ഇന്ത്യയിലെ ബഹുജൻ അവബോധത്തിനു സ്വരം പകരുക എന്നതാണ്, അംബേദ്കറൈറ്റ് ചിന്താസരണികളുടെ ഊർജം പ്രസരിപ്പിക്കുന്ന ഈ പാട്ടുകളുടെ പ്രധാന നിയോഗം.
ബാബാസാഹേബ് ഭീംറാവു അംബേദ്‌കർ എന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുതന്നെ ആയിരക്കണക്കിനുപേർ ആരാധനയോടെ കണ്ടിരുന്ന ഒരു വ്യക്തിത്വമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടുള്ള സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് പാട്ടുകൾ എഴുതുക എന്നത് അന്നുതൊട്ട് തന്നെ നിലവിലുള്ള ഒരു പതിവാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പൂർവാധികം പരിപോഷിതമായ ഈ ഗാനശാഖ അറിയപ്പെടുന്നത് 'ഭീം ഗീത്', 'ഭീം വാണി' എന്നീ പേരുകളിലാണ്. ഇന്ത്യയിലെ ബഹുജൻ അവബോധത്തിനു സ്വരം പകരുക എന്നതാണ്, അംബേദ്കറൈറ്റ് ചിന്താസരണികളുടെ ഊർജം പ്രസരിപ്പിക്കുന്ന ഈ പാട്ടുകളുടെ പ്രധാന നിയോഗം. പ്രണയവും രാഷ്ട്രീയവും തമ്മിൽ കലർത്തിയുള്ള ഈ ജനപ്രിയ ഗാനങ്ങളിലൂടെ ബാബാ സാഹേബിന്റെ ചിന്തകൾ സാധാരണക്കാരിലേക്ക് അനിർഗ്ഗളം ഒഴുകിയെത്തുന്നുണ്ട്.
ഈ അംബേദ്‌കർ ജയന്തി ദിനത്തിൽ ഏറെ പ്രസിദ്ധമായ മൂന്ന് അംബേദ്‌കർ ഗീതികൾ നമുക്ക് പരിചയപ്പെടാം. മഹാരാഷ്ട്രയിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള വനിതാ ഗായകർ ആലപിച്ചതാണ് ഈ സുന്ദരഗാനങ്ങൾ.
undefined
കവി സാരംഗ് എഴുതിയ 'മാഝ്യാ ഭീമാന സൊണ്യാന ഭർലി ഓടി' എന്ന മറാത്തി ഗാനമാണ് ആദ്യത്തേത്. കഡുബായ് ഖരാത് ആണ് ഇത് ആലപിച്ചിട്ടുള്ളത്. എട്ടാം വയസ്സുമുതൽ പരമ്പരാഗത സംഗീതം അഭ്യസിക്കുന്ന കഡുബായ് ദോതാരയുടെ അകമ്പടിയോടെയാണ് സ്ഥിരമായി വേദികളിൽ അംബേദ്‌കർ ഗീതികൾ ആലപിക്കാറുള്ളത്. സ്വന്തം അമ്മയോട് അംബേദ്കറുടെ ഗുണഗണങ്ങൾ വിവരിക്കുന്നതാണ് ഇതിലെ വരികൾ.
ദ ഗ്രൈൻഡ്മിൽ പ്രോജക്ടിന്റെ ബാനറിൽ ലീലാഭായി ഷിൻഡെ പാടിയ, 'ഭീം ഭീം...' എന്നുതുടങ്ങുന്നൊരു മറാത്തി ഒവി ഗാനമാണ് രണ്ടാമത്തേത്. മറാത്തി ഭാഷയിലെ ഭക്തി ഭജൻ ഗാനശാഖയാണ് ഒവി എന്നറിയപ്പെടുന്നത്. ധാന്യങ്ങൾ പൊടിക്കുന്ന, കൈകൊണ്ടു കറക്കുന്ന അരകല്ലിന്റെ താളത്തിൽ ഗ്രാമത്തിലെ സ്ത്രീകൾ പാടി തലമുറകൾ കൈമാറി വരുന്ന ഗാനങ്ങളാണ് ഇവ. ഈ പാട്ടിൽ ലീലാഭായി അംബേദ്കറെ സഹോദര തുല്യനായ ഗുരുദേവനെന്നാണ് വിശേഷിപ്പിക്കുന്നത്.
അടുത്തതായി ഒരു 'ഫാൻ ബാബാ സാഹേബ് ദി' എന്ന ഒരു പഞ്ചാബി ഗാനമാണ്. ഗിന്നി മാഹി എന്നൊരു പഞ്ചാബി ഗായികയാണ് ഈ ഗാനത്തിന് സ്വരം പകർന്നിട്ടുള്ളത്. പഞ്ചാബി ഫോക്കും, പോപ്പും സമാസമം കലർത്തിയുള്ള ഗിന്നിയുടെ ആലാപനം വല്ലാത്തൊരു ഊർജമാണ് കേൾവിക്കാരിൽ നിറയ്ക്കുന്നത്.