സംഘാംഗങ്ങള്‍ വീണ്ടും ഒന്നിക്കാനുള്ള കാത്തിരിപ്പ് 2025 വരെ
ബിടിഎസ് ബുസാനിൽ നടത്തിയ സംഗീത പരിപാടിയുടെ ആവേശത്തിലും സന്തോഷത്തിലും ആറാടിയ ലക്ഷക്കണക്കിന് ആരാധകർക്ക് ഇനി അവരുടെ ആ പാട്ട് കാത്തിരിപ്പിന്റെ നാളുകളുടെ വിരസത മാറ്റാനുള്ളതാണ്. ലോകമെമ്പാടും ഉള്ള ആർമി (ബിടിഎസ് ആരാധകക്കൂട്ടായ്മ) അങ്ങോട്ടും ഇങ്ങോട്ടും അതു തന്നെ പറയുന്നു... ഇനിയും വരാനുണ്ട്, ഇനിയും വരും, 2025 ഇതാ എന്നു പറയും പോലെ ഇങ്ങെത്തും. നമുക്ക് അവർക്കായി കാത്തിരിക്കാം. രാജ്യത്തോടുള്ള ഉത്തരവാദിത്തം അവർ നിറവേറ്റുന്നത് എത്ര നല്ല കാര്യമാണ്. നമുക്ക് അവരെ പിന്തുണക്കാം, കാത്തിരിക്കാം. ആർഎം, ജിൻ, സുഗ, ജെ ഹോപ്, ജിമിൻ, വി, ജങ് കുക്ക്... പോയി വരൂ, ഞങ്ങൾ ഇവിടെ നിങ്ങൾക്കായി
കാത്തിരിക്കുന്നു.
ഓരോരുത്തരും വ്യക്തിഗത ആൽബങ്ങളും പരിപാടികളുമായി മുന്നോട്ടു പോകുന്നു, ഗ്രൂപ്പ് ആക്ടിവിറ്റികളിൽ നിന്ന് ഒരിടവേളയെടുക്കുന്നു എന്ന് ബിടിഎസ് സംഘം ജൂണിൽ പറഞ്ഞപ്പോൾ തന്നെ ആരാധകർക്ക് സഹിക്കാനായിരുന്നില്ല. ബുസാനിൽ 2030ലെ വേൾഡ് എക്സ്പോക്ക് ആഥിത്യം വഹിക്കാനുള്ള തെക്കൻ കൊറിയൻ ശ്രമങ്ങൾക്ക് പിന്തുണയുമായി ഏഴുപേരും ഒന്നിച്ചെത്തി ബുസാനിൽ ആടിപ്പാടിത്തകർത്തപ്പോൾ ആരാധകർ പെരുത്ത് സന്തോഷത്തിലായിരുന്നു. അതാണ് പൊടുന്നനെ സങ്കടക്കടലായത്. നിർബന്ധിത സൈനിക സേവനത്തിനുള്ള ഉയർന്ന പ്രായപരിധിയായ 28 എന്നത് ബിടിഎസിന് 30 വരെ എന്ന് നീട്ടിക്കൊടുത്ത കൊറിയൻ സർക്കാർ സംഘത്തിന് വീണ്ടും ഇളവ് കൊടുക്കുമെന്ന പ്രതീക്ഷ കച്ചിത്തുരുമ്പായി കണ്ടിരിക്കുകയായിരുന്നു ആദ്യം ആരാധകർ. പക്ഷേ നയപരമായ തീരുമാനത്തിൽ ഗായകസംഘത്തിന് ഇളവ് കൊടുക്കേണ്ടതില്ലെന്ന തീരുമാനം വന്നതോടെ ഉറപ്പായതാണ് ബിടിഎസ് അംഗങ്ങൾ നിർബന്ധിത സൈനികസേവനത്തിന് ചേരുമെന്ന്. എന്നിട്ടും ഏഴംഗ സംഘത്തിന്റെ മാനേജ്മെന്റ് ഗ്രൂപ്പായ ഹൈബ് പ്രസ്താവനയിലൂടെ അക്കാര്യം സ്ഥിരീകരിച്ചപ്പോൾ ബിടിഎസ് ആരാധകവൃന്ദം ഞെട്ടി. ലോകമെമ്പാടുമുള്ള ആർമി കണ്ണീർ വാർത്തു. പിന്നെ അവർ ആശ്വാസം കണ്ടെത്തിയത് ബിഗ് ഹിറ്റ് മ്യൂസിക് (ഹൈബിന് കീഴിലുള്ള ബിടിഎസ് ലേബൽ) ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിലാണ്. ‘ഏഴു പേരും സൈനിക സേവനം പൂർത്തിയാക്കിയ ശേഷം 2025ൽ ഗ്രൂപ്പ് വീണ്ടും ഒന്നുചേരുന്ന നിമിഷത്തിനായി കമ്പനിയും ഗായകസംഘവും കാത്തിരിക്കുന്നു ‘.
undefined
ALSO READ : 'മോൺസ്റ്ററി'ന്‍റെ വിലക്ക് നീക്കി ബഹ്റൈൻ; പകരം ഒഴിവാക്കിയത് 13 മിനിറ്റ്
അതോടെ ആർമിക്കാർക്ക് ജീവശ്വാസം വീണു. ഒന്നും അവസാനിക്കുന്നില്ലെന്നും ഇത് ഒരിടവേള മാത്രമെന്നും അവർ പരസ്പരം ആശ്വസിച്ചു തുടങ്ങി. ഉത്തരവാദിത്തമുള്ള പൗരൻമാരായി വേഗം പോയി സൈനികസേവനം നടത്തി മടങ്ങിവന്ന് വീണ്ടും ഉഷാറാകൂ എന്ന ആശംസാസന്ദേശങ്ങളുടെ പ്രളയമായി പിന്നെ. സ്വന്തമായുള്ള സോളോക്ക് ശേഷം ജിൻ ആണ് ആദ്യം സൈന്യത്തിൽ ചേരുക. (ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ് പ്ലേയുമായി ചേർന്നാകും സോളോ എന്നും അറോറ എന്നാകും ആൽബത്തിന്റെ പേര് എന്നുമാണ് കേൾക്കുന്നത്). 29 കാരനായ ജിൻ ആണ് കൂട്ടത്തിൽ മൂത്ത ആൾ. പിന്നാലെ മറ്റുള്ളവരും ഓരോരുത്തരായി അവരവരുടെ വ്യക്തിഗത പരിപാടികളും ആൽബങ്ങളും തീർത്ത ശേഷം സൈനികസേവനത്തിനായി ചേരും. ഏതാണ്ട് ഒരേ കാലയളവിൽ തന്നെ സൈനിക പരിശീലനം തീർത്ത ശേഷം തിരിച്ചെത്തി വീണ്ടും ഗായകസംഘമായി ഒന്നു ചേരാനാണ് ബിടിഎസ് ആലോചിക്കുന്നത്.
തെക്കൻ കൊറിയൻ വിനോദമേഖലയിലെ ഏറ്റവും വലിയ വിജയചരിത്രമാണ് ബിടിഎസ് എന്ന ഗായകസംഘം. രണ്ട് തവണ ഗ്രാമി വേദിയിൽ പരിപാടി അവതരിപ്പിച്ച, രണ്ട് തവണ ഗ്രാമി നോമിനേഷൻ കിട്ടിയ, വൈറ്റ് ഹൗസ് സന്ദർശിച്ച, ബിൽബോർഡ് 200ൽ ഒന്നാമത് എത്തുന്ന, യുഎന്നിൽ പരിപാടി അവതരിപ്പിച്ച ഏക കൊറിയൻ പോപ് ഗ്രൂപ്പായ ബിടിഎസിന് കിട്ടിയത് എണ്ണമറ്റ അന്താരാഷ്ട്ര സംഗീത പുരസ്കാരങ്ങൾ. ഭൂഖണ്ഡങ്ങൾ അതിരുകൾ വരക്കാത്ത ആരാധകലോകം മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്തത്ര വലുത്. അന്താരാഷ്ട്ര തലത്തിൽ തെക്കൻ കൊറിയയുടെ സംഗീതമേൽവിലാസമായ സാമ്പത്തിക സ്ഥിതിയിലും നിർണായക സ്വാധീനമാണ് ബിടിഎസ് എന്ന ഗായകസംഘത്തിനുള്ളത്. ഏതാണ് 3.6 ശതകോടി ഡോളർ ആണ് ബിടിഎസ് സംഭാവന. അതായത് 26 മധ്യവർഗ കമ്പനികളുടെ സാമ്പത്തിക സംഭാവനയാണ് ഏഴ് പയ്യൻമാരുടെ പാട്ടുസംഘം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിയിലേക്ക് നൽകുന്നത്. രാജ്യത്ത് എത്തുന്ന 13 വിദേശസഞ്ചാരികളിൽ ഒരാൾ എന്ന കണക്കിലാണ് ബിടിഎസ് സ്വന്തം നാട്ടിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. ബിടിഎസ് താരങ്ങളുടെ പേരിൽ ഒരു വർഷം വിറ്റുപോകുന്നത് ഏതാണ് 1.1 ശതകോടി ഡോളറിന്റെ ഉപഭോക്തൃവസ്തുക്കൾ.
സംഘം ജൂണിൽ ഇടവേള പ്രഖ്യാപിച്ചപ്പോൾ ഹൈബിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ഇന്നിപ്പോൾ, സൈനിക പരിശീലന വാർത്തക്ക് പിന്നാലെ അത് പിന്നെയും കുറഞ്ഞു. പോരേ? എന്നിട്ടും രാജ്യത്തിന്റെ അഭിമാനമായ സൈനിക പരിശീലന പദ്ധതിയിൽ ഇളവ് കൊടുക്കാൻ സർക്കാർ തയ്യാറായില്ല. അത്ര കർശനമായ ഉപാധികളാണ് ഇക്കാര്യത്തിൽ ഇളവ് നൽകാൻ അവിടെയുള്ള വ്യവസ്ഥകൾ. എന്തായാലും ആർമി തീരുമാനിച്ചുറച്ചാണ്. അഭിമാനികളായ ഗായകർ ഉത്തരവാദിത്തം നിറവേറ്റി തിരിച്ചെത്തുംവരെ കാത്തിരിക്കാൻ... വരാനിരിക്കുന്ന പുത്തൻ പുതിയ പാട്ടുകളെ കുറിച്ച് സ്വപ്നം കാണാൻ... അവരുടെ സ്വപ്നങ്ങളും വിഷമങ്ങളും പ്രതീക്ഷകളും എല്ലാം ഏറ്റെടുത്ത് ബിടിഎസ് വീണ്ടും ചടുലതാളത്തിൽ പാടും. ആടും. അവർക്കൊപ്പം ലോകമെമ്പാടുമുള്ള ആർമിയും ചേരും. അവർക്കുറപ്പാണ്, ബിടിഎസ് വീണ്ടും വരും, പൊളിച്ചടുക്കും.