നിരവധി പേർ ‘വരാഹ രൂപം’ കോപ്പിയടിച്ചതാണെന്ന് പറഞ്ഞ് കമന്റുകൾ ചെയ്തിട്ടുമുണ്ട്.
ബോക്സ് ഓഫീസുകളിൽ മിന്നും പ്രകടനവുമായി മുന്നേറുകയാണ് കന്നഡ ചിത്രം കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് അടുത്തിടെയാണ് റിലീസ് ചെയ്തത്. ബോളിവുഡിനെയും അമ്പരപ്പിച്ച ചിത്രം കേരളക്കരയിലും ആവേശമായി മാറുകയാണ്. ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ് ‘വരാഹ രൂപം‘ പാട്ട്. തിയറ്ററുകളിൽ പ്രകമ്പനം തീർത്ത ഈ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്ന് പറയുകയാണ് ഹരീഷ് ശിവരാമകൃഷ്ണൻ.
‘വരാഹ രൂപം’ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓർക്കസ്ട്രൽ arrangementന്‍റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയ കൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ല. നല്ല ഉറപ്പുണ്ട്', എന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഹരീഷിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
undefined
‘വരാഹ രൂപം‘ പാട്ട് പുറത്തിറങ്ങിയപ്പോൾ തന്നെ നവരസത്തിന്റെ കോപ്പിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ചിലർ ഇതേപറ്റി സോഷ്യൽ മീഡിയ പേജുകളിലും കുറിച്ചിരുന്നു. കോപ്പിയടി ആരോപണം ഉയര്‍ന്നതിന് പിന്നാലെ വരാഹ രൂപത്തിന്റെ സംഗീത സംവിധായകന്‍ അജനീഷ് ലോകേഷ് മറുപടിയുമായി രംഗത്തെത്തി. തങ്ങള്‍ ഒരു ട്യൂണും കോപ്പി അടിച്ചിട്ടില്ലെന്നും കമ്പോസിഷന്‍ പൂര്‍ണമായും വ്യത്യസ്തമാണെന്നും ആയിരുന്നു അജനീഷ് പറഞ്ഞത്. റോക്ക് മ്യൂസിക്കിന്‍റെ സ്റ്റൈലും ടെമ്പോയും മെലഡിയും ഈ പാട്ടിന് ഇന്‍സ്പിരേഷൻ ആയിട്ടുണ്ട്. ഞാന്‍ നവരസ പാട്ട് നേരത്തെ കേട്ടിട്ടുണ്ട്. അതെന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയിട്ടുമുണ്ട്. പക്ഷേ കോപ്പിയടി ആണെന്ന് പറഞ്ഞാൽ സമ്മതിച്ച് തരാനാകില്ലെന്നുമാണ് അജനീഷ് പറഞ്ഞത്.
ഈ മറുപടിയും ഹരീഷിന്‍റെ പോസ്റ്റിന് താഴെ ചിലര്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അജനീഷിന്‍റേത് ഒട്ടും സത്യസന്ധമല്ലാത്ത പ്രതികരണമാണെന്നാണ് ഹരീഷ് മറുപടി നല്‍കിയിരിക്കുന്നത്. നിരവധി പേർ ‘വരാഹ രൂപം’ കോപ്പിയടിച്ചതാണെന്ന് പറഞ്ഞ് കമന്റുകൾ ചെയ്തിട്ടുമുണ്ട്.
'കെജിഎഫ് 2'നെയും മറികടന്ന് 'കാന്താര'; പുത്തൻ നേട്ടവുമായി ഹോംബാലെ ഫിലിംസ്