വൺ ഡയറക്ഷൻ ബാന്‍റിലെ മുൻ അംഗമായ ലിയാം പെയ്ൻ ബ്യൂണസ് ഐറിസിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബ്യൂണസ് ഐറിസ്: വൺ ഡയറക്ഷൻ ബാന്‍റിലെ മുൻ അംഗമായ ലിയാം പെയ്ൻ മരണപ്പെട്ടു. 31 വയസ്സായിരുന്നു. അർജന്‍റീനയിലെ ബ്യൂണസ് ഐറിസിലെ ഒരു ഹോട്ടലിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. സംഗീതജ്ഞന്‍റെ മരണം സംഭവിച്ച സാഹചര്യങ്ങൾ ഇപ്പോഴും അവ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
ലഹരിയില്‍ ഒരാള്‍ ആക്രമണത്തിന് ഒരുങ്ങുന്നതായ അടിയന്തര സന്ദേശം 911 കോൾ ലഭിച്ചതിനെത്തുടർന്ന് ബുധനാഴ്ച ഹോട്ടലിലേക്ക് എത്തുന്നതിനിടെയാണ് ഇയാള്‍ കെട്ടിടത്തില്‍ നിന്നും വീണത് എന്നാണ് വിവരം. തങ്ങളുടെ ഹോട്ടല്‍ ഗസ്റ്റുകളില്‍ ഒരാള്‍ ലഹരിയില്‍ റൂമിലെ സാധാനങ്ങള്‍ തകര്‍ക്കുകയാണ് പൊലീസ് സഹായം വേണമെന്നാണ് കോളില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ പൊലീസ് എത്തുന്നതിന് തൊട്ട് മുന്‍പ് ഇയാള്‍ ഹോട്ടലിന്‍റെ മുകള്‍ നിലയില്‍ നിന്നും താഴത്തേക്ക് വീണിരുന്നു. പൊലീസ് മരണത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് പുറത്തുവിട്ട ലിയാം പെയ്നിന്‍റെ റൂമിലെ ദൃശ്യങ്ങള്‍ പ്രകാരം റൂമിലെ ടിവി അടക്കം ഉപകരണങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
ബ്രിട്ടീഷ് നിർമ്മാതാവ് സൈമൺ കോവൽ പെയ്‌നെയും ഹാരി സ്റ്റൈൽസ്, സെയ്ൻ മാലിക്, ലൂയിസ് ടോംലിൻസൺ, നിയാൽ ഹൊറാൻ എന്നിവരെ ചേര്‍ത്ത് ഉണ്ടാക്കിയ ബാന്‍റാണ് വണ്‍ ഡയറക്ഷന്‍. "ദി എക്സ്-ഫാക്ടര്‍" എന്ന ഷോയുടെ യുകെ പതിപ്പിന്‍റെ ഓഡിഷൻ പങ്കെടുത്തതോടെ വൺ ഡയറക്ഷൻ പ്രസിദ്ധമായി.
1ഡി എന്ന വിളിപ്പേരിലാണ് ബാന്‍റ് അറിയിപ്പെട്ടത്. ബിൽബോർഡ് 200-ൽ ഇവരുടെ ആദ്യത്തെ നാല് ആൽബങ്ങൾ നമ്പര്‍ വണ്‍ ആയിരുന്നു. ഇതോടെ ഇവര്‍ ഒരു ആഗോള പ്രതിഭാസമായി മാറി. ഡയറക്ഷനേഴ്സ് എന്ന വിളിപ്പേരുള്ള ഇവര്‍ തങ്ങളുടെ സ്വന്തം കരിയര്‍ ലക്ഷ്യമാക്കി വേർപിരിയുന്നതിന് മുമ്പ് 50 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റഴിച്ചിരുന്നു.
2015ല്‍ മാലിക്ക് ആണ് ആദ്യം ബാന്‍റ് വിട്ടത്. പിന്നാലെ മറ്റുള്ളവരും വിട്ടു. പെയ്ൻ തന്‍റെ ആദ്യ സോളോ ആൽബം 2019 ൽ "എല്‍പി1" എന്ന പേരിൽ പുറത്തിറക്കി. കഴിഞ്ഞ വർഷം ഒരു പുതിയ ആൽബത്തിനും ടൂറിനും വേണ്ടിയുള്ള പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു എന്നാല്‍ അത് പെയ്‌നിന് വൃക്കസംബന്ധമായ അണുബാധയെ തുടർന്ന് മാറ്റിവച്ചു.
2023 ഒരു വീഡിയോയിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരായ സ്വയം നടത്തിയ പോരാട്ടം അദ്ദേഹം തുറന്നുപറയുകയും. ആറ് മാസത്തോളമായി താന്‍ ലഹരി വിമുക്തനാണെന്നും പറഞ്ഞിരുന്നു.