1977 ൽ എസ്. ജാനകി വിഷുക്കണി എന്ന ചിത്രത്തിൽ പാടിയ മലർക്കൊടി പോലെ എന്ന പാട്ടാണ് സനിഗ പാടുന്നത്.
തിരുവനന്തപുരം: ഗായകൻ ജി വേണുഗോപാൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൽ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. യാദൃശ്ചികമായി ലഭിച്ച വീഡിയോയിലെ ഗായിക പാടുന്നത് കേട്ട് അറിയാതെ എഴുന്നേറ്റിരുന്നുപോയി എന്നാണ് വേണുഗോപാലിന്റെ വാക്കുകൾ. തിരുവില്വാമല സ്വദേശിയായ സനിഗ സന്തോഷ് ആണ് വേണുഗോപാലിനെ അതിശയിപ്പിച്ച ഈ ഗായിക. 1977 ൽ എസ്. ജാനകി വിഷുക്കണി എന്ന ചിത്രത്തിൽ പാടിയ മലർക്കൊടി പോലെ എന്ന പാട്ടാണ് സനിഗ പാടുന്നത്.
'ഇരുത്തംവന്ന ഗായകർ പോലും എടുത്ത് പൊക്കാൻ മടിക്കുന്ന പാട്ട്. അയത്ന ലളിതമായി ഒഴുകുന്നു ആ ഇളം കണ്ഠത്തിലൂടെ. കഠിനമായ സംഗതികൾ മുഴുവൻ സ്വന്തം തൊണ്ടയ്ക്കുതകുന്നതാക്കാനുള്ള നൈസർഗ്ഗികതയും. "നിറ സന്ധ്യയായ് ഞാനാരോമലേ ...വിടർന്നെന്നിൽ നീയൊരു പൊൻ താരമായ്"....' വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. വളരെ അനായാസമായ സനിഗയുടെ ആലാപന ശൈലി തന്നെയാണ് കേൾവിക്കാരെ അത്ഭുതപ്പെടുത്തുന്നത് നിരവധി പേരാണ് സനിഗയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
കട്ടിലിൽ കിടന്ന് ദുബൈയിലെ സുഹൃത്ത് രൂപേഷ് അയച്ച് തന്ന ട്രോളുകൾ ഓരോന്നായി കാണുന്നതിനിടയിൽ ഈ പാട്ടിൻ്റെ തുടക്കം എൻ്റെ കാതുകളെ കൂർപ്പിച്ചു. ഞാനറിയാതെ എണീറ്റിരുന്നു. ഇരുത്തംവന്ന ഗായകർ പോലും എടുത്ത് പൊക്കാൻ മടിക്കുന്ന പാട്ട്. അയത്ന ലളിതമായി ഒഴുകുന്നു ആ ഇളം കണ്ഠത്തിലൂടെ. കഠിനമായ സംഗതികൾ മുഴുവൻ സ്വന്തം തൊണ്ടയ്ക്കുതകുന്നതാക്കാനുള്ള നൈസർഗ്ഗികതയും.
" നിറ സന്ധ്യയായ് ഞാനാരോമലേ ...
വിടർന്നെന്നിൽ നീയൊരു പൊൻ താരമായ്"....
മേലാകെ കുളിരു പെയ്യുന്നു. സംഗതികളുടെ കൃത്യതയല്ല. ശ്രുതിയും, ലയവും, ശബ്ദ സൗന്ദര്യവും കൊണ്ടവൾ ആ പാട്ടവളുടേതാക്കി മാറ്റിയിരിക്കുന്നു. She sings beyond the song! കേട്ടാലറിയാം അത് പഠിച്ചുണ്ടാക്കിയ പാട്ടല്ല. അതവളുടെ ഉള്ളിൻ്റെയുള്ളിൽ നിന്നാണ്. പ്രാർത്ഥനകൾ.