അരനൂറ്റാണ്ടിലേറെക്കാലം ഗാനമേള കലാരംഗത്ത് തൃശൂര്‍ തരംഗം സൃഷ്ടിച്ച ആറ്റ്‌ലി ഡികൂഞ്ഞ അന്തരിച്ചു

By Web Team  |  First Published Mar 12, 2024, 10:34 PM IST

തൃശൂരിൽ നിന്ന് ആരംഭിച്ച നാലു പ്രശസ്ത ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനായിരുന്നു. വോയ്‌സ് ഓഫ് തൃശൂര്‍, മ്യൂസിക്കല്‍ വേവ്‌സ്, ട്രിച്ചൂര്‍ വേവ്‌സ്, ഒടുവില്‍ സ്വന്തം പേരില്‍ ആറ്റ്‌ലി ഓര്‍ക്കസ്ട്ര എന്നിവയായിരുന്നു ട്രൂപ്പുകള്‍. 


തൃശൂര്‍: അരനൂറ്റാണ്ടിലേറെക്കാലം ഗാനമേള കലാരംഗത്ത് തൃശൂര്‍ തരംഗം സൃഷ്ടിച്ച ആറ്റ്‌ലി ഡികൂഞ്ഞ (74) അന്തരിച്ചു. ചൊവ്വ വൈകിട്ട് 5.45നായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം നാലിനു മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ലത്തീന്‍ പള്ളിയില്‍. ഭാര്യ: ഫെല്‍സി. മക്കള്‍: ആറ്റ്‌ഫെല്‍ റിച്ചാര്‍ഡ് ഡികൂഞ്ഞ, മേരി ഷൈഫല്‍ റോര്‍ഡ്രിക്‌സ്. മരുമക്കള്‍: ട്രീസ എലവിന്‍ ഡികൂഞ്ഞ, സ്റ്റീഫന്‍ മെല്‍വിന്‍ റോഡ്രിക്‌സ്.

വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ സ്‌ട്രോക്കിന്റെ അവശതകളുണ്ടായിരുന്നെങ്കിലും ഭാര്യക്കൊപ്പം അഞ്ചേരിയിലെ എലിക്‌സര്‍ സൂപ്പര്‍ ലക്ഷ്വറി വില്ലാസിലായിരുന്നു അദ്ദേഹത്തിന്റെ താമസം. തൃശൂരിൽ നിന്ന് ആരംഭിച്ച നാലു പ്രശസ്ത ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനായിരുന്നു. വോയ്‌സ് ഓഫ് തൃശൂര്‍, മ്യൂസിക്കല്‍ വേവ്‌സ്, ട്രിച്ചൂര്‍ വേവ്‌സ്, ഒടുവില്‍ സ്വന്തം പേരില്‍ ആറ്റ്‌ലി ഓര്‍ക്കസ്ട്ര എന്നിവയായിരുന്നു ട്രൂപ്പുകള്‍. ഉപകരണ സംഗീതം വായിക്കുന്നവരും ഗായകരുമായ യുവതലമുറയില്‍പ്പെട്ട നിരവധി കലാകാരന്മാര്‍ ആറ്റ്‌ലിയുടെ ഗാനമേള ട്രൂപ്പുകളിലൂടെ കടന്നുവന്നവരാണ്. 

Latest Videos

undefined

ജോണ്‍സണ്‍, ഔസേപ്പച്ചന്‍ തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പം ജി. ദേവരാജന്‍ മാസ്റ്ററുടെ ഓര്‍ക്കസ്ട്രയില്‍ അംഗമായിരുന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ക്കൊപ്പവും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, പി. സുശീല, എസ്. ജാനകി, വാണിജയറാം, ചിത്ര, സി.ഒ. ആന്റോ, ബിജു നാരായണന്‍ തുടങ്ങിയവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. അമ്മാവനു പറ്റിയ അമളി എന്ന സിനിമയ്ക്കു വേണ്ടിയും മുട്ടത്തുവര്‍ക്കി കഥകള്‍ സീരിയലിനു വേണ്ടിയും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഓഡിയോ ആല്‍ബങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചു. 

ദൂരദര്‍ശന്‍ ടിവി സീരിയലുകളുടെ മികച്ച സംഗീത സംവിധായകനുള്ള ലയണ്‍സ് അവാര്‍ഡ്, തൃശൂരിലെ സാംസ്‌കാരിക സാഹിതിയുടെ ആദരവ് എന്നിവ നേടിയ ആറ്റ്‌ലി ആകാശവാണിയിലും ദൂരദര്‍ശനിലും ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. തൃശൂര്‍ ആകാശവാണിയുടെ സംസ്ഥാന സ്‌കൂള്‍ വജനോത്സവത്തിന്റെയും ലൈറ്റ് മ്യൂസിക് ഓഡിഷന്‍ ബോര്‍ഡിന്റെയും ജൂറി ബോര്‍ഡ് അംഗമായിട്ടുണ്ട്. 

സ്റ്റേജ് മ്യൂസിക് പരിപാടികള്‍ വിദേശത്തും അവതരിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് മാന്‍ഡ്വലിന്‍ വായിച്ചു തുടങ്ങി പിന്നീട് ഗിത്താറിസ്റ്റായി അറിയപ്പെടുകയായിരുന്നു. ഹാര്‍മോണിസ്റ്റ് വി.സി. ജോര്‍ജ്, ഹിന്ദി പാട്ടുകാരന്‍ കെ.എച്ച്. അക്ബര്‍, ട്രൂപ്പില്‍ പെണ്‍ശബ്ദമായി കടന്നുവന്ന ജോണ്‍സണ്‍, ഡ്രമ്മര്‍ ജോബോയ് എന്നിവര്‍ ചേര്‍ന്ന് 1968 ഫെബ്രുവരി 18നാണ് വോയ്‌സ് ഓഫ് ട്രിച്ചൂര്‍ എന്നപേരില്‍ ആദ്യമായി ഗാനമേള ട്രൂപ്പ് സ്ഥാപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!