ജരഗണ്ഡി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനന്ത ശ്രീറാം
തെന്നിന്ത്യന്‍ സിനിമാപ്രേമിക്ക് നിരവധി ബിഗ് സ്ക്രീന്‍ അനുഭവങ്ങള്‍ പകര്‍ന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ ഗാന രംഗങ്ങളും ഏറെ പ്രത്യേകതയുള്ളതാണ്. വമ്പന്‍ കാന്‍വാസില്‍ കളര്‍ഫുള്‍ രംഗങ്ങളും നൃത്തവും ഒപ്പം മികച്ച ഗാനവും ചേരുമ്പോള്‍ മറക്കാനാവാത്ത അനുഭവമാണ് ആ ഗാനരംഗങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ വരാനിരിക്കുന്ന ഷങ്കര്‍ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. രാം ചരണിനെ നായകനാക്കി ഷങ്കര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തിലെ ആദ്യ സിംഗിള്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ലിറിക് വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നതെങ്കിലും ചില രംഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. രാം ചരണിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്.
ജരഗണ്ഡി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനന്ത ശ്രീറാം. സംഗീതം തമന്‍ എസ്, ദലേര്‍ മെഹന്ദിയും സുനിധി ചൗഹാനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2021 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ചിത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് രാം ചരണ്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പലകുറി ക്യാംപെയ്നുകള്‍ നടത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാവ് ദില്‍ രാജു എത്തിയിരുന്നു. ഷങ്കര്‍, രാജൗലി, സന്ദീപ് റെഡ്ഡി വാംഗ തുടങ്ങിയ സംവിധായകര്‍ പെര്‍ഫെക്ഷണിസ്റ്റുകള്‍ ആണെന്നും ചിത്രീകരണത്തിന് അവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം വൈകിയാലും ഷങ്കര്‍ തങ്ങളെ നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് രാം ചരണ്‍ ആരാധകര്‍.
പൂര്‍ത്തിയായിട്ടില്ലാത്ത ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത് സീ 5 ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, വന്‍ തുകയുമാണ് സീ 5 ഇതിനായി മുടക്കിയിരിക്കുന്നതെന്നും. കിയാര അദ്വാനി, അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍, ശുഭലേഖ സുധാകര്‍, നവീന്‍ ചന്ദ്ര, രാജീവ് കനകല, അജയ് രാജ്, വൈഭവ് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : ടാസ്‍കിനിടെ അര്‍ജുന് പരിക്ക്? സൂചന നല്‍കി ബിഗ് ബോസ്