'പാട്ടുകൾ കൈമാറും മുമ്പ് പണം കിട്ടി, അക്കാര്യത്തിൽ ഉണ്ണി മുകുന്ദൻ പ്രൊഫഷണലായിരുന്നു': ഷാൻ റഹ്മാൻ

By Web Team  |  First Published Dec 10, 2022, 2:24 PM IST

രണ്ട് ദിവസം മുൻപാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചതിന് തനിക്കും മറ്റ് പലർക്കും പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് നടൻ ബാല രം​ഗത്തെത്തിയത്.


'ഷെഫീക്കിന്റെ സന്തോഷം' എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രവർത്തിച്ച തനിക്ക് കൃത്യ സമയത്ത് തന്നെ പ്രതിഫലം കിട്ടിയെന്ന് സം​ഗീത സംവിധായകൻ ഷാൻ റഹ്മാൻ. ഫേസ്ബുക്കിലൂടെ ആയിരുന്നു ഷാനിന്റെ പ്രതികരണം. ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാൻ ഏതാനും ഓൺലൈൻ മാധ്യമങ്ങൾ വിളിച്ചിരുന്നെന്നും കൃത്യമായി തന്നെ പ്രതിഫലം ലഭിച്ചുവെന്ന് അവരോട് പറഞ്ഞുവെന്നും ഷാൻ റഹ്മാൻ വ്യക്തമാക്കി. 
ഉണ്ണി മുകുന്ദൻ തന്റെ പ്രിയ സുഹൃത്താണെന്നും പക്ഷേ തനിക്ക് പ്രതിഫലം നൽകുമ്പോൾ അദ്ദേഹം വളരെ പ്രൊഫഷണലായിരുന്നുവെന്നും ഷാൻ കൂട്ടിച്ചേർത്തു.

ഷാൻ റഹ്മാന്റെ വാക്കുകൾ

Latest Videos

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാൻ ഏതാനും ഓൺലൈൻ മാധ്യമങ്ങൾ എന്നെ വിളിച്ചിരുന്നു. കൃത്യമായും മുഴുവനായുമുള്ള തുക കിട്ടിയെന്നാണ് അവരോട് പറഞ്ഞത്. പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവൻ പ്രതിഫലവും കിട്ടിയെന്ന് ഉണ്ണി ഉറപ്പ് വരുത്തിയിരുന്നു. ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നൽകുമ്പോൾ അവൻ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിൻ, വിനോദേട്ടൻ തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകൾ. എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഇവിടെ ഞാൻ എന്റെ കാര്യം നോക്കിയിരിക്കുന്നു. അതാണ് എന്റെ സന്തോഷം. 

'നിങ്ങളുടെ കരിയർ തകർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്, ശ്രദ്ധവേണം': ഉണ്ണി മുകുന്ദനോട് സന്തോഷ് പണ്ഡിറ്റ്

രണ്ട് ദിവസം മുൻപാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചതിന് തനിക്കും മറ്റ് പലർക്കും പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞുകൊണ്ട് നടൻ ബാല രം​ഗത്തെത്തിയത്. പിന്നാലെ ബാലയുടെ ആരോപണം തള്ളിയ ഉണ്ണി മുകുന്ദൻ ഓരോരുത്തർക്കും നൽകിയ പ്രതിഫലത്തിന്റെ രേഖകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

click me!