ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രം
വിജയ് ചിത്രങ്ങളിലെ ഗാനങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് എപ്പോഴും ഒരു പ്രതീക്ഷയുണ്ട്. ചുവടുവെക്കാന്‍ തോന്നിപ്പിക്കുന്ന ബീറ്റുകളും രസകരമായ വരികളും ഒപ്പം ഇളയ ദളപതിയുടെ ചുവടുകളും. സമീപകാലത്തിറങ്ങിയ മാസ്റ്ററിലും ബീസ്റ്റിലുമൊക്കെ ഇത്തരത്തില്‍ ആവേശം പകരുന്ന ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിജയ്‍യുടെ പൊങ്കല്‍ റിലീസ് ആയി എത്താനിരിക്കുന്ന ചിത്രം വരിശിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിവേക് എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ് ആണ്. വിജയ്‍യുടെ ശബ്ദത്തില്‍ തന്നെയാണ് ആസ്വാദകര്‍ക്ക് ഗാനം കേള്‍ക്കാനാവുക എന്നതാണ് ഏറെ കൌതുകകരമായ വസ്തുത. പൂര്‍ണ്ണമായ ഗാനം നവംബര്‍ 5 ന് നിര്‍മ്മാതാക്കള്‍ പുറത്തുവിടും.
ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
undefined
ALSO READ : ജൂഡ് ആന്‍റണിയുടെ പ്രളയ ചിത്രം വരുന്നു; ടൈറ്റില്‍ ലോഞ്ച് ചെയ്ത് പൃഥ്വിരാജ്, ഫഹദ്
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മാസ്റ്റര്‍, ബീസ്റ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. കൊവിഡ് ലോക്ക് ഡൌണിനു പിന്നാലെ തിയറ്ററുകള്‍ തുറന്നപ്പോള്‍ എത്തിയ മാസ്റ്റര്‍ വന്‍ വിജയം നേടിയിരുന്നെങ്കില്‍ ബീസ്റ്റിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. പൊങ്കല്‍ റിലീസ് ആയി അജിത്ത് കുമാറിന്‍റെ തുനിവും എത്തുന്നു എന്നത് തമിഴ് സിനിമാവ്യവസായം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.