ദൃശ്യവിസ്‍മയമാവാന്‍ വിനയന്‍ ചിത്രം; 'പത്തൊമ്പതാം നൂറ്റാണ്ട്' വീഡിയോ സോംഗ്

By Web Team  |  First Published Aug 23, 2022, 9:10 PM IST

തിരുവോണ ദിനമായ സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്തും


വിനയന്‍റെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമ പത്തൊമ്പതാം നൂറ്റാണ്ടിലെ വീഡിയോ സോംഗ് പുറത്തെത്തി. പൂതം വരുന്നെടീ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പ്. വിനയന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പേര് പോലെ തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രമാണ്. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതാണ് കേന്ദ്ര കഥാപാത്രം. സിജു വില്‍സണ്‍ ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. നേരത്തെ മെറ്റാവേഴ്സിൽ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയിരുന്നു. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തതെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു.

Latest Videos

undefined

ALSO READ : 'പോക്കിരിരാജുടെ സെറ്റ്, പൃഥ്വി പുതിയ ബിഎംഡബ്ല്യു വാങ്ങിയ ദിനം'; ഓര്‍മ്മച്ചിത്രം പങ്കുവച്ച് സുപ്രിയ

തിരുവോണ ദിനമായ സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമായാണ്.  സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് കട്ടുകളൊന്നും കൂടാതെ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ചിത്രം ഇഷ്ടപ്പെട്ടുവെന്ന് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

click me!