കൊവിഡിന്റെ കെട്ടകാലത്ത് കലയുടെ നല്ല നിമിഷങ്ങൾ സമ്മാനിക്കാനായി വീണ്ടും ഒരു സൂര്യ ഫെസ്റ്റിവൽ എത്തുകയാണ്.
ഈ വർഷത്തെ സൂര്യ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവുകയാണ്. എല്ലാവർഷവും ഒക്ടോബർ ഒന്നാം തീയതി, യേശുദാസിന്റെ സംഗീത കച്ചേരിയോടെ തുടങ്ങി, 111 ദിവസം നീണ്ടു നിൽക്കാറുള്ള ഈ സംഗീതനൃത്തോത്സവം, ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ 11 ദിവസമായി ചുരിക്കിയാണ് ഓൺലൈനിൽ അരങ്ങേറുക.
ഇത്തവണയും യേശുദാസിന്റെ കച്ചേരിയോടെ തന്നെയാണ് മേളക്ക് തുടക്കമാവുക എങ്കിലും, ഇത്തവണ പക്ഷേ, വേദികളുടെ വർണ്ണപ്പൊലിമയില്ല, ആസ്വാദകരുടെ ആഹ്ലാദാരവങ്ങളില്ല. എന്നാൽ, സമ്പന്നമായ സർഗ്ഗാത്മകതയ്ക്ക് ഇത്തവണയും മാറ്റമില്ലാത്ത തുടർച്ച കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളാകും ഈ പതിനൊന്നു ദിവസത്തെ ഓൺലൈൻ സൂര്യാ ഫെസ്റ്റിവലിൽ നടത്തപ്പെടുക.
undefined
കൊവിഡിന്റെ കെട്ടകാലത്ത് കലയുടെ നല്ല നിമിഷങ്ങൾ സമ്മാനിക്കാനായി വീണ്ടും ഒരു സൂര്യ ഫെസ്റ്റിവൽ എത്തുകയാണ്. തുടർച്ചയായ നാല്പത്തി മൂന്നാം വർഷവും, പതിവ് തെറ്റിക്കാതെ, തീയതി മാറ്റാതെ, സൂര്യക്കായി യേശുദാസ് പാടുന്നു. നാൽപ്പത്തിമൂന്നു വർഷമായി തുടരുന്ന ഈ മേളയ്ക്ക് ഒരു ബ്രേക്ക് ഉണ്ടാകരുത് എന്നുകരുതിയാണ്, ഓൺലൈനിൽ ഇക്കുറി തങ്ങൾ ഇത് സംഘടിപ്പിക്കുന്നത് എന്നാണ് സൂര്യയുടെ രക്ഷാധികാരിയായി സൂര്യ കൃഷ്ണമൂർത്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. യേശുദാസ് എന്ന മഹാഗായകൻ തുടർച്ചയായ 43 വർഷം ഒരേ വേദിയിൽ ഒരേ തീയതി പാടുന്നു എന്നതും ഒരു റെക്കോർഡാണ്. മഞ്ജുവാര്യർ, ലക്ഷ്മി ഗോപാലസ്വാമി, ദിവ്യാ ഉണ്ണി, ആശാ ശരത്ത്, പ്രിയദർശിനി ഗോവിന്ദ്, രമാ വൈദ്യനാഥൻ, മീനാക്ഷി ശ്രീനിവാസൻ, നീനാപ്രസാദ്, ജാനകി രംഗരാജൻ എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. റെക്കോർഡ് ചെയ്ത് അവതരിപ്പിക്കുന്ന പരിപാടികളുടെ ദൈർഘ്യം അരമണിക്കൂർ നേരമായിരിക്കും.