ജി വി പ്രകാശ് കുമാറിന്‍റെ ട്രെന്‍ഡ് സെറ്റര്‍; 'സര്‍ദാറി'ലെ ഗാനമെത്തി

By Web Team  |  First Published Oct 26, 2022, 11:12 PM IST

കാര്‍ത്തിയുടെ സിനിമാജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ഉള്ള ചിത്രമാണ് ഇത്


മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നെങ്കിലും ഏറ്റവുമധികം സ്ക്രീന് സ്പേസ് കിട്ടിയ താരം കാര്‍ത്തി ആയിരുന്നു. സംവിധായകന്‍ ചിത്രത്തിന്‍റെ കഥ മുന്നോട്ടു കൊണ്ടുപോയതും കാര്‍ത്തി അവതരിപ്പിച്ച വന്ദിയത്തേവനിലൂടെ ആയിരുന്നു. പൊന്നിയിന്‍ സെല്‍വന് പിന്നാലെയെത്തിയ തന്‍റെ സോളോ ഹീറോ ചിത്രം സര്‍ദാറും മികച്ച വിജയം നേടുന്നതിന്‍റെ ആഹ്ലാദത്തിലാണ് താരം. ഇപ്പോഴിതാ സര്‍ദാറിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

ഇങ്കി പിങ്കി പോങ്കി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അറിവ്, ലോകേഷ് എന്നിവര്‍ ചേര്‍ന്നാണ്. ജി വി പ്രകാശ് കുമാറിന്‍റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് അറിവും സന്തോഷ് ഹരിഹരനും ചേര്‍ന്ന്. ഗാനത്തിന്‍റെ ലിറിക് വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

Latest Videos

undefined

കാര്‍ത്തിയുടെ സിനിമാജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ഉള്ള ചിത്രമാണ് സര്‍ദാര്‍. വിദേശ രാജ്യങ്ങളിലടക്കമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കാര്‍ത്തി ഇരട്ടവേഷങ്ങളിലാണ് എത്തുന്നത്. കതിരവന്‍ ഐപിഎസ്, സര്‍ദാര്‍ ശക്തി എന്നിങ്ങനെയാണ് രണ്ട് കഥാപാത്രങ്ങള്‍. റാഷി ഖന്നയാണ് നായിക. രജിഷ വിജയനും ബോളിവുഡ് താരം ചങ്കി പാണ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈല, സഹാന വാസുദേവന്‍, മുനിഷ്‍കാന്ത്, മുരളി ശര്‍മ്മ, ഇളവരസ്, റിത്വിക് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലൈല 16 വര്‍ഷത്തിനു ശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നത്. ചങ്കി പാണ്ഡെയുടെ കോളിവുഡ് അരങ്ങേറ്റമാണ് ഇത്. പി എസ് മിത്രനാണ് രചനയും സംവിധാനവും. 

ALSO READ : 'ആശുപത്രി വീഴ്ച വരുത്തി'; നയന്‍താരയും വിഗ്നേഷ് ശിവനും കുറ്റക്കാരല്ലെന്നും തമിഴ്നാട് ആരോഗ്യ വകുപ്പ്

ഛായാഗ്രഹണം ജോര്‍ജ് സി വില്യംസ്, എഡിറ്റിംഗ് റൂബന്‍. പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ലക്ഷ്‍മണ്‍ കുമാര്‍ ആണ് നിര്‍മ്മാണം. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. നേരത്തെ വിജയ്‍യുടെ മാസ്റ്റര്‍, കാർത്തിയുടെ സുൽത്താൻ എന്നീ ചിത്രങ്ങൾ കേരളത്തില്‍ വിതരണം ചെയ്തതും ഫോര്‍ച്യൂണ്‍ സിനിമാസ് ആയിരുന്നു.

click me!