'ആ കൊച്ചു മോളുടെ ചിരിച്ച മുഖം, അവൾ നേരിട്ട ക്രൂരത, നടുക്കുന്നു, കണ്ണീറനാക്കുന്നു'; ജി വേണു​ഗോപാൽ

By Web Team  |  First Published Jul 29, 2023, 6:59 PM IST

താങ്ങാവുന്നതിലും വലിയ ക്രൂരതയാണ് നടന്നതെന്ന് ഗായകൻ ജി വേണു​ഗോപാൽ. 


ലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി ​ഗായകൻ ജി വേണു​ഗോപാൽ. ഒരു അച്ഛന്, രക്ഷിതാവിന്, അമ്മയ്ക്ക്, പൊതു സമൂഹത്തിന് താങ്ങാവുന്നതിലും വലിയ ക്രൂരതയാണ് നടന്നതെന്നും വേണു​ഗോപാൽ പറയുന്നു. ആ അച്ഛനുമമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. 

ജി വേണു​ഗോപാലിന്റെ വാക്കുകൾ ഇങ്ങനെ

Latest Videos

undefined

ഒരു അച്ഛന്, രക്ഷിതാവിന്, അമ്മയ്ക്ക്, ഒരു പൊതു സമൂഹത്തിന് താങ്ങാവുന്നതിലും വലിയ ക്രൂരത. പത്രങ്ങളും ടി വി യും തുറക്കാൻ ഭയമായിത്തുടങ്ങിയിരിക്കുന്നു. ഇന്ന് നമ്മെ നിലംപരിശാക്കാൻ എന്താണടുത്തത് എന്ന് മാദ്ധ്യമങ്ങളും തിരയുന്നു. കാട്ടു ജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്ക്ക് തല, കണ്ണിന് കണ്ണെന്ന സ്വാഭാവിക നീതി എടുത്തു മാറ്റി പരിഷ്കൃതമായ നിയമ പരിരക്ഷ കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകളായി. മുങ്ങി മുങ്ങി താഴുന്ന നീതി വ്യവസ്ഥ മനുഷ്യരിൽ കലാപവാസനയാണ് കുത്തി നിറയ്ക്കുന്നത്. ഓരോ കുറ്റവാളിയെയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോലീസിനാകാത്തത്, ഭരണത്തിലും, പോലീസിലും, ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിൻ്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളിലെ extra judicial police കൊലപാതകങ്ങളെ നമ്മളും വാഴ്ത്തിത്തുടങ്ങിയിരിക്കുന്നു. മറുനാടൻ തൊഴിലാളികളെ "അതിഥി ''കളായി സ്വീകരിക്കുന്നവരാണ് മലയാളികൾ. നമ്മുടെ അലിവും, സഹനശക്തിയുമൊന്നും നഷ്ടപ്പെടാതിരിക്കട്ടെ. നമ്മുടെ മനസ്സുകളെന്നും അന്യരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ, ഏത് ദുരിതത്തിനിടയിലും, നമ്മുടെ വിരൽ തുമ്പുകൾ അവരുടെ കണ്ണുനീരൊപ്പിയിട്ടേയുള്ളൂ. അന്യദേശ അതിഥി തൊഴിലാളികളായ ആ അച്ഛനുമമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണ്. ഇതിനിടയിൽ അത് മറക്കണ്ട. ആ കൊച്ചു മോളുടെ ചിരിച്ച മുഖം , അവൾ നേരിട്ട ക്രൂരത, നടുക്കുന്നു, കണ്ണീറനാക്കുന്നു. കണ്ണു നിറയുമ്പൊഴും, കാതുണരട്ടെ. നന്മ നമ്മൾക്ക് കാവലാകട്ടെ!.

ഹൃദയഭേദകം, നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും ?: ഉണ്ണിമുകുന്ദൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!