ഫഹദും നസ്രിയയും വിവാഹത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്...
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന്‍റെ സോംഗ് ടീസര്‍ പുറത്തിറങ്ങി. 2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട് ട്രാന്‍സിന്. ഫഹദും നസ്രിയയും വിവാഹത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ഇരുവരെയും കൂടാതെ സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്.
ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, പറവ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് ജാക്സൺ വിജയനാണ്. സംവിധായകൻ ഗൗതം വാസുദേവ മേനോന്‍ ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അമല്‍ നീരദാണ് ക്യാമറ ഒരുക്കിയിരിക്കുന്നത് .റോബോട്ടിക്‌സ് നിയന്ത്രണമുള്ള ബോള്‍ട്ട് ഹൈ സ്പീഡ് സിനിബോട്ട് ക്യാമറ ഉള്‍പ്പെടെ ഛായാഗ്രഹണത്തിലും പുതുമ പരീക്ഷിക്കുന്നുണ്ട് ചിത്രം. ഫെബ്രുവരി 14ന് ചിത്രം പ്രദർശനത്തിനെത്തും.