ക്ലബ് ഹൗസിൽ ഇതിനോടകം തന്നെ ഹിറ്റായ 'കാണാതെ' യൂട്യൂബിലും ശ്രദ്ധ നേടുകയാണ്
സോഷ്യല്‍ ഓഡിയോ ആപ്ലിക്കേഷനായ ക്ലബ്ബ് ഹൗസിലെ കൂട്ടായ്‍മയിലൂടെ രൂപപ്പെട്ട സംഗീത ആല്‍ബത്തിന് അഭിനന്ദനവുമായി പ്രശസ്‍ത ഗായകന്‍ ശ്രീനിവാസ്. ക്ലബ്ബ് ഹൗസിലെ 'മാഞ്ചോട്ടില്‍ കൂടാം', 'പാതിരാപ്പാട്ടുകള്‍' എന്നീ കൂട്ടായ്‍മകള്‍ ചേര്‍ന്ന് ആസ്വാദകർക്കായി അണിയിച്ചൊരുക്കിയ സംഗീത സമ്മാനമാണ് ഗായകൻ ശ്രീനിവാസിന്‍റെ ഹൃദയം കീഴടക്കിയത്. 'മാഞ്ചോട്ടിൽ കൂടാം' ചാറ്റ്‍റൂമില്‍ ചലച്ചിത്രതാരം മാലാ പാർവ്വതി തുടങ്ങിവച്ച ചർച്ചയാണ് 'പാതിരാപ്പാട്ടുകൾ' റൂമിൽ വെച്ച് പാട്ടെഴുതി സംഗീതം നൽകാമെന്ന തീരുമാനത്തിന് വഴിയൊരുക്കിയത്.
'കാണാതെ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് എറണാകുളം വടക്കന്‍ പറവൂർ സ്വദേശിനി ഷിൻസി നോബിളാണ്. സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി സിഇഒ ആണ് ഷിൻസി. പത്തനംത്തിട്ട അടൂർ സ്വദേശി സജീവ് സ്റ്റാൻലിയാണ് സംഗീതം നൽകി ഗാനം പാടിയിരിക്കുന്നത്. പാട്ടിന്‍റെ പിന്നണിയിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതോപകരണങ്ങൾ വായിച്ചിരിക്കുന്നതും സജീവ് സ്റ്റാൻലി തന്നെയാണ്. പ്രശസ്ത ഗായകരായ ശ്രീനിവാസ്, ഹരീഷ് ശിവരാമകൃഷ്ണൻ, വീത് രാഗ്, പ്രദീപ് സോമസുന്ദരം, സംഗീതജ്ഞൻ പാലക്കാട് ശ്രീറാം, സിനിമാ താരങ്ങളായ മാലാ പാർവ്വതി, ആശിഷ് വിദ്യാർത്ഥി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ക്ലബ് ഹൗസിൽ പാതിരാപ്പാട്ട് റൂമിലൂടെ പാട്ട് പുറത്തിറക്കിയത്. പാട്ട് കേട്ട് ഇഷ്‍ടപ്പെട്ട ശ്രീനിവാസ് തത്സമയം മറ്റൊരു പാട്ടിന്‍റെ ഈണം നൽകി, വരികളെഴുതി ചിട്ടപ്പെടുത്താനായി ഷിൻസിയ്ക്കും സജീവിനും അവസരം നൽകിയിരിക്കുകയുമാണ്. ക്ലബ് ഹൗസിൽ ഇതിനോടകം തന്നെ ഹിറ്റായ 'കാണാതെ' യൂട്യൂബിലും ശ്രദ്ധ നേടുകയാണ്.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona