S. Janaki Birthday : 60 സംഗീതവർഷങ്ങൾ, നിരവധി ഭാഷകൾ, 84ന്റെ നിറവിൽ തെന്നിന്ത്യയുടെ വാനമ്പാടി

By Web TeamFirst Published Apr 23, 2022, 11:13 AM IST
Highlights

മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിൽ പാടിക്കൊണ്ട് മലയാളത്തിൽ പാട്ടിന്റെ സുവർണകാലത്തിന് തുടക്കമിട്ടു ജാനകിയമ്മ. 

വിശേഷമായ ശബ്ദമാധുരിയാല്‍ ആസ്വാദക ഹൃദയങ്ങളില്‍ മധുമഴ പെയ്യിച്ച എസ് ജാനകി ഇന്ത്യന്‍ പിന്നണിഗാന രംഗത്തെ ഇതിഹാസങ്ങളില്‍ ഒരാളാണ്. ഇന്ന് 84ന്റെ നിറവിൽ നിൽക്കുകയാണ് സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. പതിറ്റാണ്ടുകൾക്കിപ്പുറവും ആഘോഷിക്കുന്ന ഈണങ്ങൾ തന്നെ ആണ് ജാനകിയമ്മക്കുള്ള ഏറ്റവും വലിയ ആദരം. ശതാഭിഷിക്തയാകുന്ന എസ് ജാനകിയുടെ ശബ്ദം ഇന്നും നിത്യഹരിതം. സുഖദുഖങ്ങളിലെല്ലാം നാം ചേർത്തുപിടിക്കുന്ന മനോഹര ​ഗാനങ്ങൾ.

1938 ഏപ്രില്‍ 23ന് ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ സിസ്തല ശ്രീരാമമൂര്‍ത്തിയുടെയും സത്യവതിയുടെയും മകളായിട്ടാണ് എസ് ജാനകിയുടെ ജനനം. കുഞ്ഞുനാള്‍ മുതലേ നല്ല സംഗീതവാസന പ്രകടിപ്പിച്ചിരുന്ന ജാനകിയെ സംഗീതം പഠിപ്പിക്കണം എന്ന് നിര്‍ദേശിച്ചത് അമ്മാവന്‍ ചന്ദ്രശേഖര്‍ ആയിരുന്നു. പൈദിസ്വാമിയില്‍ നിന്നും സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിച്ച ജാനകി സിലോണ്‍ റേഡിയോയില്‍ നിന്നും കേള്‍ക്കുന്ന ലതാ മങ്കേഷ്കറുടെ ഗാനങ്ങളില്‍ ആകൃഷ്ടയായി അവ ഹൃദ്യസ്ഥമാക്കി പാടി നടന്നിരുന്നു.

Latest Videos

1956ല്‍ ജാനകിയെ കുറിച്ച് അമ്മാവന്‍ ചന്ദ്രശേഖര്‍ എവിഎം സ്റ്റുഡിയോയിലേക്ക് കത്ത് എഴുതുകയും അവര്‍ ജാനകിയെ വിളിക്കുകയും പാട്ട് ഇഷ്ടപെട്ട അവര്‍ ജാനകിയെ സ്റ്റാഫ് ആര്‍ടിസ്റ്റ് ആയി നിയമിക്കുകയും ചെയ്തു. വൈകാതെ തന്നെ ഓള്‍ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച ലളിതഗാനമത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും അന്നത്തെ രാഷ്ട്രപതിയില്‍ നിന്നും സമ്മാനം വാങ്ങുകയും ചെയ്തതോടെ ജാനകിയ്ക്ക് സിനിമയിലേക്ക് ഉള്ള വഴി തുറക്കുക ആയിരുന്നു. 

ആന്ധ്രയിലെ ഗുണ്ടൂരിൽ നിന്ന് സിനിമയുടെ ലോകം തേടി മദിരാശിയിലെത്തുമ്പോൾ കൗമാരക്കാരിയായിരുന്നു ജാനകിയമ്മ. തമിഴിൽ ആയിരുന്നു അരങ്ങേറ്റം. ആദ്യചിത്രം വിധിയിൻ വിളയാട്ടിൽ പാടുമ്പോൾ പ്രായം 19. ഐതിഹാസികമായ ഒരു യാത്രയുടെ തുടക്കം കൂടിയായിരുന്നു അത്. അധികം വൈകാതെ ആ സ്വരമാധുരി മറ്റ് ഭാഷകളിലേക്കും ചേക്കേറി. 

മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിൽ പാടിക്കൊണ്ട് മലയാളത്തിൽ പാട്ടിന്റെ സുവർണകാലത്തിന് തുടക്കമിട്ടു ജാനകിയമ്മ. ഹിറ്റുകൾക്ക് ഇടവേളയില്ലാത്ത യാത്രയായിരുന്നു പിന്നീട്. എംഎസ് ബാബു രാജ് മുതൽ പുതിയ കാലത്തെ സംഗീതജ്ഞരിലേക്ക് വരെ എത്തിയ അതിശയകരമായ സംഗീതയാത്ര. ഭാഷയുടെ അതിർവരമ്പുകളെ ഭേദിച്ച ജാനകിയമ്മ മലയാളികൾക്കും തമിഴർക്കും കന്നടികർക്കുമെല്ലാം സ്വന്തം നാട്ടുകാരിയായി. പ്രണയിനിയായും അമ്മയായും കുഞ്ഞായുമെല്ലാം പാട്ടിന്റെ സുന്ദരഭാവങ്ങൾ ജാനകിയിലൂടെ ശ്രോതാക്കൾ തൊട്ടറിഞ്ഞു.

60 സംഗീതവർഷങ്ങൾ, 17 ഭാഷകൾ, അൻപതിനായിരത്തോളം പാട്ടുകൾ, പദ്മ അവാർഡുകൾ അടക്കം കേന്ദ്ര
സംസ്ഥാന പുരസ്കാരങ്ങൾ. 2017ൽ ഏവരെയും ഞെട്ടിച്ച് സ്വയം വിരമിക്കൽ പ്രഖ്യാപിച്ചു ജാനകിയമ്മ. സമൂഹമാധ്യമങ്ങളിൽ ഇടക്കിടെ വരുന്ന ആരോഗ്യസ്ഥിതിയെകുറിച്ചുള്ള വ്യാജവാർത്തകൾ ചിരിച്ചു തള്ളി മൈസൂരുവിൽ വിശ്രമജീവിതം തുടരുകയാണ് തെന്നിന്ത്യയുടെ പ്രിയ വാനമ്പാടി. 84ന്റെ നിറവിൽ എത്തി നിൽക്കുന്ന ജാനകിയമ്മയുടെ പിറന്നാൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലെ സം​ഗീതാസ്വാദകരും ആഘോഷമാക്കുകയാണ്. 

click me!