വത്സലയില്‍ നിന്ന് വിളയില്‍ ഫസീലയിലേക്ക്; പതിറ്റാണ്ടുകൾ തോരാതെ പെയ്ത ഇശല്‍ മഴ

By Web Team  |  First Published Aug 12, 2023, 4:28 PM IST

മലയാളികളുടെ മനസ്സില്‍ മാപ്പിളപ്പാട്ടിന്റെ ഇശല്‍ മഴ പെയ്തിറക്കിയ വിളയില്‍ ഫസീലക്ക് കണ്ണീരോടെ യാത്രാമൊഴി. '


മലപ്പുറം: മലയാളികളുടെ മനസ്സില്‍ മാപ്പിളപ്പാട്ടിന്റെ ഇശല്‍ മഴ പെയ്തിറക്കിയ വിളയില്‍ ഫസീലക്ക് കണ്ണീരോടെ യാത്രാമൊഴി. ''കിരി കിരീ ചെരിപ്പിമ്മേല്‍ അണഞ്ഞുള്ള പുതുനാരി'' എന്ന മനോഹര മാപ്പിളപ്പാട്ട് ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനിൽക്കുന്നു. മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള വിളയില്‍ എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച വത്സല എന്ന ഫസീലയിലേക്കുള്ള വളര്‍ച്ച ഇന്നും അവിസ്മരണീയമാണ്. 1970കളില്‍ കാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നും സംപ്രേക്ഷണം ചെയ്തിരുന്ന ബാലലോകം എന്ന പരിപാടിയിലൂടെയാണ് വിളയില്‍ ഫസീലയുടെ മനോഹര ശബ്ദം കേരളക്കര കേട്ടുതുടങ്ങിയത്. 

അക്കാലത്ത് ബാലലോകം പരിപാടി അവതരിപ്പിച്ചിരുന്നത് മാപ്പിളപ്പാട്ട് ഗായകന്‍ വിഎം കുട്ടിയായിരുന്നു. വിഎം കുട്ടി കേരളക്കരക്ക് സമ്മാനിച്ച ഗായികയായിരുന്നു വിളയില്‍ ഫസീല. വിളയില്‍ പറപ്പൂര്‍ വിദ്യാപോഷിണി എയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനിയായിരിക്കെയാണ് ബാലലോകം പരിപാടിയില്‍ വിളയില്‍ വത്സല എന്ന ഫസീല രംഗത്തെത്തിയത്. ഇവിടെ നിന്നാണ് മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുടെ തുടക്കം. ബാലലോകം പരിപാടിക്ക് ശേഷം വിഎം കുട്ടിയുടെ ശിഷ്യത്വത്തിലായിരുന്നു ഫസീല.

Latest Videos

undefined

മലപ്പുറം ജില്ലയില്‍ ചീക്കോട് പഞ്ചായത്തിലെ വിളയില്‍ എന്ന ഗ്രാമത്തില്‍ ഉള്ളാട്ടുതൊടി കേളന്‍ -ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. സംഗീത പാരമ്പര്യമൊന്നും ഇവര്‍ക്ക് അവകാശപ്പെടാനുണ്ടായിരുന്നില്ല. സിനിമാ ഗാനങ്ങള്‍ പുസ്തക രൂപത്തില്‍ ലഭ്യമായിരുന്ന അക്കാലത്ത് ആ പുസ്തകങ്ങള്‍ നോക്കിയാണ് വിളയില്‍ വത്സല ഗാനം ആലപിച്ച് തുടങ്ങിയിരുന്നത്. മൂന്നാം വയസില്‍ തന്നെ മാതാവിനെ നഷ്ടപ്പെട്ടു. പിന്നീട് അമ്മാവന്‍മാരുടെ കൂടെയാണ് വളര്‍ന്നത്. ഗായിക എന്ന നിലയില്‍ പ്രശസ്തയായിത്തുടങ്ങി മാപ്പിളപ്പാട്ടു ശാഖയിലേക്ക് നടന്നടുത്തപ്പോള്‍ നിരവധി എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. പിതാവ് നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് മാപ്പിളപ്പാട്ടില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. വി.എം കുട്ടിയാണ് അവസരങ്ങള്‍ നല്‍കി വേദികളില്‍ നിന്ന് വേദികളിലെത്തിച്ചത്.

വിഎം കുട്ടിയും വിളയില്‍ ഫസീലയും എന്ന ഒരു ലേബല്‍ തന്നെ മലബാര്‍ ജനതയെ ഗാനവേദികളിലേക്ക് നയിച്ച ഒരു കാലമുണ്ടായിരുന്നു. തട്ടമിട്ട് മാപ്പിളപ്പാട്ട് പാടുന്ന 'വത്സല' അന്ന് മലബാറില്‍ ഒരത്ഭുതം തന്നെയായിരുന്നു. ആലാപന മികവുകൊണ്ട് അവര്‍ മാപ്പിളപ്പാട്ട് പ്രേമികളുടെ മനസിലിടം നേടി. അറബി വാക്കുകള്‍ ഉച്ചാരണശുദ്ധിയോടെ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. വിഎം കുട്ടിയുമായുള്ള ബന്ധം വത്സലയെ  ഇസ്ലാം മത വിശ്വാസത്തോട് അടുപ്പിച്ചു. ഒടുവിൽ ഇസ്ലാം മതം സ്വീകരിച്ച വത്സല ഫസീലയെന്ന പേര് സ്വീകരിക്കുകയും ചെയ്തു. 

കുടുംബങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ തന്നെ അക്കാലത്ത് ഉണ്ടായി. അന്ന് വിളയിലില്‍ തന്നെയായിരുന്നു താമസം. പിന്നീട് 1986 -ലാണ് ടികെപി മുഹമ്മദലിയെ വിവാഹം ചെയ്യുന്നത്. ഫയാദ് അലി, ഫാഹിമ എന്നിങ്ങനെ രണ്ടു മക്കളും പിറന്നു. മാപ്പിളപ്പാട്ടില്‍ സ്വന്തമായി വിലാസമുണ്ടാക്കിയെടുക്കാന്‍ വിളയില്‍ ഫസീലക്കായി. 1970 -ല്‍ കൊളംബിയ റിക്കാര്‍ഡായി 'കിരി കിരി ചെരുപ്പുമായ്..' എന്ന ഗാനം റിലീസ് ആയി. രണ്ടാമതായി ഇറങ്ങിയ 'ആമിന ബീവിക്കോമന മകനായ്' എന്ന ഗാനമാണ് വിളയില്‍ ഫസീല എന്ന പേരിനെ ഫീല്‍ഡില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്. 

ഗാനം ഹിറ്റായതോടെ സിലോണ്‍ റേഡിയോയില്‍ നിരന്തരമായി ഗാനം പ്രക്ഷേപണം ചെയ്യപ്പെട്ടു. 1976 -ല്‍ കോഴിക്കോട് വെച്ച് എം ഇ എസ് സംഘടിപ്പിച്ച അഖിലേന്ത്യാ മാപ്പിളപ്പാട്ട് ഗാനാലാപന മത്സരത്തില്‍ ഗ്രൂപ്പിനത്തില്‍ ഒന്നാം സ്ഥാനം നേടിയതിനു പുറമെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് നിരന്തരമായി മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയുമുണ്ടായി. ഇതിനകം രാജ്യത്തിനകത്തും പുറത്തുമായി നാലായിരത്തിലധികം വേദികളില്‍ ഇശല്‍ മഴ പെയ്യിച്ചു കഴിഞ്ഞിരിക്കുന്നു വിളയില്‍ ഫസീല എന്ന പ്രതിഭ. ഹജ്ജ് നിര്‍വഹിച്ച് തിരിച്ചെത്തിയ ഉടനെയുള്ള അല്‍പസമയം മാത്രമേ സംഗീത ലോകത്തുനിന്ന് വിട്ട് നിന്നിട്ടുള്ളൂ. 

Read more: കേരളത്തിൽ ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു, ഞെട്ടിക്കുന്ന കണക്കുകൾ

1978ല്‍ ആദ്യമായി വിദേശയാത്ര നടത്തിയപ്പോള്‍ പിറവികൊണ്ട,

'കടലിന്റെയിക്കരെ വന്നോരെ
ഖല്‍ബുകള്‍ വെന്തു പുകഞ്ഞോരെ
തെങ്ങുകള്‍ തിങ്ങിയ നാടിന്റെയോര്‍മയില്‍
വിങ്ങിയ നിങ്ങടെ കഥ പറയൂ...'

എന്ന ഗാനം അന്ന് തരംഗമായിരുന്നു. 1981 -ല്‍ സി എച്ച് മുഖ്യമന്ത്രിയായിരിക്കെ മാപ്പിള ഗാന കലാരത്നം പുരസ്‌കാരം അവരെ തേടിയെത്തി. നാട്ടിലും വിദേശത്തുമായി നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി.

click me!