RRR Song : ചുവടുകളില്‍ വിസ്‍മയിപ്പിക്കുന്ന എന്‍ടിആര്‍, രാം ചരണ്‍; 'ആര്‍ആര്‍ആര്‍' വീഡിയോ സോംഗ്

By Web Team  |  First Published Apr 11, 2022, 5:23 PM IST

തിയറ്ററുകളില്‍ ഓളമുണ്ടാക്കിയ ഗാനം


ബാഹുബലി 2 ന് ശേഷമുള്ള രാജമൗലി ചിത്രം എന്ന നിലയില്‍ ടോളിവുഡിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍ (RRR). ഓവര്‍ ഹൈപ്പ് പലപ്പോഴും ചിത്രങ്ങളുടെ പരാജയകാരണം പോലും ആവുന്ന സാഹചര്യത്തില്‍ ആ പ്രതീക്ഷകളെ സാധൂകരിക്കുന്ന പ്രതികരണമാണ് രാജമൗലി ചിത്രം നേടിയത്. കൊവിഡിനു ശേഷമുള്ള ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ് ആയ ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

നാട്ടു നാട്ടു എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. സംഗീതം എം എം കീരവാണി, രാഹുല്‍ സിപ്ലിഗഞ്ജ്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. പ്രേം രക്ഷിത് നൃത്ത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെയും രാം ചരണിന്‍റെയും ചടുലമായ നൃത്തച്ചുവടുകള്‍ തിയറ്ററുകളില്‍ വലിയ കൈയടികള്‍ നേടിയിരുന്നു. 

Latest Videos

undefined

അതേസമയം 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ് ആര്‍ആര്‍ആര്‍. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് 1000 കോടിയിലേറെ നേടിയ മറ്റു രണ്ട് ചിത്രങ്ങള്‍. ഇതില്‍ ദംഗലിന്‍റെ ആഗോള ഗ്രോസ് 2024 കോടിയും ബാഹുബലി 2ന്‍റേത് 1810 കോടിയും ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ബജ്റംഗി ഭായ്ജാന്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് തന്നെ 710 കോടി ആയിരുന്നു. ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ ഗ്രോസ് 560 കോടിയും ആയിരുന്നു. കൊവിഡിനു ശേഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ആദ്യവാര കളക്ഷന്‍ ആയിരുന്നു ഇത്. ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളായിരുന്ന സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായി കത്തിയവാഡി എന്നിവയേക്കാളൊക്കെ മുകളിലാണ് ഈ ആദ്യ വാര കളക്ഷന്‍.

തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയായിരുന്നു. ഹിന്ദി പതിപ്പ് ആയിരുന്നു ആദ്യദിന കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി. കൂടാതെ വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ആദ്യവാരം ചിത്രത്തിന് ലഭിച്ചത്. ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ലോകമാകെ 10,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

click me!