ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തുന്ന ചിത്രം
തമിഴ് സിനിമയില്‍ ഹിറ്റ് മേക്കര്‍മാരായ ഒരു നിര സംവിധായകര്‍ യുവനിരയില്‍ എത്തിയിട്ടുണ്ട്. കോളിവുഡില്‍ ഇന്നത്തെ ഏറ്റവും വലിയ ഹിറ്റുകളെല്ലാം അവിടുത്തെ സൂപ്പര്‍താരങ്ങളെ നായകന്മാരാക്കി ഇവര്‍ ഒരുക്കുന്നതാണ്. എന്നാല്‍ താരവും പ്രതിഭാധനനായ സംവിധായകനും ഒരുമിക്കുന്നതുകൊണ്ട് മാത്രം ആ ഹിറ്റ് കോമ്പോ പൂര്‍ണ്ണമാകുന്നില്ല. സംഗീത സംവിധായകനായി മറ്റൊരു ഹിറ്റ് മേക്കര്‍ കൂടി എത്തണം. അനിരുദ്ധ് രവിചന്ദറിനാണ് ആ പേര്. സമീപകാലത്ത് തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന ജയിലറിന് ശേഷം അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിലെ രണ്ടാമത്തെ സിംഗിള്‍ ഇന്ന് വൈകിട്ട് പുറത്തെത്തും. അതിന് മുന്നോടിയായി രണ്ടാമത്തെ ഗാനത്തിന്‍റെ ഒരു ഗ്ലിംപ്സ് പുലര്‍ച്ചെ 12 ന് അണിയറക്കാര്‍ പുറത്തുവിട്ടു.
ബാഡ് ആസ് എന്ന ട്രാക്കിന്‍റെ സ്വഭാവം എന്തെന്ന് വെളിപ്പെടുത്തുന്നതാണ് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ലിറിക് വീഡിയോ. ടൈറ്റില്‍ കഥാപാത്രമായ വിജയിയുടെ ലിയോ ദാസിനെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ഗാനം. സുരക്ഷാകാരണങ്ങളെ മുന്‍നിര്‍ത്തി ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് റദ്ദാക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അതിന് പകരമായി ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ സ്ഥിരമായി എത്തിക്കുമെന്നും. പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പ്രൊമോഷണല്‍ മെറ്റീരിയല്‍ ആണ് ഈ സോംഗ് ഗ്ലിംപ്സ്. 12 ലക്ഷത്തിലധികം കാഴ്ചകളാണ് യുട്യൂബില്‍ വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. വിജയ്‍യുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ ബീസ്റ്റിന്‍റെയും മാസ്റ്ററിന്‍റെയും സംഗീത സംവിധാനം അനിരുദ്ധ് ആയിരുന്നു.
അതേസമയം തമിഴ് സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം, വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയെല്ലാം ചിത്രത്തിന് കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഘടകമാണ്. അതേസമയം ഫസ്റ്റ് ഗ്ലിംപ്സ് എത്തിയിരിക്കുന്ന രണ്ടാമത്തെ ഗാനത്തിന്‍റെ പൂര്‍ണരൂപം ഇന്ന് വൈകിട്ട് ആറിന് എത്തും.