ഒരു അവാർഡ് പ്രഖ്യാപിക്കുമ്പോൾ അതിന്റെ പേരിൽ ലഹള നടത്തേണ്ടതില്ല. പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് സിത്താര പറയുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്ക് (Nanchamma)എതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഗായിക സിതാര കൃഷ്ണകുമാർ(Sithara Krishnakumar). ഈ വിഷയത്തിൽ ഇത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഒരു അവാർഡ് പ്രഖ്യാപിക്കുമ്പോൾ അതിന്റെ പേരിൽ ലഹള നടത്തേണ്ടതില്ല. പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് സിത്താര പറയുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാമെന്നും അതിൽ തെറ്റെന്നോ ശരിയെന്നോ ഇല്ലെന്നും സിത്താര പറഞ്ഞു.
സിത്താരയുടെ വാക്കുകൾ
നഞ്ചിയമ്മയുടെ അവാർഡിനെ കുറിച്ച് എല്ലാവരും ഒരുപാട് ചർച്ച ചെയ്തിട്ടുള്ള കാര്യമാണ്. നഞ്ചിയമ്മ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഏതോ സ്ഥലത്തിരിക്കുന്നു. അവർ ഈ ഫേസ്ബുക്കിലും മറ്റും നടക്കുന്ന ചർച്ചകളെ കുറിച്ചൊന്നും അറിയുന്നില്ല. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. അവ രേഖപ്പെടുത്താനുള്ള പൂർണ സ്വാതന്ത്യം എല്ലാവർക്കും ഉണ്ട്. അക്കാര്യത്തിൽ തെറ്റും ശരിയും ഇല്ല. ഒരാൾ ശരി മറ്റൊരാൾ തെറ്റ് എന്ന് പറഞ്ഞ് നടക്കുന്ന ഫൈറ്റിൽ പലപ്പോഴും നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ ഭയങ്കരമായി മോശം ആകുന്നു. അതിലൊന്നും ഒരുകാര്യവും ഇല്ല. സംഗീതത്തിനെ കുറിച്ചിട്ടല്ലേ സംസാരിക്കുന്നത്. സിനിമകളിലെ പാട്ടുകൾ അതിന്റെ സന്ദർഭത്തിനനുസരിച്ചാണ് കോംബ്ലിമെന്റ് ചെയ്യുന്നതാണ്. ആ ഒരു പ്രാധാന്യത്തിൽ അതിനെ കാണുകയാണെങ്കിൽ ഇവയെ കുറിച്ചൊക്കെ നമ്മൾ ലൈറ്റ് ആയി കാണുമെന്ന് എനിക്ക് തോന്നുന്നു. ഒരു അവാർഡ് പ്രഖ്യാപിക്കുമ്പോൾ മൂന്ന് നാല് ദിവസത്തേക്ക് അതിനെ പറ്റിയുള്ള ലഹളകൾ വയ്ക്കുക.. അത് അനൗൺസ് ചെയ്തു കഴിഞ്ഞു. അവാർഡ് കിട്ടുന്നവരെ മനനസ്സറിഞ്ഞ് അഭിനന്ദിക്കുക. അവിടെ തീരാവുന്നതെ ഉള്ളൂ എല്ലാം.
undefined
‘അമ്മയ്ക്ക് കിട്ടിയത് നന്മയ്ക്കുള്ള അംഗീകാരം’; നഞ്ചിയമ്മയെ കുറിച്ച് ശരത്ത്
നമുക്ക് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും തരം സംഗീത ശാഖകൾ ഉണ്ട്. നമുക്ക് കൂടുതൽ പരിചിതം ആയത് സിനിമ ആയത് കൊണ്ട് തന്നെ ആ സംഗീതത്തെക്കുറിച്ച് ഏറെ ചർച്ചകൾ ഉണ്ടാകും. ഏറെ കഷ്ടപ്പെട്ട് സംഗീതത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച പലരുടെയും ലക്ഷ്യമേയല്ല സിനിമ. അവർക്ക് സിനിമയിൽ പാടണം എന്നും ആഗ്രഹമില്ല. റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നവരോട് നല്ലൊരു പിന്നണി ഗായകരാകട്ടെ എന്ന് പറയുനനത്തിൽ പോലും അർത്ഥമില്ല. സംഗീതത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയട്ടെ എന്നേയുള്ളു. അല്ലാതെ ഒരു സംഗീതജ്ഞന്റെയും ലക്ഷ്യമല്ല പിന്നണി ഗായകനാവുക എന്നത്.
എല്ലാവർക്കും സംഗീതത്തിൽ അവരവരുടേതായ വഴികളുണ്ട്. ഇപ്പോൾ ശാസ്ത്രീയ സംഗീതം, ഫോക്ക് സംഗീതം, സെമി ക്ലാസിക്കൽ, കഥകളി സംഗീതം എന്നിങ്ങനെ പോകുന്നു. നമുക്ക് നഷ്ടമാകുന്ന ചില സംഗീത ശാഖകൾ ഉണ്ട്. അവയെ തിരിച്ചുപിടിക്കാനും അതിൽ അർപ്പിച്ചവർക്ക് നല്ല ജീവിത മാർഗ്ഗം ലഭിക്കാനും പരിഗണ നൽകാനും ശ്രമിക്കുക. ഇപ്പോൾ ദേശീയ പുരസ്കാരത്തിലേക്ക് വന്നാൽ ആറ് വരി പാടിയവർക്ക് പോലും ദേശീയ പുരസ്‌കാരം ലഭിച്ച ചരിത്രമുണ്ട്. ചില വ്യക്തികൾ ആണല്ലോ അത് തീരുമാനിക്കുന്നത്. അതിന് അത്ര പ്രാധാന്യത്തിൽ മാത്രം കാണുക. അതിനെ വ്യക്തിപരമായി കാണാതെയിരുന്നാൽ അത്രയും നല്ലത്. നമുക്ക് നല്ല പാട്ടുകളുണ്ടാക്കാം. അത് കേൾക്കാം. ഇഷ്ടപെട്ടത് ഇഷ്ടപ്പെട്ടു എന്ന് പറയാം. ഇഷ്ടപ്പെടാത്തത് മാറ്റി വെക്കാം. അത്രേയുള്ളു. അല്ലാതെ ഇഷ്ടപ്പെട്ടില്ല എന്നത് കൊണ്ട് അത് മോശമാണ് എന്ന് പറയാൻ സാധിക്കില്ലല്ലോ.
നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വ്യക്തിപരമായി എനിക്ക് സന്തോഷമാണ്. കാരണം അവരുടെ പാട്ടുകൾ നേരെ ഹൃദയത്തിലേക്ക് കയറും. നമ്മൾ ക്ലാസിക്കൽ എന്ന് പറയുന്ന പാട്ടുകളിലേക്ക് എത്താനുള്ള വഴിയെന്ന് പറയുന്നത് അത്തരം പാട്ടുകളാണ്. പല രാഗങ്ങളും വന്നിരിക്കുന്നത് പ്രകൃതിയിൽ നിന്നും വരുന്ന ശബ്ദങ്ങളിൽ നിന്നാണ്. ഇത്തവണ ദേശീയ പുരസ്‌കാരം വരുമ്പോൾ ഒരു ശ്രദ്ധ ആ ഭാഗത്തേക്ക് വരികയാണ്. അത് ചിലപ്പോൾ നല്ലത് ആണെങ്കിലോ. നമ്മളെ വിട്ടുപോകുന്ന പല ഗാന ശേഖരങ്ങളും നമുക്ക് തിരിച്ച് കിട്ടാനുള്ള വഴിയാണെങ്കിലോ. അങ്ങനെ പോസ്റ്റീവ് ആയി ചിന്തിക്കാമല്ലോ. വലിയ ഗായകർ ഒരിക്കലും അവാർഡിനെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടും എന്ന് കരുതുന്നില്ല. കാരണം അവരുടെ ജീവിതം മാറ്റിവച്ചിരിക്കുന്നത് സംഗീതത്തിന് വേണ്ടിയാണ്. അവാർഡിന് വേണ്ടിയല്ല.