ആര്‍ഡിഎക്സ് എന്ന ചിത്രത്തിലെ താരങ്ങളായ ആന്റണി വര്‍ഗീസും ഷെയ്ന് നിഗവും മഹിമ നമ്പ്യാരും പരിപാടിയില്‍ അതിഥികളായി എത്തിയിരുന്നു
മലയാളികളുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയുടെ ആലാപനത്തിലെത്തിയ നിരവധി ഗാനങ്ങള്‍ കാലമെത്ര കഴിഞ്ഞാലും മങ്ങലേല്ക്കാതെ ആസ്വാദക മനസുകളില്‍ ഉണ്ട്. അതില്‍ വ്യത്യസ്തമായ ഒന്നാണ് സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല. വേറിട്ട രീതിയില്‍ ചിത്ര ഭാവം പകര്‍ന്ന ഈ ഗാനം ഒരു വേദിയില്‍ കേള്‍ക്കാന്‍ മലയാളികള്‍ക്ക് വീണ്ടും ഭാഗ്യമുണ്ടായി. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ സീസണ് 9 ഓണം സ്പെഷല്‍ എപ്പിസോഡ് ആയിരുന്നു വേദി.
തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ആര്‍ഡിഎക്സ് എന്ന ചിത്രത്തിലെ താരങ്ങളായ ആന്റണി വര്‍ഗീസും ഷെയ്ന് നിഗവും മഹിമ നമ്പ്യാരും പരിപാടിയില്‍ അതിഥികളായി എത്തിയിരുന്നു. ആന്റണിയാണ് ഏഴിമല പൂഞ്ചോല ചിത്രയില്‍ നിന്നും നേരിട്ട് കേള്‍ക്കണമെന്ന ആഗ്രഹം പങ്കുവച്ചത്. പിന്നാലെ ഷെയ്ന് നിഗവും അതിനെ പിന്താങ്ങി. തുടര്‍ന്ന് സ്റ്റാര്‍ സിംഗറിലെ മറ്റ് വിധികര്‍ത്താക്കളായ വിധു പ്രതാപിന്റെയും സിത്താരയുടെയും കൂടെ ചിത്ര വേദിയിലേക്ക് എത്തുകയായിരുന്നു. പിന്നാലെ ഏഴിമല മനോഹരമായി ആലപിച്ചു. ആലാപനത്തിനൊടുവില്‍ സ്ഫടികത്തിലെ മോഹന്‍ലാലിനെ അനുസ്മരിപ്പിച്ച് സണ്‍ ഗ്ലാസ് വച്ച്, തോള് ചെരിച്ച ചിത്ര ഉള്‍പ്പെടെയുള്ളവരുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
undefined
മലയാളം ജനപ്രിയ സിനിമയില്‍ കള്‍ട്ട് പദവി നേടിയ ഒന്നാണ് ചിത്രം. ഭദ്രന്റെ സംവിധാനത്തില്‍ 1995 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ആടുതോമ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു. തിലകന്, കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളുടെയും അവിസ്മരണീയ പ്രകടനങ്ങളുള്ള ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ റീമാസ്റ്റേര്‍ഡ് പതിപ്പ് ഈ വര്‍ഷാദ്യം തിയറ്റര്‍ റിലീസ് ആയി എത്തിയിരുന്നു.
ALSO READ : അര്‍ധരാത്രി 140 സ്പെഷല്‍ ഷോകള്‍! ജനപ്രീതിയില്‍ പുതിയ അധ്യായം കുറിച്ച് 'ആര്‍ഡിഎക്സ്'