'ഒരു കുടം' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികള്‍ പാളുവ ഭാഷയിലുള്ളതാണ്. ഈ ഭാഷയില്‍ ആദ്യമായാണ് ഒരു സിനിമാഗാനം ഉണ്ടാവുന്നത്.
ജിയോ ബേബിയുടെ സംവിധാനത്തില്‍ നിമിഷാ സജയനും സുരാജ് വെഞ്ഞാറമ്മൂടും നായികാ നായകന്മാരാവുന്ന ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ലെ വീഡിയോഗാനം പുറത്തെത്തി. 'ഒരു കുടം' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികള്‍ പാളുവ ഭാഷയിലുള്ളതാണ്. ഈ ഭാഷയില്‍ ആദ്യമായാണ് ഒരു സിനിമാഗാനം ഉണ്ടാവുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് മൃദുലാദേവി എസ് ആണ്. സംഗീതം മാത്യൂസ് പുളിക്കന്‍. ആലപിച്ചിരിക്കുന്നത് ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പാടനും ചേര്‍ന്ന്.
പറയസമൂഹം വീട്ടകങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷാപ്രയോഗമാണ് പാളുവ ഭാഷ. പാളുവ ഭാഷയെക്കുറിച്ചും അതിന്‍റെ പ്രയോഗ രീതികളെക്കുറിച്ചും വിശദീകരിച്ച് ചിത്രത്തിലെ ഗാനരചയിതാവായ മൃദുലാദേവി എസ് മുന്‍പ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്..
undefined
പാളുവ ഭാഷയെക്കുറിച്ച് മൃദുലാദേവി എസ്
"പറയ ഭാഷയാണ് പാളുവ ഭാഷ. പൊതുവെ പറയ സമൂഹം ഈ ഭാഷ പുറത്തേയ്ക്കു കൈമാറുന്ന പതിവില്ല. ഭാഷ അന്യം നിന്ന് പോയിട്ടില്ല. ഇതര സമൂഹത്തിലേക്ക് കടത്തി വിടാതെ വീട്ടകങ്ങളിൽ ഇന്നും ഉപയോഗിക്കുന്ന ഭാഷാപ്രയോഗമാണിത്. ഗൂഢഭാഷാപ്രയോഗം എന്ന നിലയിൽ വെളിയിലേക്കു പുറത്ത് അധികം എത്താത്തതിനാൽ അന്യം നിന്നുപോയി എന്ന് കരുതപ്പെടുന്നതാണ്. പ്രത്യക്ഷ രക്ഷാ ദൈവസഭ, കെ ഡി പി എന്നിവയുടെ കടന്നുവരവോടെ ഈ ഭാഷ മറ്റു ദലിത് വിഭാഗങ്ങൾക്കിടയിലും എത്തിച്ചേർന്നു. പറയ ജീവിതത്തെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങളിൽ ഈ ഭാഷാപ്രയോഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ഭാഷയിലെ വാക്കുകൾക്ക് അർത്ഥം ഒറ്റവാക്കിൽ പറയുക എളുപ്പമല്ല. ഒരു വാക്കിനു തന്നെ പല അർത്ഥം ഉണ്ടാകാറുണ്ട്. തൊട്ടടുത്തുള്ള വാക്കിനോട് ചേർത്താണ് ഈ വാക്കിന് അർത്ഥം ലഭിക്കുക. ഓരോ വാക്കുകൾക്കും പോസിറ്റീവ് അർത്ഥവും, നെഗറ്റീവ് അർത്ഥവും ഉണ്ട്. അത്രമേൽ 'കറ്റ്' മൊത്തത്തിൽ ഈ ഭാഷയ്ക്കുണ്ട്. അതേ ഇത് മുഴുവനായും കറ്റ് പറച്ചിൽ ആണ്.
കറ്റ് എന്താണെന്നു നോക്കിയാൽ അടവ് എന്ന അർത്ഥം ആയിരിക്കും നിങ്ങള്‍ക്ക് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുക. എന്നാലിത് കേവല അർത്ഥം മാത്രമാണ്. അവൾ മഹാ കറ്റ് പിടിച്ചവൾ ആണ് എന്നു പറഞ്ഞാൽ ആ പറഞ്ഞതിന്‍റെ ഈണം ആണ് ആദ്യം പരിശോധിക്കുക (പാളുവ ഭാഷയ്ക്ക് നേരിയ താളാത്മകത ഉണ്ട്). താളം നെഗറ്റീവ് അർത്ഥം ആണെങ്കിൽ അവൾ മഹാ വിളച്ചിൽ പിടിച്ചവൾ എന്ന അർത്ഥത്തിൽ എത്തുന്നു. പോസിറ്റീവ് ആണെങ്കിൽ അവൾ മിടുക്കിയാണ് എന്നും അർത്ഥം കിട്ടുന്നു. കറ്റ് (വിളച്ചിൽ) പിടിച്ചവൾ എന്‍റെ ചെറുക്കനെ വീഴിച്ചു എന്ന് ഒരമ്മ പരാതിപ്പെടുമ്പോൾ ആ പെൺകുട്ടിയുടെ അമ്മ പറയുന്നത് എന്‍റെ പെണ്ണിന്‍റെ കറ്റ് (മിടുക്ക്) കണ്ടു അവൻ മയക്കിയെടുത്തു എന്നാണ്.
വേത് എന്ന വാക്കിന് ചൂട് എന്നാണ് ബുക്കിൽ നിന്നും കിട്ടുന്ന അർത്ഥം. പെണ്ണിന്‍റെ തൊടങ്ങിനു വേത് കുറിക്കുക എന്നു വച്ചാൽ കല്യാണത്തിന് തീയതി കുറിക്കുക എന്നാണ് അർത്ഥം. വേത് എന്നാൽ ചൂട്. ചൂടിന്‍റെ ഉറവിടം സൂര്യൻ. സൂര്യനായിരുന്നു പണ്ട് കാലങ്ങൾ ഗണിച്ചിരുന്ന കലണ്ടർ. ചൂട്, മഞ്ഞ്, മഴ എന്നീ കാലഭേദങ്ങളെ സൂര്യൻ നിയന്ത്രിക്കുന്നതിനാൽ വേത് (തീയതി) കുറിയ്ക്കുന്നതിന് സൂര്യനെയാണ് ആശ്രയിച്ചിരുന്നത്. ചടങ്ങ് നടക്കുന്നതിനു മുൻപ് കാളിയാക്ക് (പറയ മന്ത്രവിദ്യയിലെ സ്തുതിപ്പ്) നടത്താറുണ്ടായിരുന്നു. സൂര്യൻ കുറുമ്പ് കാണിക്കാതിരിക്കാൻ കാളിയാക്കു നടത്തുന്നതിൽ മുഴുവനും പാട്ടുകളായിരുന്നു ഉണ്ടായിരുന്നത്. കാളിയാക്ക് എന്ന വാക്കിന് ഒരേ സമയം സ്തുതിപ്പു എന്നും, കുറുമ്പ് /കുസൃതി/കളിവാക്ക് എന്നും അർത്ഥം ഉണ്ട്. പലരും അർത്ഥം ചോദിക്കുമ്പോൾ കൃത്യമായി വിശകലനം ചെയ്യാൻ പ്രയാസമുണ്ടാകുന്നത് ഇത്തരം വിവിധ അർത്ഥങ്ങൾ ഉള്ളത് കൊണ്ടാണ്. സഹവസിച്ചു, സംസാരിച്ചാണ് ഈ ഭാഷയിൽ കൈയ്യടക്കം ലഭിക്കുക..."