2025ൽ തിരിച്ചെത്തുമോ ബിടിഎസ് ? കാത്തിരിപ്പ് ആഘോഷമാക്കാൻ തരം​ഗം തീർത്ത ഗാനങ്ങള്‍ നിരവധി

By Web Team  |  First Published Oct 19, 2022, 12:37 PM IST

ഹിറ്റ് ഗാനങ്ങൾക്ക് പുറമെ നിരവധി കലാപരിപാടികളും ടെലിവിഷൻ ഷോകളും ബിടിഎസ് സംഘത്തിന്റെ വകയായിട്ടുണ്ട്.


'ബിടിഎസ്' ബിടിഎസ് ആയി തിരിച്ചെത്താൻ 2025 ആകും എന്ന് ഉറപ്പായിക്കഴിഞ്ഞു. ആ ഇടവേള ഉത്തരവാദിത്തത്തോടെ പ്രതീക്ഷയോടെ മറികടക്കാൻ ഉറച്ച് തീരുമാനിച്ചിരിക്കുകയാണ് ബിടിഎസ് ആരാധക കൂട്ടായ്മയായ ആർമി. സൈനിക സേവനത്തിന് ശേഷം ഉഷാറായി തിരിച്ചെത്തി പുതിയ പാട്ടുകളുടെ ഊർജവും സന്തോഷവും ഏഴുപേരും ചേർന്ന് പ്രസരിപ്പിക്കുന്ന ദിവസം...അതാണ് ആ നീണ്ട കാത്തിരിപ്പിനുള്ള ആർമിയുടെ പ്രചോദനം.

ഇടവേള മുഷിപ്പിന്റേത് അല്ലാതാക്കാൻ ഇഷ്ടം പോലെ ബിടിഎസ് വിഭവങ്ങൾ ഉണ്ട് എന്നതാണ് ആർമിയുടെ ഒരു ആശ്വാസം. ഹിറ്റ് ഗാനങ്ങൾക്ക് പുറമെ നിരവധി കലാപരിപാടികളും ടെലിവിഷൻ ഷോകളും ബിടിഎസ് സംഘത്തിന്റെ വകയായിട്ടുണ്ട്. അതിൽ ചിലതാണ് ഇനി പറയുന്നത്. ആർമിക്കാർ ഇതൊന്നും അറിയാത്തതല്ല. എന്നാലും ഒന്ന് ഓർമപ്പെടുത്തുകയാണ്. ഇടയ്ക്കിടെ ഇതൊക്കെ ഒന്നു കണ്ടാൽ, ഇടക്കിടെ ബട്ടറും ഡൈനമൈറ്റും ഒക്കെ ഒന്നു കേട്ടാൽ.....2025ലേക്ക് എത്തുന്ന ദൂരം അത്ര വലുതെന്ന് തോന്നില്ല.

Latest Videos

undefined

റൺ ബിടിഎസ് (Run BTS) ആണ് ആദ്യം പറയേണ്ടത്. 150 എപ്പിസോഡുകളോളം സംപ്രേഷണം ചെയ്തു കഴിഞ്ഞ പരിപാടിയാണ് ഇത്. ഏഴുപേരുടെയും ചങ്ങാത്തവും തമ്മിൽത്തല്ലും തമാശ പറച്ചിലും കോമാളിത്തവും പരസ്പരമുള്ള മത്സരവും എല്ലാം കൂടിയായി സംഭവം കളറാണ്. VLiveൽ എല്ലാ എപ്പിസോഡുമുണ്ട്. 'Bon Voyage' ആണ് പിന്നെ ഉള്ളൊരു പരിപാടി. പരിപാടികളുടെയും പ്രകടനങ്ങളുടെയും പരിശീലനത്തിന്റേയും ഒക്കെ തിരക്കുകളില്ലാത്ത സമയം നോക്കി നാല് അന്താരാഷ്ട്ര പര്യടനങ്ങൾ ബിടിഎസ് നടത്തിയിരുന്നു. 

ന്യൂസിലാൻഡ്, ഹവായ്, മാ‌ൾട്ട അങ്ങനെ വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയിൽ കാലാവസ്ഥയിൽ കാഴ്ചകൾ കണ്ട് നടന്നു അവർ. ഒന്നിച്ചുള്ള യാത്ര, ഭക്ഷണം ഉണ്ടാക്കൽ, മനസ്സു തുറക്കൽ, ആഘോഷം, ഓരോ ടാസ്ക് കൊടുക്കലും ചെയ്യലും ഇങ്ങനെയൊക്കെയായി അവർ ആ യാത്രകൾ ഉഷാറാക്കിയിരുന്നു. ഷൂട്ടും ചെയ്തു. അതാണ് ബോൺ വോയേജിൽ കാണാൻ പറ്റുക. VLiveൽ കാണാം. അല്ലെങ്കിൽ 'BTS Weverse'ൽ. യാത്രകളോ പരിപാടികളോ ഒന്നും നടക്കാതിരുന്ന കൊവിഡ് കാലത്ത് ബിടിഎസ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല. സോളിന്റെ തിക്കിലും തിരക്കിലും നിന്ന് മാറി വനപ്രദേശത്തുള്ള ഒരു വീട്ടിൽ താമസിച്ച് അവർ പുതുമയാർന്ന ഒരു ഷോ നടത്തിയിരുന്നു. 'In The Soop' എന്ന പേരിട്ട പരിപാടി രണ്ട് സീസൺ ഉണ്ടായിരുന്നു. BTS അംഗങ്ങളുടെ വേറിട്ട ‘ ഗ്രാമീണ, വന’ മുഖം Weverseൽ കാണാൻ കഴിയും.

ഇനി നീണ്ട എപ്പിസോഡുകൾ വേണ്ട, കുട്ടി വീഡിയോകൾ മതി എന്നാണോ. അതിനും പരിഹാരം ഉണ്ട്. Bangtan Bombs. ഗ്രാമി പുരസ്കാര പ്രഖ്യാപനം ഉൾപെടെ കലാപ്രകടനം നടത്തിയ വേദികൾ, വിവിധ മ്യൂസിക് വീഡിയോ കളുടെ നിർമാണ സമയത്തെ അണിയറക്കാഴ്ചകൾ തുടങ്ങിയവയൊക്കെയാണ് ഈ പരിപാടിയിൽ ഉള്ളത്. ബാങ്തൻ ചാനലിലും കാണാം. പിന്നെ യുട്യൂബിലും ഉണ്ട്. ബിടിഎസ് നടത്തിയ വിവിധ സംഗീതപരിപാടികളുടെ കഥ പറയുന്ന ഡോക്യു സീരീസുകളും ബിടിഎസ് ആരാധകർക്ക് കാഴ്ചാവിരുന്നാകും. Burn the stage, Bring the Soul, Break the silence എന്നീ പേരുകളിൽ മൂന്ന് ഡോക്യു സീരീസുകളാണ് ഇത്തരത്തിലുള്ളത്. ഇവ BTS Weverseൽ മാത്രമല്ല യൂട്യൂബിലും കാണാം. ഇതിന് പുറമെ American Hustle Life എന്ന ഷോയും ഉണ്ട്. 

അമേരിക്കയിൽ വൻവേദികളിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നതിനും വൻ തരംഗമാകുന്നതിനും മുമ്പ്
ബിടിഎസ് നടത്തിയിട്ടുള്ള അമേരിക്കൻ യാത്രകളെ കുറിച്ചാണ് ഈ ഷോ. അവിടത്തെ ഗാനസംസ്കാരവും ഹിപ് ഹോപും എല്ലാം മനസ്സിലാക്കാനായി സംഘം നടത്തിയ യാത്രകൾ എങ്ങനെ, എവിടെ എന്നൊക്കെയും അതെല്ലാം എങ്ങനെ സംഘത്തെ സ്വാധീനിച്ചും എന്നും ഷോ ആരാധകർക്ക് വ്യക്തമാക്കിത്തരും. യുട്യൂബിൽ കാണാം.

ഇപ്പറഞ്ഞതെല്ലാം ഇടവേളകളിൽ കാണാനാണ്. ബിടിഎസ് കുറച്ചു കാലത്തേക്ക് ഇല്ലല്ലോ എന്ന സങ്കടം മാറ്റാനാണ്. അതല്ലാതെ ഫുൾ ടൈം ഇതൊക്കെ തന്നെ കണ്ട്, അയ്യോ ബിടിഎസ് എന്നു പറഞ്ഞ് കരഞ്ഞ്, അച്ഛനമ്മമാരുടെ ശകാരം കേൾക്കാനല്ല. മറിച്ച് ഇടയ്ക്കൊക്കെ ഒന്നു കണ്ട് പിള്ളേർ തിരിച്ചുവരുമെന്ന പ്രതീക്ഷയേറ്റി ഉഷാറാവാനാണ്. അവരെത്തും വരേക്കുള്ള ഊർജദായിനി.

സൈനിക സേവനം കഴിയട്ടെ, ബിടിഎസ് വീണ്ടും വരും; കാത്തിരിപ്പില്‍ ആരാധകര്‍

tags
click me!