റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പലപ്പോഴും ഒരു ഹെഡ്മാസ്റ്റര്‍ ആവാറുള്ള ഇളയരാജ പക്ഷേ ചിത്രയെ വളരെ സമാധാനത്തില്‍ തെറ്റുകള്‍ പറഞ്ഞ് മനസിലാക്കി
കെ എസ് ചിത്ര പാടാത്ത ഇന്ത്യന്‍ ഭാഷകള്‍ തുലോം കുറവായിരിക്കും. മലയാളത്തില്‍ നിന്ന് ആരംഭിച്ച് തമിഴ്, തെലുങ്ക് വഴി ഒഡിയയിലും ബംഗാളിയിലും വരെ എത്തിയ സ്വരമധുരിമ. ഒപ്പം ഇംഗ്ലീഷ്, സിന്‍ഹളീസ്, ലാറ്റിന്‍ വരെയുള്ള വിദേശ ഭാഷകളും. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എം ജി രാധാകൃഷ്ണന്‍ ഈണമിട്ട രജനി പറയൂ എന്ന ഗാനം പാടാനെത്തിയ കൗമാരക്കാരി അന്ന് തനിക്കറിയാതിരുന്ന നിരവധി ഭാഷകളില്‍ പിന്നീട് തെളിമയോടെ ആലപിച്ചു. മലയാളവും അല്‍പം തമിഴും മാത്രം അറിയാമായിരുന്ന ചിത്ര മറ്റനവധി ഭാഷകളില്‍ മനോഹര ആലാപനങ്ങള്‍ നടത്തിയതിന് പിന്നില്‍ വലിയ പ്രയത്നമുണ്ട്, ഒപ്പം നിരവധി പ്രതിഭാധനരുടെ സഹായവും.
തിരുവനന്തപുരത്തുകാരി ആണെന്നതിനാല്‍ അന്നത്തെ മദ്രാസിലേക്ക് എത്തുമ്പോള്‍ ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ റെക്കോര്‍ഡിംഗുകളിലേക്ക് എത്തിയപ്പോള്‍ ആ ആത്മവിശ്വാസം അസ്ഥാനത്താണെന്ന് ചിത്ര മനസിലാക്കി. തമിഴും മലയാളവും കൂടിക്കലര്‍ന്ന ഒരു തമിഴാളമാണ് അവിടെ ആദ്യമെത്തുന്ന പല മലയാളികളെയും പോലെ ചിത്രവും തമിഴെന്ന നിലയില്‍ സംസാരിച്ചിരുന്നത്. എന്നാല്‍ റെക്കോര്‍ഡിംഗ് വേളയില്‍ ചിത്രയ്ക്ക് സഹായമായത് ഇളയരാജയെയും വൈരമുത്തുവിനെയും പോലെയുള്ളവര്‍ ആയിരുന്നു. കണിശക്കാരനായ ഇളയരാജയുടെ റെക്കോര്‍ഡിംഗ് പല ഗായകര്‍ക്കും പേടിയാണ്. രാജ സാറിന്‍റെ റെക്കോര്‍ഡിംഗ് തനിക്കും ഒരു പരീക്ഷ എഴുതുംപോലെ ആയിരുന്നുവെന്ന് ചിത്ര പറഞ്ഞിട്ടുണ്ട്.
undefined
പക്ഷേ ഉച്ചാരണപ്പിശകുകളൊക്കെ ഇളയരാജ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്ന് വന്ന തുടക്കക്കാരി എന്ന നിലയില്‍ തമിഴ് ആലപിക്കുന്ന സമയത്തെ മലയാള ഭാഷാ ഉച്ചാരണമായിരുന്നു ഒരു പ്രധാന പ്രശ്നം. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പലപ്പോഴും ഒരു ഹെഡ്മാസ്റ്റര്‍ ആവാറുള്ള ഇളയരാജ പക്ഷേ ചിത്രയെ വളരെ സമാധാനത്തില്‍ തെറ്റുകള്‍ പറഞ്ഞ് മനസിലാക്കി. റെക്കോര്‍ഡ് ചെയ്തത് സ്വയം കേട്ട് നോക്കി ആത്മവിമര്‍ശനം നടത്താന്‍ പറഞ്ഞു. തമിഴില്‍ എന്നല്ല അറിയാത്ത ഒരു ഭാഷയില്‍ ആലപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളെക്കുറിച്ച് കെ എസ് ചിത്രയ്ക്ക് മികച്ച അടിത്തറ സൃഷ്ടിച്ചതില്‍ ഇളയരാജയ്ക്കും വൈരമുത്തുവിനുമൊക്കെ വലിയ പങ്കുണ്ട്.
ഉച്ചാരണത്തിലടക്കം പ്രശ്നമുണ്ടായിരുന്നുവെങ്കിലും തമിഴ് ചിത്രയ്ക്ക് അറിയാവുന്ന ഭാഷയായിരുന്നു. പക്ഷേ പിന്നീട് തെലുങ്ക് ഗാനങ്ങള്‍ മുന്നിലെത്തിയപ്പോള്‍ അതിനേക്കാള്‍ വലിയ കീറാമുട്ടിയായി. പക്ഷേ അവിടെയും ചിത്രയെ സഹായിക്കാനും ആത്മവിശ്വാസം പകരാനും പ്രഗത്ഭര്‍ ഉണ്ടായിരുന്നു. എസ്‍ പി ബാലസുബ്രഹ്‍മണ്യത്തെ ചിത്ര ഇക്കാര്യത്തില്‍ നന്ദിയോടെ സ്മരിച്ചിട്ടുണ്ട്. തെലുങ്ക് വാക്കുകളുടെ അര്‍ഥാന്തരങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നത് കൂടാതെ ആലാപനത്തിലെ ഭാവപ്രകടനത്തെക്കുറിച്ചും എസ് പി ബി നല്‍കിയ വിലപ്പെട്ട ഉപദേശങ്ങള്‍ ചിത്രയ്ക്ക് തുണയായിട്ടുണ്ട്. പാടുമ്പോള്‍ വരികളുടെ അര്‍ഥമനുസരിച്ചുള്ള വികാരപ്രകടനത്തിന് ചിരിച്ചുകൊണ്ട് പാടാനോ അല്ലെങ്കില്‍ ഉള്ളിലും മുഖത്തുമൊക്കെ ദേഷ്യത്തോടെ പാടാനോ ഒക്കെ അദ്ദേഹം പറഞ്ഞുകൊടുത്തു. തെലുങ്കിലെ തുടക്കത്തില്‍ എം എം കീരവാണിയും എസ് ജാനകിയുമൊക്കെ പലപ്പോഴായി തുണയായി.
ഇതുവരെയുള്ള കലാജീവിതത്തില്‍ 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് കെ എസ് ചിത്ര. ആറ് സംസ്ഥാനങ്ങളില്‍ നിന്നായി 36 ചലച്ചിത്ര അവാര്‍ഡുകളാണ് അവര്‍ക്ക് ലഭിച്ചത്. 2005 ല്‍ പദ്മശ്രീയും 2021 ല്‍ പദ്മ ഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.
ALSO READ : എന്തുകൊണ്ട് എപ്പോഴും ഈ ചിരി? ചിത്ര ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക