ഗ്രൂപ്പ് ഓഫ് ദ ഇയർ പുരസ്‍കാരം ബിടിഎസിന്
ഇക്കൊല്ലത്തെ എംടിവി വീഡിയോ മ്യൂസിക് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ മികച്ച വീഡിയോക്കുള്ള പുരസ്കാരം നേടിയത് ടെയ്‍ലർ സ്വിഫ്റ്റ് ആണ്. ഓള്‍ ടൂ വെല്ലിന്‍റെ പത്ത്മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുരസ്കാരത്തിന് അർഹമായത്. ബെസ്റ്റ് ലോംഗ് ഫോം പുരസ്കാരവും ഇതിന് തന്നെയാണ്. ബാഡ് ബണ്ണി ആണ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ. ബില്ലി ഐലിഷിന്റെ ഹാപ്പിയര്‍ ദാന്‍ എവര്‍ ആണ് സോങ് ഓഫ് ദ ഇയർ. ഡോവ് കാമെറോണ്‍, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സ്, മനെസ്കിന്‍, അനിറ്റ, ലിസോ, ജാക്ക് ഹാര്‍ലോ തുടങ്ങിയ പ്രമുഖരും വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കെ പോപ് ബാൻഡുകളും മോശമാക്കിയില്ല.
ഗ്രൂപ്പ് ഓഫ് ദ ഇയർ ബിടിഎസ് ആണ്. ബെസ്റ്റ് മെറ്റാവേഴ്സ് പെര്‍ഫോമന്‍സ് പുരസ്കാരം നേടിയത് ബ്ലാക്ക് പിങ്ക്. വേദിയിലെ പ്രകടനത്തോടെ വിഎംഎ വേദിയിൽ പരിപാടി അവതരിപ്പിക്കുന്ന ആദ്യ കെ പോപ് വനിതാബാൻഡുമായി ബ്ലാക്ക് പിങ്ക്. തീർന്നില്ല. മികച്ച കെ പോപ്പിനുള്ള പുരസ്കാരം സംഘാംഗം ലിസയുടെ ലാലിസക്കാണ്. പുരസ്കാരം കിട്ടിയവരും പുരസ്കാര പ്രഖ്യാപനവേദിയിൽ പ്രകടനം കാഴ്ച വെച്ചവരുമെല്ലാം ഇക്കൊല്ലവും പുരസ്കാരനിശ താരനിബിഡമാക്കി. ഒപ്പം രസകരവുമാക്കി. ചില കാഴ്ചകൾ ഇക്കുറി വേറിട്ടതായിരുന്നു.
ആദ്യത്തേതും പ്രധാനപ്പെട്ടതും നടൻ ജോണി ഡെപ്പിന്റെ സാന്നിധ്യമായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു പുരസ്കാരവേദിയിലേക്കുള്ള ഡെപ്പിന്റെ വരവ്. പരിപാടി നടന്ന പ്രുഡെൻഷ്യൽ സെന്റർ അരീനയാകെ ഞെട്ടി. ഷോയുടെ മാസ്കറ്റ് അഥവാ ഭാഗ്യമുദ്രയായ ദ് മൂണ്‍ പേഴ്സണ്‍ ആയിട്ടാണ് ജോണി ഡെപ്പ് എത്തിയത്. ഒറ്റ തവണയെത്തി മടങ്ങുകയായിരുന്നില്ല ഡെപ്പ്. എനിക്കീ ജോലി വേണമായിരുന്നു, അത്യാവശ്യമായിരുന്നു എന്നായിരുന്നു ഡെപ്പിന്റെ കമന്റ്. തീർന്നില്ല, പിറന്നാൾ, കല്യാണം തുടങ്ങി ഏത് ആഘോഷത്തിനും വിളിച്ചാൽ മതി, അവതാരകനായി മാത്രമല്ല എന്ത് സഹായത്തിനും എത്താം എന്ന് ഒരു ഓഫറും കാണികൾക്ക് നൽകി. കരീബിയൻ കടൽക്കൊള്ളക്കാരുടെ കഥ പറയുന്ന സിനിമകളിലൂടെ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായ ജോണി ഡെപ്പ് ഒരിടവേളക്ക് ശേഷമാണ് പൊതുപരിപാടിക്ക് എത്തുന്നത്. മുൻഭാര്യ ആംബെർ ഹേർഡുമായുള്ള മാനനഷ്ടക്കേസ് വിചാരണക്ക് ശേഷം ഇതാദ്യവും. തന്റെ വരവിന്റെ ദൃശ്യങ്ങൾ ഡെപ്പ് തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇപ്പോൾ ആ വീഡിയോ തരംഗമായിക്കഴിഞ്ഞു.
പിന്നെ ശ്രദ്ധ പിടിച്ചു പറ്റിയത് നാലു വർഷത്തിന് ശേഷം വിഎംഎ വേദിയിലെത്തി കാണികളെ കയ്യിലെടുത്ത നിക്കി മിനാജിന്‍റെ പ്രകടനമായിരുന്നു. ഒരുപാടു ഹിറ്റുകൾ കോർത്തിണക്കിയുള്ള പ്രകടനത്തിലൂടെ ട്രിനിഡാഡിൽ നിന്നുള്ള റാപ് ഗായിക വേദി ഇളക്കിമറിച്ചു. തീർന്നില്ല. മൈക്കിള്‍ ജാക്സണ്‍ വീഡിയോ വാന്‍ഗാഡ് അവാര്‍ഡ് എന്ന അഭിമാനകരമായ നേട്ടവും മിനാജ് സ്വന്തമാക്കി. മ്യൂസിക് വീഡിയോ പോപ് രംഗത്ത് സ്വാധീനമുണ്ടാക്കിയ കലാകാരൻമാർക്കുള്ളതാണ് ഈ പുരസ്കാരം. കാന്യെ വെസ്റ്റ്, രിഹാന, ജെന്നിഫർ ലോപ്പസ്, ജസ്റ്റിൻ ടിംബർലേക്ക്, ജാനെറ്റ് ജാക്സൺ, മഡോണ തുടങ്ങിയ പ്രമുഖരാണ് മുന്‍പ് വീഡിയോ വാൻഗാർഡ് അവാർഡ് നേടിയിട്ടുള്ളത്.
മികച്ച ആൽബത്തിനുള്ള പുരസ്കാരം നേടിയ ഹാരി സ്റ്റേയ്ൽസ് സമ്മാനം ഏറ്റുവാങ്ങിയത് വെർച്വൽ ആയിട്ടാണ്. ന്യൂയോർക്കിൽ മാഡിസൺ സ്ക്വയർ ഗാർഡനിൽ നേരത്തെ നിശ്ചയിച്ച പരിപാടിയുണ്ടായതാണ് ചടങ്ങിനെത്താണ് ഹാരിക്ക് തടസ്സമായത്. ഏറെ ആരാധകരുള്ള ബ്രിട്ടീഷ് ഗായകന്റെ അഭാവം ഡിജിറ്റലായെങ്കിലും പരിഹരിക്കാൻ കഴിഞ്ഞ സമാധാനത്തിലായിരുന്നു സംഘാടകർ. ഹാരീസ് ഹൗസും അതിലെ ആസ് ഇറ്റ് വാസ് ഗാനവുമാണ് ഹാരിക്ക് പുരസ്കാരം നേടിക്കൊടുത്തത്. സംഗീതലോകത്ത് ഒട്ടേറെ ആരാധകരുള്ള അരിയന്ന ഗ്രാൻഡെക്ക് വിഎംഎ വേദിയിൽ എത്താൻ കഴിയാതിരുന്നതും ആരാധകർക്ക് നിരാശയായി. ലണ്ടനിൽ സിനിമാഷൂട്ടിങ്ങിൽ ആയതു കൊണ്ടാണ് അരിയന്നക്ക് പങ്കെടുക്കാൻ കഴിയാതിരുന്നത്. എന്തായാലും ജനപ്രിയസംഗീതലോകത്തെ പ്രമുഖ പുരസ്കാരപ്രഖ്യാപച്ചടങ്ങ് ഇക്കുറിയും താരത്തിളക്കത്താലും മികവുറ്റ പ്രകടനങ്ങളാലും ആഘോഷവേദിയായി.