സിനിമ പോലെ കഥ പറഞ്ഞ് ഒരു സംഗീത ആല്‍ബം; ഹരീഷ് ശിവരാമകൃഷ്‍ണന്‍റെ ആലാപനത്തില്‍ 'സഖീ നീലാംബരി'

By Web Team  |  First Published Jul 26, 2023, 8:11 PM IST

സ്വാതിതിരുനാള്‍ രാമ വര്‍മ്മയ്ക്കുള്ള സംഗീതാദരം എന്ന നിലയില്‍ ചെയ്തിരിക്കുന്ന വീഡിയോ സോംഗില്‍ അദ്ദേഹം ഒരു സാന്നിധ്യവുമാണ്


ആസ്വാദകരുടെ മനസില്‍ കാലങ്ങള്‍ കഴിഞ്ഞും തങ്ങിനില്‍ക്കുന്ന ചില മ്യൂസിക് വീഡിയോകളുണ്ട്. മനോഹരമായ ഗാനത്തിനൊപ്പം ഒരു നൊമ്പരമോ ആഹ്ളാദമോ പ്രണയമോ ഒക്കെ ചുരുങ്ങിയ നേരത്തിനുള്ളില്‍ അനുഭവിപ്പിക്കുന്ന ഒരു കഥയും അവ അവതരിപ്പിച്ചിരിക്കും. ഇപ്പോഴിതാ അത്തരത്തിലൊരു ഗാനം സംഗീതപ്രേമികളിലേക്ക് എത്തിയിരിക്കുകയാണ്. 'സഖീ നീലാംബരി' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്രീജിത്ത് അച്യുതന്‍ നായരാണ്. 'കല വിപ്ലവം പ്രണയം' എന്ന സിനിമയ്ക്കുള്‍പ്പെടെ സംഗീതം പകര്‍ന്ന അതുല്‍ ആനന്ദ് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരീഷ് ശിവരാമകൃഷ്ണനാണ്.

സ്വാതിതിരുനാള്‍ രാമ വര്‍മ്മയ്ക്കുള്ള സംഗീതാദരം എന്ന നിലയില്‍ ചെയ്തിരിക്കുന്ന വീഡിയോ സോംഗില്‍ അദ്ദേഹം ഒരു സാന്നിധ്യവുമാണ്. നര്‍ത്തകിയായ സഖിയോട് സ്വാതിതിരുനാളിന് ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് സീത എന്ന എഴുത്തുകാരിയുടെ ചിന്തയാണ് ആല്‍ബത്തില്‍ ഒരു സ്റ്റോറിലൈന്‍ ആയി വികസിപ്പിച്ചിരിക്കുന്നത്. ജന്മാന്തരങ്ങള്‍ക്കിപ്പുറത്തിരുന്ന് തനിക്ക് അനുഭവിക്കാനാവുന്ന ആ പ്രണയത്തെക്കുറിച്ച് സീത എഴുതിയ പുസ്തകത്തിന്‍റെ പേരും 'സഖീ നീലാംബരി' എന്നാണ്. വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാനാവുന്ന സീത മനസ്സില്‍ പലപ്പോഴും സഖിയെ താനായി സങ്കല്‍പ്പിക്കാറുണ്ട്. ആ സഖിയുടെ ചിലങ്ക കേട്ട ഇടങ്ങളില്‍ ഒരിക്കല്‍ ഭര്‍ത്താവുമൊത്ത് എത്തുന്ന സീതയുടെ മനസിലൂടെ വിസ്‍മയിപ്പിക്കുന്ന ഫ്രെയ്‍മുകളില്‍ ഒരു പ്രണയകഥ തെളിയുകയാണ്. സീതയായി ഡോ. ഗൗരി വിനീത് എത്തുമ്പോള്‍ സീതയുടെ ഭര്‍ത്താവ് ഹരിയായി രജീഷ് രാജന്‍കുട്ടിയും സ്വാതി തിരുനാളായി ആല്‍വിന്‍ കുര്യാക്കോസ് അമ്പാടനും അഭിനയിച്ചിരിക്കുന്നു. 

Latest Videos

undefined

ദൃശ്യാവിഷ്കാരത്തിലെ മികവ് കൊണ്ട് കൂടിയാണ് ഈ വീഡിയോ സോംഗ് മനോഹര അനുഭവമായി മാറുന്നത്.  സഫീര്‍ എ സലാം ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. തൃപ്പൂണിത്തുറ ഹില്‍ പാലസ്, കായംകുളം കൃഷ്ണപുരം കൊട്ടാരം, തിരുവനന്തപുരത്തെ കുതിരമാളിക കൊട്ടാരം, സഖി താമസിച്ചിരുന്ന അമ്മവീട് എന്നിവിടങ്ങളിലായിരുന്നു മ്യൂസിക് വീഡിയോ ചിത്രീകരിച്ചതെന്ന് ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രജീഷ് രാജന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഛായാഗ്രഹണം അജീഷ് രാജ്, തിരക്കഥ മനു പരവൂര്‍ക്കാരന്‍, എഡിറ്റിംഗ് സമീർ സക്കരിയ. കൊച്ചിയിലെ പ്രമുഖ റെക്കോർഡിംഗ് സ്റ്റുഡിയോ സോണിക് ഐലന്‍ഡും ദുബൈയിലെ പ്രമുഖ മീഡിയ പ്രൊഡകഷൻ കമ്പനിയായ വിഷൻ 360 മീഡിയയും ചേർന്നാണ് ഈ സംഗീത ആൽബത്തിന്‍റെ പ്രൊഡക്ഷൻ നിർവ്വഹിച്ചിരിക്കുന്നത്. മ്യൂസിക് 247 യുട്യൂബ് ചാനലിലൂടെ എത്തിയിരിക്കുന്ന ഗാനത്തിന് 1.3 ലക്ഷത്തിന് മുകളില്‍ കാഴ്ചകള്‍ ലഭിച്ചിട്ടുണ്ട്. 

ALSO READ : കുഞ്ചാക്കോ ബോബനൊപ്പം 'ദേവദൂതറി'ന് സ്റ്റെപ്പ് ഇട്ട് മമ്മൂട്ടി: വീഡിയോ

click me!