പുഷ്‍കര്‍- ഗായത്രി ദമ്പതികള്‍ തന്നെയാണ് ചിത്രം ഹിന്ദി റീമേക്കും സംവിധാനം ചെയ്‍തിരിക്കുന്നത്
ബോളിവുഡില്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ റീമേക്ക് ചിത്രമാണ് വിക്രം വേദ. മാധവനും വിജയ് സേതുപതിയും ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രത്തിന്‍റെ അതേ പേരിലുള്ള റീമേക്ക് ആണിത്. തമിഴില്‍ ചിത്രമൊരുക്കിയ പുഷ്‍കര്‍- ഗായത്രി ദമ്പതികള്‍ തന്നെയാണ് ചിത്രം ഹിന്ദി റീമേക്കും സംവിധാനം ചെയ്‍തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ഓ സാഹിബാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുംതാഷിര്‍ ആണ്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം ശേഖര്‍ രവ്‍ജിയാനിയും ചേര്‍ന്നാണ്. സെയ്‍ഫ് അലി ഖാന്‍ ആണ് റീമേക്കില്‍ വിക്രത്തെ അവതരിപ്പിക്കുന്നത്. ഹൃത്വിക് റോഷന്‍ വേദയെയും. രാധിക ആപ്തെ, രോഹിത്ത് സറഫ്, ഇഷാന്‍ ത്രിപാഠി, യോഗിത ബിഹാനി, ദ്രഷ്ടി ഭാനുശാലി, ഷരീബ് ഹാഷ്‍മി, സത്യദീപ് മിശ്ര, സുധന്വ ദേശ്‍പാണ്ഡെ, ഗോവിന്ദ് പാണ്ഡെ, മനുജ് ശര്‍മ്മ, ഭൂപേന്ദര്‍ നെഗി, ദേവ് ചൌഹാന്‍, കപില്‍ ശര്‍മ്മ, വിജയ് സനപ്, സൌരഭ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.
undefined
ALSO READ : 'ലൂസിഫറില്‍ എനിക്ക് പൂര്‍ണ്ണ തൃപ്‍തി ഇല്ലായിരുന്നു'; 'ഗോഡ്‍ഫാദറി'നെക്കുറിച്ച് ചിരഞ്ജീവി
നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട തമിഴ് ചിത്രം വിക്രം വേദ ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കേരളത്തിലും വന്‍ വിജയമായിരുന്നു ചിത്രം. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് (മാധവന്‍) ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു.