തിരക്കഥയ്ക്കും അഭിനേതാക്കളുടെ പ്രകടനത്തിനുമൊപ്പം സംഗീതം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും
അയ്യപ്പനും കോശിയും എന്ന കരിയറിലെ ഏറ്റവും വലിയ വിജയത്തിനു പിന്നാലെയാണ് ചലച്ചിത്രകാരനായ സച്ചി വിടവാങ്ങിയത്. തിരക്കഥയ്ക്കും അഭിനേതാക്കളുടെ പ്രകടനത്തിനുമൊപ്പം സംഗീതം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഗായികയായ നഞ്ചിയമ്മയുടെ ആലാപനമായിരുന്നു ചിത്രത്തിലെ സംഗീതവിഭാഗത്തിലെ ഹൈലൈറ്റ്. ഇപ്പോഴിതാ സച്ചിയ്ക്ക് ഒരു ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. 'ദൈവമകളേ' എന്ന ഗാനം നഞ്ചിയമ്മ ആലപിക്കുന്നത് സച്ചി ആദ്യം കേട്ടത് കൃത്യം ഒരു വര്‍ഷം മുന്‍പാണെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധായകനായ ജേക്സ് ബിജോയ് പറയുന്നു.
"ദൈവമകളെ എന്ന ഗാനം നഞ്ചിയമ്മ പാടി സച്ചിയേട്ടൻ കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ആദ്യമായി സ്റ്റുഡിയോയുടെ ഉള്ളിൽ വെച്ച് ഈ ഗാനം കേട്ട് കഴിഞ്ഞു സച്ചിയേട്ടൻ പറഞ്ഞ വാക്കുകൾ ഇന്നും എന്‍റെ മനസ്സിലുണ്ട്. ആ മുഖം മായാതെ ഹൃദയത്തിൽ ഉണ്ട്. ആ പച്ചയായ മനുഷ്യന്‍റെ, കലാകാരന്‍റെ, നന്മയുള്ള മനസ്സിന്‍റെ ഉടമയായ എന്‍റെ സച്ചിയേട്ടന്‍റെ ഓർമകൾക്ക് മുൻപിൽ ഞങ്ങൾ ഈ ഗാനം സമർപ്പിക്കുന്നു", ട്രിബ്യൂട്ട് വീഡിയോ പങ്കുവച്ചുകൊണ്ട് ജേക്സ് ബിജോയ് ഫേസ്ബുക്കില്‍ കുറിച്ചു.