മൂന്ന് പതിറ്റാണ്ടിന് ശേഷം സംഗീതസംവിധായകന്‍ ആലപ്പി വിവേകാനന്ദന്‍ വീണ്ടും മലയാള സിനിമാ സംഗീത രംഗത്തേക്ക്
മൂന്നു പതിറ്റാണ്ടിന് ശേഷം സംഗീതസംവിധായകന്‍ ആലപ്പി വിവേകാനന്ദന്‍ വീണ്ടും മലയാള സിനിമാ സംഗീത രംഗത്തേക്ക്. 1989ല്‍ വിനയന്‍ സംവിധാനം ചെയ്ത 'സൂപ്പര്‍ സ്റ്റാര്‍' എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നകന്ന് നാടക ഗാനങ്ങള്‍ മാത്രം ചിട്ടപ്പെടുത്തിയിരുന്ന വിവേകാനന്ദന്‍ മനോഹരമായ രണ്ട് ഗാനങ്ങളൊരുക്കിയാണ് 75-ാം വയസ്സില്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
'മംഗലത്ത് വസുന്ധര' എന്ന ചിത്രത്തിനായി രണ്ട് തലമുറയിലെ ഗാനരചയിതാക്കളുടെ വരികള്‍ക്കാണ് വിവേകാനന്ദന്‍ ഇദ്ദേഹം ഈണമിടുന്നത്. തന്റെ സമകാലികനായ പ്രശസ്ത ഗാനരചയിതാവ് ഏഴാച്ചേരി രാമചന്ദ്രന്റെ 'സ്വര്‍ണവരാല്‍ പിടയ്ക്കുന്ന' എന്ന ഗാനവും പുതിയ തലമുറയിലെ ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമായ ഫിര്‍ദൗസ് കായല്‍പ്പുറം രചിച്ച 'മഴപോലെ അഴകുള്ള പെണ്ണേ' എന്ന ഗാനത്തിനുമാണ് ഈണമൊരുക്കുന്നത്. രണ്ട് ഗാനങ്ങളും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് വിവേകാനന്ദന്‍.
മികച്ച നാടക സംഗീത സംവിധായകനുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് അഞ്ച് പ്രാവശ്യം ലഭിച്ചിട്ടുള്ള വിവേകാനന്ദന്റെ തട്ടകം ഇപ്പോഴും നാടകം തന്നെയാണ്. അഞ്ഞൂറിലധികം നാടകങ്ങള്‍ക്കും ഒട്ടേറെ ഭക്തിഗാന ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ പുന്നപ്ര തൈപ്പറമ്പില്‍ വാസുവിന്റെയും ദേവകിയുടെയും മകനായി ജനിച്ച വിവേകാനന്ദന്‍ അഞ്ചാം വയസ്സില്‍ പറവൂര്‍ പനയകുളങ്ങര എല്‍.പി സ്‌കൂളില്‍ ഗണകന്‍ ഗോപിനാഥന്‍ ഒരുക്കിയ കാക്കരശ്ശി നാടകത്തില്‍ പാടി അഭിനയിച്ചു. അതിനുശേഷം തമ്പി ഭാഗവതര്‍, ഗോവിന്ദന്‍ ഭാഗവതര്‍ എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. പതിന്നാല് വയസ്സുവരെ യംഗ്‌മെന്‍ മ്യൂസിക് അസോസിയേഷനിലൂടെ ഗാനമേളകള്‍ അവതരിപ്പിച്ചു.
പതിനാറാം വയസ്സില്‍ തബല വിദ്വാന്‍ ആലപ്പി ഉസ്മാന്റെ കീഴി തബല അഭ്യസിച്ചു. 1966ല്‍ ആലപ്പി തിയേറ്റേഴ്‌സിലൂടെ പ്രൊഫഷണല്‍ തബലിസ്റ്റായി. തുടര്‍ന്ന് 1970 ല്‍ കെ.പി.എ.സിയില്‍ തബലിസ്റ്റായി പ്രവര്‍ത്തിച്ചു. 1974ല്‍ കേരള ആര്‍ട്ട്‌സ് തിയേറ്റേഴ്‌സിന്റെ നാടകത്തിലെ എ.പി.ഗോപാലന്‍ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് പ്രൊഫഷണല്‍ നാടക രംഗത്ത് പ്രവേശിച്ചത്. 1500ലേറെ ഗാനങ്ങള്‍ക്ക് ഇദ്ദേഹം ഈണം നല്‍കിയിട്ടുണ്ട്. വയലാര്‍, ഒ.എന്‍.വി, കൈതപ്രം, ഏറ്റുമാനൂര്‍ സോമദാസ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍ തുടങ്ങിയ പ്രമുഖരുടെ നാടകഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.
മംഗലത്ത് വസുന്ധരയിലെ ഗാനങ്ങള്‍ പോയ കാലത്തിന്റെ മധുരം പകരുന്നവയാണെന്നും 80കളിലെയും 90കളിലെയും കാല്‍പനികതയുടെ ഈണം ഈ ഗാനങ്ങളിലൂടെ ആസ്വദിക്കാനാകുമെന്നും വിവേകാനന്ദന്‍ പറയുന്നു. സിനിമയില്‍ മാത്രമാണ് ഇടവേളയുണ്ടായിരുന്നതെന്നും അന്‍പതുവര്‍ഷമായി സംഗീതത്തിന് ഒരിക്കല്‍ പോലും ഇടവേള നല്‍കിയിട്ടില്ലെന്നും ആലപ്പി വിവേകാനന്ദന്‍ പറയുന്നു.
ആര്‍.എസ് ജിജു നിര്‍മിച്ച് കെ.ആര്‍ ശിവകുമാര്‍ സംവിധാനം ചെയ്യുന്ന മംഗത്ത് വസുന്ധര അടുത്തമാസം തിയേറ്ററുകളിലെത്തും. ശാന്തികൃഷ്ണയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.