടി. നിധീഷ് തുടങ്ങിക്കോളൂ എന്ന് ബിജിയേട്ടന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ നേരത്തെ എഴുതിവച്ചിരുന്ന വരികളടങ്ങിയ ഡയറി അദ്ദേഹത്തിനു നീട്ടി.."
ആദ്യവരികളിലൂടെ കണ്ണോടിച്ച് ഒന്നുംമിണ്ടാതെ ബിജിബാല്‍ ഇരുന്നു. ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ നോക്കി നിധീഷും. ഇടയ്ക്ക് അദ്ദേഹം കണ്ണുകള്‍ ചിമ്മുന്നു, ഓര്‍മ്മകളിലേക്ക് ഊളിയിടുമ്പോലെ. ജീവിതത്തിൽ ഓര്‍മ്മകളുടെ പൂക്കാലം ചൊരിഞ്ഞു മാഞ്ഞുപോയ ബിജിബാലിന്‍റെ ജീവിതപങ്കാളിയെ അപ്പോള്‍ നിധീഷ് ഓർത്തു. സ്വന്തം ഭാര്യ ദിവ്യയെ ഓർത്തു. തങ്ങളുടെ പ്രണയകാലമോര്‍ത്തു. നഷ്‍ടപ്പെടലുകളുടെ ആധി നെഞ്ചില്‍ പെരുത്തു. സ്റ്റുഡിയോയിലെ നിശബ്‍ദത ഭയപ്പെടുത്തുന്നു. ഇതിനിടെ പതിയെ ഒരു മൂളല്‍ കേട്ടു. ബിജിബാലിന്‍റെ ശബ്‍ദം. ഓര്‍മ്മകളുടെ പെരുങ്കയത്തിലെ ചുഴിക്കുത്തുകളില്‍ കുടുങ്ങിക്കിടന്ന് ബിജി ബാല്‍ പാടുകയാണ്.
"ആകാശമായവളേ..." അതാ അവളങ്ങനെ ചുറ്റും ഒഴുകിപ്പരക്കുന്നു! തന്‍റെ കണ്ണുകള്‍ നനയുന്നത് നിധീഷ് അറിഞ്ഞു. ഡയറിയിലെ വരികളെല്ലാം ഈണമിട്ട് പാടിയ ശേഷം ബിജിബാല്‍ പതിയെ കണ്ണു തുറന്നു, എന്നിട്ട് ചോദിച്ചു. "നിധീഷേ കുറച്ചുകൂടി എഴുതാമോ..?" നേരെ കൊയിലാണ്ടി നടേരിയിലെ വീട്ടിലെത്തി വീണ്ടും പേനയെടുത്തു നിധീഷ്, ഡയറിയും. ബിജിബാലിന്‍റെ വേദന നിറഞ്ഞ ഈണത്തിന്‍റെ മണം അപ്പോഴും ആ ഡയറിയില്‍ നിന്നും വിട്ടൊഴിഞ്ഞിരുന്നില്ല. അതില്‍ ആകാശമായവളുടെ ബാക്കിയും കുറിച്ചു നിധീഷ്.
ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ്
ഉള്ളം പിണഞ്ഞു പോയി..
ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി..
ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ..
ഷഹബാസ് അമൻറെ വിളി
അവളുടെ ശബ്‍ദമാകുന്നത് ഷഹബാസ് അമനാണെന്ന് നിധീഷ് പിന്നീടാണ് അറിയുന്നത്. അതുണ്ടാക്കിയ സന്തോഷവും ചില്ലറയല്ല. റെക്കോഡിംഗിനു ശേഷം ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ ഷഹബാസെത്തി. അപ്പോഴും പാട്ടെഴുത്തുകാരന്‍ അമ്പരന്നുപോയി. "പാട്ടുപാടിക്കഴിഞ്ഞതിനുശേഷമുള്ള വിളിയാണ്. ഏറെ സമയം അദ്ദേഹം പാട്ടിനെക്കുറിച്ച് സംസാരിച്ചു. സ്വപ്‍നതുല്യമായ ഒരവസ്ഥയായിരുന്നു അത്..." നിധീഷ് പറയുന്നു.
കാത്തിരിപ്പ്
ഈ പാട്ടിന് ഒരു കാത്തിരിപ്പിന്റെ സുഖമുണ്ടെന്ന് നിധീഷ്. റെക്കോഡിംഗിനും ചിത്രീകരണത്തിനും ശേഷം ഏകദേശം ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആകാശമായവളെ നാട്ടുകാര്‍ കേള്‍ക്കുന്നത്. റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ മുതലുള്ള കാത്തിരിപ്പാണ് പാട്ടിന്‍റെ വരവുമോർത്ത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള ആകാശമായവളുടെ വരവും ഓര്‍ക്കുന്നുണ്ട്. ശ്രദ്ധിക്കപ്പെടുമെന്ന് അന്നേ ലൊക്കേഷനിലെ എല്ലാവരും പറഞ്ഞിരുന്നു. ടീം ഈ പാട്ടിനെ നെഞ്ചേറ്റുന്നതു കണ്ടപ്പോള്‍ സന്തോഷം കൊണ്ടന്ന് നെഞ്ചു നിറഞ്ഞിരുന്നു. ഇപ്പോള്‍ ആസ്വാദകരും ആകാശത്തോളം അവളെ എടുത്തുയർത്തിയിരിക്കുന്നു. ആ കാത്തിരിപ്പിന് ഇപ്പോള്‍ ഒരു സുഖമുണ്ട്.
ദമ്പതികൾ, കമിതാക്കൾ, പങ്കാളികൾ. വല്ലാത്തൊരു പരസ്‍പരാശ്രയമാണത്. അതെങ്ങനെ പറഞ്ഞറിയിക്കണമെന്ന് ഇപ്പോഴും തനിക്കറിയില്ലെന്ന് നിധീഷ്. "നമ്മുടെ ഉയിര് ഉയിരിനെ തൊടുന്ന, ആത്മാവ് ആത്മാവിനെ തൊടുന്ന ഒരവസ്ഥയില്ലേ? അതാണ് ഭാര്യ, ഭർത്താവ് അല്ലെങ്കിൽ പങ്കാളി എന്ന ബന്ധം. അത് പൊടുന്നനെ നഷ്‍ടപ്പെട്ടു പോകുമ്പോഴുള്ള ഒരു മനുഷ്യന്‍റെ അവസ്ഥയോ..? ഒരുനിമിഷം ചിന്തിച്ചുനോക്കൂ.. അതെങ്ങനെയാകും ഒരാള്‍ താങ്ങുക..? കഥ കേട്ടപ്പോള്‍ മുതല്‍ ആ അവസ്ഥയെ പാട്ടിൽ കൊണ്ടുവരണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നറിയുമ്പോള്‍ പറയാനറിയാത്തത്ര സന്തോഷമുണ്ട്.."
അച്ഛന്‍ - എഴുത്തിന്‍റെ നിലാവ്
കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് നടേരിയാണ് നിധീഷിന്‍റെ ജന്മനാട്. പത്രപ്രവർത്തകനും പാട്ടെഴുത്തുകാരനുമായിരുന്നു അച്ഛൻ നടേരി ഗംഗാധരൻ. കമ്യൂണിസ്റ്റ് പാർട്ടിക്കായി വിപ്ലവഗാനങ്ങള്‍ എഴുതിയിരുന്ന മനുഷ്യന്‍. വായനയുടെയും എഴുത്തിന്‍റെയും ലോകത്തേക്ക് കൈപിടിച്ച അച്ഛന്‍ ഇരുപത്തിരണ്ട് വർഷങ്ങള്‍ക്കു മുമ്പൊരു ദിവസം പാട്ടും മുറിച്ച് ചൂട്ടുമണച്ച് ഓര്‍മ്മകളിലേക്ക് പറന്നുപോയി. താനെഴുതിയ പാട്ട് കേൾക്കാൻ അച്ഛൻ ഇന്നുണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ടെന്ന് ആ പഴയ പത്താംക്ലാസുകാരന്‍റെ ഇടര്‍ച്ചയില്‍ നിധീഷ് പറയുന്നു. അപ്പോള്‍ 'ഇറ്റു നിലാവെന്‍റെ നെറ്റിമേൽ തൊട്ടത് നീയോ രാക്കനവോ' എന്ന നിധീഷിന്‍റെ തന്നെ വരികളോര്‍ത്തു.
ലളിതഗാനമെന്ന കളരി
സംഗീത അധ്യാപകരായ ഇളയച്ഛന്മാരിലൂടെയും കൂടിയായിരുന്നു പാട്ടെഴുത്തിന്‍റെ വളര്‍ച്ച. "എന്‍റെ പ്രീഡിഗ്രി - ഡിഗ്രി പഠനകാലം. സ്‍കൂൾ യുവജനോത്സവം അടുക്കുമ്പോള്‍ അന്നൊക്കെ ഏറ്റവും പുതിയ ലളിതഗാനങ്ങൾക്കായി ആവശ്യക്കാരേറും. സംഗീത അധ്യാപകരായ ഇളയച്ഛന്മാര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ പുതിയ പാട്ടുകള്‍ വേണം. അപ്പോൾ ഓരോ ഇളയച്ഛന്മാർക്കും ഓരോരോ പുതിയ പാട്ടുകള്‍ വീതം ഞാനെഴുതി കൊടുക്കും. ചിലപ്പോള്‍ അവര്‍ ഈണം തരും, ചിലപ്പോള്‍ എഴുതിയ ശേഷമായിരിക്കും ഈണമിടുക. സത്യത്തിൽ അതൊക്കെയായിരുന്നു പാട്ടെഴുത്തിലെ എന്റെ പരിശീലനക്കളരികള്‍.."
ഇങ്ങനെ പാട്ടെഴുതിക്കൊടുത്ത ശേഷം മത്സരദിവസം ആരോടും പറയാതെ നിധീഷും വേദിയ്ക്കു മുന്നിൽ പോയിരിക്കും. കുട്ടികൾ തന്റെ വരികൾ താളത്തോടെ പാടുന്നത് കേൾക്കാൻ. " അപ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ-പാട്ടെഴുതിയവൻ ആരാലും തിരിച്ചറിയപ്പെടാതെ സ്വന്തം പാട്ട് സദസിലിരുന്ന് നേരിട്ടു കേൾക്കുമ്പോഴുള്ള ആ സന്തോഷം. അതോർക്കുമ്പോൾ ഇപ്പോഴും സന്തോഷം വരും.." നിധീഷിന്‍റെ ശബ്‍ദത്തില്‍ ഒരു കുട്ടിയുടെ കൌതുകം.
അതേപോലെ വരികളെഴുതി ആകാശവാണിക്ക് അയക്കും അക്കാലത്ത്. താമസിയാതെ പ്രക്ഷേപണം ചെയ്യുന്ന ദിവസം എന്നാണെന്നുള്ള അറിയിപ്പ് ആകാശവാണിയില്‍ നിന്നും ലഭിക്കും. രചന നിധീഷ് നടേരി എന്ന ശബ്‍ദം റേഡിയോയില്‍ കേൾക്കാനായി അന്നുമുതലുള്ള കാത്തിരിപ്പാണ്. വല്ലപ്പോഴും ആകാശവാണിയിൽ നിന്നും വന്നിരുന്ന ചെക്കുകളും മറ്റൊരു സന്തോഷമായിരുന്നു. "സിനിമാപ്പാട്ടെഴുത്ത് സ്വപ്‍നം മാത്രമായിരുന്നു. പക്ഷേ തീവ്രമായി ആഗ്രഹിച്ചിരുന്നു. റേഡിയോയില്‍ ഗാനരചന എന്ന് പറഞ്ഞ് ഗിരീഷ് പുത്തഞ്ചേരിയുടെയും കൈതപ്രത്തിന്‍റെയുമൊക്കെ പേര് കേൾക്കുമ്പോൾ ഒരിക്കലെങ്കിലും എന്‍റെ പേരും അങ്ങനെ കേട്ടിരുന്നെങ്കില്‍ എന്ന് കൊതിച്ചിരുന്നു.."
സിനിമയിലേക്ക്
"പ്രജേഷ് സെൻ എന്ന സൗഹൃദമാണ് സിനിമയിലേക്കുള്ള എന്‍റെ വഴി. 'മാധ്യമ'ത്തില്‍ സഹപ്രവര്‍ത്തകരായിരുന്നു ഞങ്ങള്‍.." സിനിമാ പ്രേമികളുടെ ഒരു വലിയ സൌഹൃദസംഘം തന്നെയുണ്ടായിരുന്നു അക്കാലത്ത് മാധ്യമത്തില്‍. സിനിമാക്കഥകളുടെ ഭാണ്ഡക്കെട്ടുകളും പേറിനടക്കുന്ന കൂട്ടുകാര്‍. പില്‍ക്കാലത്ത് റാണി പത്മിനിക്ക് തിരക്കഥയെഴുതിയ രവി ശങ്കർ, വി പി സത്യന്‍റെ ജീവിതം തുന്നിക്കെട്ടിയ ക്യാപ്റ്റന്‍റെ ഡ്രാഫ്റ്റുമായി പ്രജേഷ് സെന്‍ അങ്ങനെ പലര്‍ ചേര്‍ന്ന വലിയൊരു കൂട്ടുകെട്ട്.
"അക്കാലത്ത് ലോഹിതദാസ് സ്ക്രിപ്റ്റ് മൽസരത്തിൽ എനിക്ക് രണ്ടാം സ്ഥാനം കിട്ടി. ആട് എന്നായിരുന്നു ആ തിരക്കഥയുടെ പേര്. എന്തായാലും അതോടെ സിനിമയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് കുറച്ചുകൂടി ഗൗരവമേറി. മാധ്യമത്തിലെ സൌഹൃദസംഘം പില്‍ക്കാലത്ത് പലവഴിക്ക് പിരിഞ്ഞു. പ്രജേഷ് ഭായി ഏറെക്കാലമായി കൊണ്ടുനടന്ന സ്വപ്‍നമായിരുന്നു ക്യാപ്റ്റന്‍. സിദ്ദിഖിന്‍റെ കൂടെ 'ഫുക്രി'യിൽ സഹകരിക്കുന്നതിനിടയില്‍ ജയസൂര്യയുമായി ചേര്‍ന്ന് അദ്ദേഹം 'ക്യാപ്റ്റൻ' പ്രോജക്ടിലേക്ക് എത്തി. ആ സന്തോഷം പങ്കുവയ്ക്കാന്‍ വിളിച്ചു. അപ്പോള്‍ സ്ക്രിപ്റ്റ് അസിസ്റ്റ് ചെയ്യാൻ ഒപ്പമുണ്ടാകണമെന്ന് പ്രജേഷ് ഭായ് എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് എന്‍റെ സിനിമാ പ്രവേശം.." പക്ഷേ സഹതിരക്കഥാകാരനായെത്തി ഒടുവില്‍ ക്യാപ്റ്റനു വേണ്ടി പാട്ടെഴുതാനായിരുന്നു നിധീഷിന്‍റെ നിയോഗം. ആ കഥ ഇങ്ങനെ.
ക്യാപ്റ്റന്‍ ചര്‍ച്ചകളുമായി ഒരു ദിവസം കോഴിക്കോട്ടെ ബീച്ചിലിരിക്കുകയാണ് പ്രജേഷും നിധീഷും. ഡിപ്രഷനും ആത്മനൊമ്പരങ്ങളും നിറഞ്ഞ വി പി സത്യന്‍റെ കൊല്‍ക്കത്താക്കാലം പറയാന്‍ ഒരു പാട്ടു വേണം. സംഗീത സംവിധായകൻ വിശ്വജിത്ത് നേരത്തെ ചെയ്‍തുവച്ചിരുന്ന ഒരു ഈണം നിധീഷിനെ കേൾപ്പിച്ചു പ്രജേഷ് സെന്‍. എന്നിട്ടു പറഞ്ഞു. " വരികളെഴുതി നോക്കൂ. നന്നായാൽ മാത്രം നമുക്ക് ഉപയോഗിക്കാം.." അങ്ങനെ നിധീഷ് എഴുതി. അതാണ് പി ജയചന്ദ്രന്‍റെ ശബ്‍ദത്തില്‍ മലയാളികള്‍ നെഞ്ചേറ്റിയ 'പാട്ടുപെട്ടീലന്ന് നമ്മൾ കേട്ട് കേട്ടൊരീണം' എന്ന പാട്ട്.
"ക്യാപ്റ്റന്‍റെ ഷൂട്ടിനു വേണ്ടി മലപ്പുറത്തും പരിസരപ്രദേശങ്ങളിലും സ്റ്റേഡിയം അന്വേഷിച്ചുള്ള യാത്രകളുടെ ഇടയിലാണ് ആ വരികൾ എഴുതുന്നത്. പി ജയചന്ദ്രൻ മാഷേപ്പോലെ മഹാനായ ഒരു ഗായകൻ എന്‍റെ പാട്ടുപാടുക. വിശ്വസിക്കാൻ കഴിയാത്ത നിമിഷമായിരുന്നു അത്. ഇപ്പോഴും പലയിടത്തും വെച്ച് മാഷിന്‍റെ ശബ്‍ദത്തില്‍ ആ പാട്ട് കേൾക്കുമ്പോഴൊക്കെ വല്ലാത്തൊരു സന്തോഷം എന്നെ വന്നുപൊതിയാറുണ്ട്.."
പാട്ടെഴുത്തിലെ മുൻഗാമികൾ
ചെറുപ്പത്തില്‍ തന്നെ പാട്ടെഴുത്തുകാരുടെ പേരുകളെ പിന്തുടര്‍ന്നിരുന്നു. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, ബിച്ചുതിരുമല, ഷിബു ചക്രവർത്തി, യൂസഫലി കേച്ചേരി, പി കെ ഗോപി തുടങ്ങിയവരായിരുന്നു പാട്ടുകളെ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്തെ എഴുത്തുകാർ. 'തെങ്ങിള നീരാം പൊന്‍നിളേ' എന്നെഴുതിയ പുത്തഞ്ചേരി, 'ഉടവാളിൻ തുമ്പത്ത് കുടമുല്ലപ്പൂ' വിരിയിച്ച പി കെ ഗോപി തുടങ്ങിയ പാട്ടെഴുത്തിന്‍റെ തൊട്ടപ്പന്മാര്‍. കോഴിക്കോടുകാരന്‍ തന്നെയായ പുത്തഞ്ചേരി തന്നെയായിരുന്നു നിധീഷിനെ സംബന്ധിച്ച് അക്കാലത്തെ മഹാദ്ഭുതം. " പണ്ട് അദ്ദേഹം പങ്കെടുക്കുന്ന മിക്ക പരിപാടികളിലും ചെല്ലും. എന്നിട്ട് ദൂരെ നിന്ന് കൌതുകത്തോടെ നോക്കിയങ്ങനെ നില്‍ക്കും. എന്‍റെ നാട്ടുകാരനായ ഈ മനുഷ്യന്‍ എങ്ങനെയാണ് ഇക്കണ്ട പാട്ടുകളത്രയും എഴുതിക്കൂട്ടുന്നത് എന്നായിരുന്നു അമ്പരപ്പ്.." പഴയും പുതിയതുമായി എല്ലാ പാട്ടെഴുത്തുകാരെയും ഇപ്പോഴും കേള്‍ക്കുന്നു. അവരെയെല്ലാം പഠിക്കുന്നു.
കവിതയോട്
കവിതയെ എനിക്കിന്നും പേടിയാണ്. എത്ര ശ്രമിച്ചിട്ടും കവിതയിലേക്ക് എത്തിച്ചേരാത്ത ഒരാളാണ് ഞാൻ എന്നാണ് സ്വയം വിലയിരുത്തല്‍. പാട്ടെഴുത്ത് വേറെ കവിത വേറെ. അതുപോലെ ഈണമിട്ട് എഴുതുന്നതും എഴുതിയ ശേഷം ഈണമിടുന്നതിനും അതിന്‍റെതായ ഗുണങ്ങളും ദോഷവുമുണ്ട്. ഈണത്തിന് അനുസരിച്ച് എഴുതുന്നത് ഒരു പദപ്രശ്‍നം പൂരിപ്പിക്കുമ്പോലെയാണ്. ഇമോഷന് അനുസരിച്ച് വാക്കുകള്‍ വച്ച് നിറച്ചാല്‍ മതിയെന്ന സൌകര്യമുണ്ട് ഈ രീതിയില്‍. എന്നാല്‍ വാക്കുകള്‍ മീറ്ററില്‍ ഒതുങ്ങാത്ത പ്രശ്‍നത്തെയും നേരിടേണ്ടി വരും. എഴുതിയ ശേഷം ഈണം ഇടുമ്പോള്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അപ്പോള്‍ ഉത്തരവാദിത്വം കൂടും.
പുതിയ സിനിമകൾ
വിശ്വജിത്തിന്‍റെ സംഗീതത്തില്‍ 'തമി' എന്ന ചിത്രത്തിലെ മൂന്നുപാട്ടുകള്‍. കെ ആർ പ്രവീൺ സംവിധാനം ചെയ്‍ത ഈ ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. IFFK-യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സെന്ന ഹെഡ്ഗെയുടെ 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലെ പാട്ട്. ധീരജ് എന്ന സംവിധായകന്റെ 'ഉദയ' എന്ന സിനിമ. 'വെള്ള'ത്തിന്റെ സഹഎഴുത്തുകാരൻ വിജേഷ് വിശ്വമാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ. ഒപ്പം പ്രജേഷ് സെന്നിന്റെ തന്നെ പുതിയ രണ്ട് സിനിമകളിലും കെ ആർ പ്രവീണിന്റെ ഒരു ചിത്രത്തിലും ഉടന്‍ ചേരും.
ഈ പംക്തിയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം
പാട്ടുപാടി പാലമുണ്ടാക്കിയ പാട്ടുകാരന്‍
അമ്മക്കുയിലിന്‍റെ പാട്ടുകാരന്‍
'ഓലഞ്ഞാലിക്കുരുവി' മുതല്‍ 'ജീവാംശം' വരെ; ഇത് ഹരിനാരായണന്‍റെ ജീവിതം
പിന്നൊരിക്കലും മണിക്ക് കാണാനായില്ല ഈ പാട്ടെഴുതിയ ആ പയ്യനെ..!
കാതരമൊരു പാട്ടായ് ഞാനില്ലേ..?!
ജീവിതം തന്ന ഫാത്തിമ...!
2018ന്‍റെ പാട്ടോര്‍മ്മകള്‍
"പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!
ശാന്തിഗീതമാണെനിക്ക് അയ്യന്‍..
"എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!
പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി