കളമശേരി ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ ഓഫ് മ്യൂസിക്കിലെ പുതിയ ഹിന്ദുസ്ഥാനി സംഗീത വിഭാഗത്തിന് പണ്ഡിറ്റ് സുധാകര്‍ ഗോപാല്‍ ദിയോലെ നേതൃത്വം നല്‍കും
കൊച്ചി: ഹിന്ദുസ്ഥാനി സംഗീതത്തെ കേരളത്തില്‍ കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ടു പ്രമുഖ സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്. തന്റെ നേതൃത്വത്തില്‍ കളമശേരിയിലുള്ള ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ പുതുതായി ആരംഭിച്ച ഹിന്ദുസ്ഥാനി സംഗീത വിഭാഗത്തില്‍ മൂന്നു പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ നേതൃത്വത്തിലാവും ക്ലാസുകളെന്ന് അദ്ദേഹം അറിയിച്ചു.
ഉത്തരേന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ഉയര്‍ന്ന നിലവാരമുള്ള ഹിന്ദുസ്ഥാനി സംഗീത വിദ്യാഭ്യാസം ആധികാരികമായി ഗുരുമുഖത്തുനിന്നു പഠിപ്പിക്കുന്ന രീതിയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എ ആര്‍ റഹ്മാനൊപ്പം ആരോമലേ എന്ന ഗാനം അനശ്വരമാക്കിയ അല്‍ഫോന്‍സ് പറയുന്നു. പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനും പദ്മശ്രീ പണ്ഡിറ്റ് ജിതേന്ദ്ര അഭിഷേകിയുടെ ശിഷ്യനുമായ പണ്ഡിറ്റ് സുധാകര്‍ ഗോപാല്‍ ദിയോലെയാണ് ക്രോസ്‌റോഡ് കളമശേരി കാമ്പസില്‍ ആരംഭിച്ച പുതിയ വകുപ്പിനു നേതൃത്വം നല്‍കുക.
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മവിഭൂഷന്‍ ഹരിപ്രസാദ് ചൗരസ്യയുടെ പ്രധാനപ്പെട്ട ശിഷ്യന്‍മാരില്‍ ഒരാളുമായ പുല്ലാങ്കുഴല്‍ വിദ്ഗധന്‍ സമീര്‍ റാവു, പ്രമുഖ സിത്താര്‍ വാദകനും കൃഷ്ണകുമാര്‍, ഉസ്താദ് ബാലെ ഖാന്‍, ഉസ്താദ് ഹമീദ് ഖാന്‍ എന്നിവര്‍ക്കു കീഴില്‍ സിത്താര്‍ പഠിക്കുകയും ചെയ്ത പോള്‍സണ്‍ ജോസഫ് എന്നിവരും പരിശീലനം നല്‍കും. സംഗീത സംവിധായകന്‍ അല്‍ഫോന്‍സിന്റെ സഹോദരന്‍ കൂടിയായ പോള്‍സണ്‍, ധാര്‍വാഡിലെ കര്‍ണാടക് സര്‍വകലാശാലയില്‍നിന്ന് സിത്താര്‍ മാസ്റ്റേഴ്‌സ് ബിരുദത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാണ്.
ലോകത്തിലെ ഏറ്റവും സങ്കീര്‍ണവും സൈദ്ധാന്തികവുമായ സംഗീത സംവിധാനങ്ങളിലൊന്നായാണു ഹിന്ദുസ്ഥാനി സംഗീതം അല്ലെങ്കില്‍ ഉത്തരേന്ത്യന്‍ ശാസ്ത്രീയ സംഗീതം കരുതപ്പെടുന്നത്. എന്നിരുന്നാലും, കുട്ടികള്‍ക്കായി സംഗീത ക്ലാസുകള്‍ തെരഞ്ഞെടുക്കുമ്പോള്‍, മിക്ക മലയാളി മാതാപിതാക്കളും പാശ്ചാത്യ ഉപകരണങ്ങളോ ശബ്ദങ്ങളോ തെരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നു. ക്രോസ്‌റോഡ്‌സിലെ പുതിയ ഹിന്ദുസ്ഥാനി ഡിവിഷന്റെ വരവോടെ സംഗീതത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയുടെ സമ്പന്നമായ കലാപൈതൃകത്തോടുള്ള മതിപ്പു വര്‍ധിപ്പിക്കുമെന്നും അല്‍ഫോന്‍സ് പറഞ്ഞു.
പ്രഫഷണല്‍ നിലവാരമുള്ള സംഗീത വിദ്യാഭ്യാസം കേരളത്തിലെ കാലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2013ല്‍ അല്‍ഫോന്‍സ് ജോസഫ് സ്ഥാപിച്ചതാണു ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ ഓഫ് മ്യൂസിക്. സംഗീത നൈപുണ്യവും വ്യവസായ ആവശ്യങ്ങളും തമ്മില്‍ നിലവിലുള്ള അന്തരം കുറയ്ക്കല്‍ ഈ സ്ഥാപനം ലക്ഷ്യമിടുന്നു.
ഗന്ധര്‍വ മഹാവിദ്യാലയ സിലബസിലെ പ്രാരംഭിക് മുതല്‍ വിശാരദ് വരെയുള്ളവ പാലിച്ച് ഏഴു വര്‍ഷ കാലയളവിലായാണു ക്രോസ്‌റോഡ്‌സില്‍ പുതിയ ഹിന്ദുസ്ഥാനി മ്യൂസിക് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് പണ്ഡിറ്റ് സുധാകര്‍ ദേവ്‌ലി പറഞ്ഞു. ഇതു ബാച്ചിലര്‍ ബിരുദത്തിനു തുല്യമാണെന്നും വാശിയിലെ അഖില്‍ ഭാരതീയ ഗാന്ധര്‍വ മഹാവിദ്യാലയ മണ്ഡലുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പ്രോഗ്രാമിലൂടെ, കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുന്ന തരത്തില്‍, ക്രോസ്‌റോഡ്‌സ് വിദ്യാര്‍ഥികളെ ജൂനിയേഴ്‌സ് (8-12 വയസ്), സീനിയേഴ്‌സ് (16-24 വയസ്) സജ്ജരാക്കും. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഓള്‍ ഇന്ത്യ റേഡിയോ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഈ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും.
ആറു വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കായി മെലഡി, റിഥം, ഹാര്‍മണി എന്നിങ്ങനെ സംഗീതത്തിന്റെ മൂന്നു പ്രധാന ഘടകങ്ങളെക്കുറിച്ച് ലളിതമായ ക്ലാസിക്കല്‍ സംഗീത പരിശീലനവും നല്‍കും. അങ്കണവാടികളില്‍ സമഗ്ര സംഗീത വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി കേരള സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അല്‍ഫോന്‍സ് ജോസഫ് അറിയിച്ചു.