2017 ല്‍ ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ പാടാത്തത് എന്ത് എന്ന ചോദ്യത്തിന് കെ.കെ മറുപടി നല്‍കിയിരുന്നു
മുംബൈ: മലയാളിയായിരുന്നു അന്തരിച്ച ഗായകന്‍ കെ.കെ (Singer KK) അഥവ കൃഷ്ണകുമാര്‍ കുന്നത്ത്.ദില്ലിയിലാണ് ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും. സിഎസ് മേനോനും, കുന്നത്ത് കനകവല്ലിയുമാണ് മാതാപിതാക്കള്‍. എന്നാല്‍ കെകെ മലയാളത്തില്‍ പാടിയത് ഒരേ ഒരു ഗാനമാണ്. 2009ല്‍ ദീപന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ പുതിയ മുഖം എന്ന ചിത്രത്തില്‍. രഹസ്യമായി എന്ന ഗാനം. ദീപക്ക് ദേവായിരുന്നു ഈ ഗാനത്തിന്‍റെ സംഗീത സംവിധാനം
2017 ല്‍ ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ പാടാത്തത് എന്ത് എന്ന ചോദ്യത്തിന് കെ.കെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു - മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ ഞാൻ പലപ്പോഴും പാടാറുണ്ട്, മലയാളത്തിൽ പാടുന്നത് എനിക്ക് കഠിനമാണ്. ഞാൻ സംസാരിക്കുന്ന മലയാളം മാന്യമാണെന്ന് ആളുകൾ പറയുന്നു, പക്ഷേ സാഹിത്യത്തിലോ വരികളിലോ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ പറയുമ്പോൾ എനിക്ക് അത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു.മറ്റു ഭാഷകളില്‍ കേള്‍ക്കുന്ന രീതിയില്‍ തന്നെയുള്ള പാട്ടുകളും വരികളും എനിക്ക് ലഭിക്കുന്നു - അന്ന് കെ.കെ ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തില്‍ പറഞ്ഞു.
അതേ സമയം മലയാളത്തില്‍ കൂടുതല്‍ പാട്ടുകള്‍ പാടാന്‍ ആഗ്രഹം ഉള്ള വ്യക്തിയായിരുന്നു കെ.കെ.
മലയാളത്തില്‍ പാടാനുള്ള ഓഫറുകൾ സ്വീകരിക്കാൻ എനിക്ക് താൽപ്പര്യമില്ലെന്ന് ഒരു ധാരണ മലയാളം സംഗീത സംവിധായകര്‍ക്ക് ഉണ്ടോയെന്നും കെ.കെ ചോദിച്ചിരുന്നു. സുഹൃത്തുക്കള്‍ നിര്‍ദേശിക്കുന്ന മലയാളം ഗാനങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് പറഞ്ഞ കെ.കെ. പുതിയ കാലത്ത് ഗോപി സുന്ദറും ഷാൻ റഹ്മാനും മോളിവുഡിലെ എന്റെ പ്രിയപ്പെട്ട സംഗീതസംവിധായകർ കൂടിയാണെന്നും ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു.
കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത്; ബോളിവുഡില്‍ സാന്നിധ്യം അറിയിച്ച മലയാളി സ്വരമാധുര്യം
മലയാളത്തിലും നിരവധി പുതിയ ഗായകരും സംഗീതസംവിധായകരും ഉണ്ട്, അവർ സമൃദ്ധമായ പുതുമയും കഴിവും ഈ രംഗത്തേക്ക് കൊണ്ടുവരുന്നത് കാണാൻ സന്തോഷമുണ്ടെന്നും കെ.കെ പറഞ്ഞിരുന്നു.
എന്നും കേരളത്തെ സ്നേഹിച്ച വ്യക്തിയായിരുന്ന കെകെ. വാഴയിലയിൽ ഭക്ഷണം കഴിക്കുക, തൃശ്ശൂരിലെയും എറണാകുളത്തെയും ചില റസ്റ്റോറന്റുകളിലെ വിഭവങ്ങൾ കണ്ടുപിടിക്കുക, പഴയ മലയാളം പാട്ടുകളും യേശുദാസിന്റെ കൃഷ്ണഭജനകളും കേട്ട് നഗരത്തിന് പുറത്ത് വാഹനമോടിക്കുക, പൊറോട്ടയും ചിക്കൻ ഫ്രൈയും മസാലദോശയും കഴിക്കുക തനി കേരളീയനാകുന്ന അവസരങ്ങള്‍ പലപ്പോഴും കെ.കെ പങ്കുവച്ചിട്ടുണ്ട് പല അഭിമുഖങ്ങളിലും. വേല്യമ്മയോടും മാതാപിതാക്കളോടും പലപ്പോഴും മലയാളത്തിൽ സംസാരിക്കാറുണ്ടെന്നും മലയാളത്തെ മറക്കാറില്ലെന്നും കെ.കെ പറഞ്ഞിട്ടുണ്ട്.
ബഹുമുഖ ഗായകന്‍, ഗാനത്തിലെ വൈവിദ്ധ്യം; കേള്‍വിക്കാരെ ത്രസിപ്പിച്ച കെകെയുടെ ഗാനങ്ങള്‍