വയസ് 82, കരാട്ടെയിൽ ഗ്രാന്റ്മാസ്റ്റർ, വോളിബോൾ പ്ലെയർ, ഇപ്പോൾ ഗായകനും; സെബാസ്റ്റ്യൻ മാസ്റ്റർ വേറെ ലെവലാ

By Nithya Robinson  |  First Published Jul 25, 2022, 7:49 PM IST

കാരാട്ടെയിലെ ഗ്രാന്റ്മാസ്റ്റർ, സൈനിക ഉദ്യോഗസ്ഥൻ, കെഎസ്ആർടിസി ജീവനക്കാരൻ, വോളി ബോൾപ്ലെയർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോളൊരു ഗായകനും കമ്പോസറും കൂടിയാണ്.


ചിലർ അങ്ങനെയാണ്, പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കും. നമുക്ക് ചുറ്റുമുള്ള ഉദാഹരണങ്ങൾ നിരവധിയാണ്. അത്തരത്തിലൊരാളാണ് മലയാളികളുടെ ആക്ഷൻ കിംഗ് ബാബു ആന്റണിയുടെ കരാട്ടെ ഗുരു സെബാസ്റ്റ്യൻ ജോസഫ്. ഇപ്പോൾ 82 വയസുണ്ട് മാസ്റ്റർക്ക്. ഈ പ്രായത്തിൽ ഒതുങ്ങി കൂടുന്നവരെയാണ് കണ്ടിട്ടുള്ളതെങ്കിലും മാസ്റ്റർ അതിൽ നിന്നെല്ലാം വിഭിന്നമാണ്. ഇന്നും നൂറിലേറെ വിദ്യാർത്ഥികളെ ആയോധനകലകൾ പരിശീലിപ്പിക്കുന്നുണ്ട് അദ്ദേഹം. ചെറുപ്പും മുതൽ തുടർന്ന് വന്ന ചിട്ടയും വ്യായാമ മുറകളും ഇന്നും തുടർന്ന് പോരുന്നു. കണ്ടാൽ ഇത്രയും പ്രായം തോന്നിക്കാത്തത് കൊണ്ട് തന്നെ ഫിറ്റ്നെസ് രംഗത്തെ മമ്മൂട്ടി എന്നൊക്കെയാണ് ചിലർ അദ്ദേഹത്തെ വിളിക്കാറ്. കാരാട്ടെയിലെ ഗ്രാന്റ്മാസ്റ്റർ, സൈനിക ഉദ്യോഗസ്ഥൻ, കെഎസ്ആർടിസി ജീവനക്കാരൻ, വോളി ബോൾപ്ലെയർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോളൊരു ഗായകനും കമ്പോസറും കൂടിയാണ്. 'ഓമനത്തിങ്കൾ കിടവോ' എന്ന താരാട്ട് പാട്ട് സെബാസ്റ്റ്യൻ മാസ്റ്ററുടേതായ ശൈലിയിൽ കമ്പോസ് ചെയ്ത് പാടി പുറത്തിറക്കിയിരിക്കുകയാണ്. നിരവധി പേരാണ് മാസ്റ്റർക്ക് അഭിനന്ദനവുമായി എത്തുന്നത്. ബാബു ആന്റണിയും പാട്ട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ പാട്ടിനോടുള്ള താല്പര്യത്തെ പറ്റിയും കരാട്ടെയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചുമൊക്കെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് സെബാസ്റ്റ്യൻ മാസ്റ്റർ.

'ഓമനത്തിങ്കൾ കിടാവോ'യിലേക്ക്

ഞാൻ കമ്പോസ് ചെയ്ത അതേ രാഗത്തിൽ തന്നെ എന്റെ മനസ്സിൽ ഈ പാട്ട് വരികയായിരുന്നു. അതിന് പ്രത്യേകം കറക്ഷനുകളൊന്നും വേണ്ടി വന്നില്ല. ഇത് ഞാനെന്റെ സംഗീത ഗുരുക്കന്മാരെ പാടി കേൾപ്പിച്ചു. നല്ലൊരു അപ്രിസിയേഷനായിരുന്നു അവരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഒരുദിവസം വേറൊരാളുടെ ആവശ്യവുമായിട്ട് ഞാൻ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ എത്തി. എനിക്ക് എസി അത്ര ഇഷ്ടമില്ലാത്തൊരാളാണ്. അതുകൊണ്ട് ഞാൻ സ്റ്റുഡിയോയ്ക്ക് പുറത്തുവന്നിരുന്നു. ആ സ്റ്റുഡിയോ ഉടമയുടെ മക്കളും അവിടെ വന്നു.  ഞാനൊരു പാട്ട് പഠിപ്പിച്ച് തരാമെന്ന് പറഞ്ഞ് ഞാനീ പാട്ട് പാടി. ഈ അവസരത്തിൽ സ്റ്റുഡിയോ ഉടമ വരികയും പിള്ളാരെ പിന്നെ പഠിപ്പിക്കാം സാർ ഈ പാട്ട് പാടിയാൽ എങ്ങനെ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയണമെന്ന് പറഞ്ഞു. അങ്ങനെ അവരുടെ നിർബന്ധപ്രകാരമാണ് ആ പാട്ട് ഞാൻ സ്റ്റുഡിയോയിൽ പാടിയത്. ഒരു ടേക്ക് മാത്രമെ റെക്കോർഡിങ്ങിന് എനിക്ക് ആവശ്യം വന്നുള്ളൂ

Latest Videos

undefined

കാരാട്ടെ മാസ്റ്റർ ആയത് കൊണ്ട് തന്നെ ക്ലാസെടുക്കുമ്പോൾ ഉച്ചത്തിൽ ശബ്ദം എടുക്കേണ്ടതായിട്ട് വരും. പക്ഷേ, പാടാനുള്ള എന്റെ  വോയിസിനെ സപ്പോർട്ട് ചെയ്ത് മാത്രമേ ക്ലാസെടുക്കാറുണ്ടായിരുന്നുള്ളൂ. പ്രായം ആകുന്തോറും നമ്മുടെ ശബ്ദത്തിന് മാറ്റങ്ങൾ ഉണ്ടാകുമല്ലോ. അതൊക്കെ ഒരുധാരണ മാത്രമാണെന്ന് എന്റെ ഗുരുക്കന്മാരെ ഞാൻ ബോധ്യപ്പെടുത്തുക ആയിരുന്നു. ദിവസവും ശബ്ദത്തെ മിതപ്പെടുത്താൻ പ്രാക്ടീസ് ചെയ്യുകയാണെങ്കിൽ നമ്മുടെ വോയ്സ് നിലനിൽക്കും എന്ന് പ്രൂവ് ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. അതെനിക്ക് നല്ല രീതിയിൽ തന്നെ ചെയ്യാനും സാധിച്ചു.

മുന്‍പും ഞാൻ പാട്ടുകൾ കമ്പോസ് ചെയ്തിരുന്നു. അമച്വർ നാടകങ്ങൾക്ക് വേണ്ടി ആയിരുന്നു അവ. സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ഞാൻ തിരിച്ചുവന്ന് 27 വർഷം കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ആയി ജോലി നോക്കി. അപ്പോഴൊക്കെ മത്സരങ്ങൾക്ക് വേണ്ടി പാട്ട് കമ്പോസ് ചെയ്യുമായിരുന്നു. ഇപ്പോഴും ഒരുപാട്ട് എഴുതി കമ്പോസ് ചെയ്ത് വച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സന്ദർഭത്തിൽ ഞാനത് പാടി അത് സോഷ്യൽ മീഡിയയിലൊക്കെ വരുമെന്ന് പ്രതീക്ഷിക്കാം.

പാരമ്പര്യമായി കൈവന്ന സംഗീതം

എനിക്കിപ്പോൾ 82 വയസുണ്ട്. ഈ പ്രായത്തിലും ഹിന്ദുസ്ഥാനി സംഗീതവും കർണ്ണാട്ടിക് സംഗീതവും പഠിക്കുന്നുണ്ട്. എന്നെക്കാൾ പ്രായം കുറഞ്ഞവരാണ് എന്റെ ഗുരുക്കന്മാർ. എന്റെ അമ്മയും അമ്മയുടെ ആങ്ങളമാരുമെല്ലാം സംഗീതജ്ഞരായിരുന്നു. ഞാനിപ്പോൾ പാടിയ 'ഓമനത്തിങ്കൾ കിടാവോ' ആദ്യമായി കേൾക്കുന്നത് അമ്മയുടെ മനോഹര ശബ്ദത്തിലൂടെ ആണ്. എന്റെ രണ്ട് സഹോദരിമാർ ഗാനഭൂഷണം പാസായവർ ആണ്. എന്റെ നേരെ ഇളയ അനുജനും പാട്ടുകാരനാണ്. അവൻ സിഡിയൊക്കെ ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംഗീതം എന്നത് എന്റെ രക്തത്തിൽ അലിഞ്ഞിട്ടുണ്ട്. തൃക്കുടിത്താനം പത്മകുമാറിനടുത്താണ് ഞാനിപ്പോൾ കർണ്ണാട്ടിക് പഠിക്കുന്നത്. ശ്യാം മോഹൻ എന്ന ഗുരുവാണ് ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുന്നത്. അദ്ദേഹം ഒരു തബലാ മേക്കർ കൂടിയാണ്. നാല് വർഷത്തോളമായി പാട്ട് പഠിക്കുന്നുണ്ട്. ഈ പ്രായത്തിലും ഞാൻ സംഗീതം പഠിക്കുന്നുവെന്ന് അറിയുമ്പോൾ ആളുകൾക്ക് അത്ഭുതമാണ്. എന്റെ അഭിപ്രായത്തിൽ പഠിക്കുക എന്നതിന് പ്രായമില്ല. ചെറിയൊരു കുഞ്ഞായാലും വലിയ ആളായാലും പഠിക്കുക എന്ന പ്രോസസ് ഒരുപോലെ ആയിരിക്കും. പഠിക്കാനുള്ള തയ്യാറെടുപ്പ് നമ്മുടെ മനസ്സിന് വേണമെന്ന് മാത്രം. ഈ പ്രായത്തിലും എന്റെ എക്സസൈസ് വർക്കൗട്ട് കാര്യങ്ങളെല്ലാം റെഗുലറായി ചെയ്തു കൊണ്ടിരിക്കുന്നു.

ബാബു ആന്റണി എന്ന ശിഷ്യൻ

1980ലാണെന്ന് തോന്നുന്നു, ഇവരുടെ വീടിനടുത്ത് ഒരു പഴയ വീട് ഉണ്ടായിരുന്നു. അവിടെയാണ് ഞങ്ങൾ താമസിച്ചിരുന്നത്. ബാബുവിന്റെ അച്ഛനും ഞാനും വളരെ നല്ല സൗഹൃദത്തിലായിരുന്നു. അദ്ദേഹത്തോട് ഒരിക്കൽ സംസാരിക്കുമ്പോൾ, ഇവിടെ കരാട്ടെ ക്ലാസെടുക്കുന്ന കാര്യമൊക്കെ പറഞ്ഞു. അപ്പോൾ ബാബുവിനെ പഠിപ്പിക്കാൻ അദ്ദേഹത്തിന് ആഗ്രഹം തോന്നി. അന്ന് ബാബു പൂനെയിൽ പഠിക്കുകയാണ്. വെക്കേഷന് വന്നപ്പോൾ, പുള്ളി എന്റെ കീഴിൽ ട്രെയിൻ ചെയ്യാൻ തുടങ്ങി. ആദ്യദിവസം തലകറക്കവും വൊമിറ്റിംഗ് ടെന്റൻസിയൊക്കെ പുള്ളിക്കുണ്ടായി. ശേഷം ബാബു തിരിച്ച് പോയി രണ്ടാം വെക്കേഷന് വന്നപ്പോൽ എന്നോടൊപ്പം കൂടുകയും അന്നെനിക്ക് നാല് ക്ലാസുകളുണ്ട്, അവയിലെല്ലാം വന്ന് പങ്കെടുക്കുകയും ചെയ്യുമായിരുന്നു. കഠിനപ്രയത്നി ആയിരുന്നു. പിന്നെ സിനിമാ ഫീൽഡിൽ ആയപ്പോൾ അങ്ങനെ ട്രെയിനിങ്ങിന്റെ ആവശ്യമൊന്നും ബാബുവിന് വേണ്ടായിരുന്നു. പുള്ളി നടനാകും എന്ന യാതൊരു സൂചനയും അന്ന് ഇല്ലായിരുന്നു കേട്ടോ. കാർണിവലിലെ മരണക്കിണർ അഭ്യാസം മാർഷൽ ആർട്സിന്റെ സപ്പോർട്ട് കൊണ്ടാണ് പുള്ളി ചെയ്തത്. അത് ഡ്യൂപ്പില്ലാതെ ചെയ്യാൻ പുള്ളിക്ക് കോൺഫിഡൻസ് കൊടുത്തത് കരാട്ടെയുടെ സപ്പോർട്ട് മാത്രമാണ്.

ഇത്തവണ ബാബു നാട്ടിൽ വന്നപ്പോൾ വന്ന് കണ്ടിരുന്നു. രണ്ട് മണിക്കൂറോളം എനിക്കൊപ്പം പുള്ളിയും ഫാമിലിയും ഉണ്ടായിരുന്നു. ചെറിയ ട്രെയിനിംഗ് ഒക്കെ കൊടുത്തു. ഭക്ഷണമൊക്കെ കഴിച്ചാണ് തിരിച്ച് പോയത്. അത് എപ്പോൾ വന്നാലും, ഞാൻ വിളിച്ചിട്ടൊന്നും അല്ല എന്നെ കാണാൻ അദ്ദേഹം വന്നിരിക്കും. അത് ബാബുവിന്റെ ഒരു ചിട്ടയാണ്.

സിനിമ വഴി വന്ന കരാട്ടെ മോഹം

ഞാൻ മദ്രാസ് ഓഫ് എ‍ഞ്ചിനീയറിംഗ് ഗ്രൂപ്പിൽ ആയിരുന്നു സർവീസ് ചെയ്തത്. അവിടെ ആയിരുന്ന സമയത്ത് എല്ലാ ഞായറാഴ്ചയും തിയറ്ററിൽ മോണിംഗ് ഷോ കാണാൻ പോകും. ഇംഗ്ലീഷ് പടങ്ങൾ മാത്രമേ ഞാൻ കാണാറുണ്ടായിരുന്നുള്ളൂ. ജയിംസ് ബോണ്ട് സീരിസൊക്ക അന്ന് കത്തി നിൽക്കുന്ന കാലാമാണ്. അതിലെല്ലാം വില്ലന്റെ സപ്പോർട്ടറായി മാർഷൽ ആർട് ചെയ്യുന്ന ഒരാളെ അവതരിപ്പിക്കുമായിരുന്നു. അത് കണ്ട് മാർഷൽ ആർട്സിൽ ഞാൻ ആകൃഷ്ടനായി. വോളിബോൾ പ്ലയറായിരുന്നു ഞാൻ. അങ്ങനെ കളിച്ച് മുട്ടിന് പ്രശ്നം പറ്റി 1977ൽ മിലിട്ടറിയിൽ നിന്നും പോരേണ്ടി വന്നു. ആ കാലും വച്ച് എന്റെ 37മത്തെ വയസ്സിൽ കരാട്ടെ ക്ലാസിൽ ചേർന്നു.  കുപ് സ്വാമി എന്ന മലേഷ്യൻ മാസ്റ്ററായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്. 175 പേരാണ് അന്ന് പഠിക്കാനുണ്ടായിരുന്നത്. ഏതെങ്കിലുമൊരു കാര്യം ചെയ്യാൻ തുടങ്ങിയാൽ അതിന്റേതായ രീതിയിൽ ചെയ്യണമെന്ന് അന്നും ഇന്നും എന്റെ ആഗ്രഹമാണ്. അതുകൊണ്ട് തന്നെ ശരിക്കും ഞാൻ ട്രെയിൻ ചെയ്തു. എല്ലാ വിദ്യാർത്ഥികളിൽ നിന്നും മുൻപന്തിയിൽ ആയിരുന്നു ഞാൻ. ഒടുവിൽ ആളുകൾ പറയുമ്പോലെ കരാട്ടെയിൽ ഗ്രാന്റ് മാസ്റ്ററായി. ബാബുവിനെ പോലെ തന്നെ ഒത്തിരി ശിഷ്യന്മാർ എനിക്കുണ്ട്. അതിന് കണക്കൊന്നും ഇല്ല. ആയിരക്കണക്കിന് എന്നൊക്കെ പറയാനാകൂ.

വോളിബോൾ തട്ടകം

എനിക്കൊരു അങ്കിൾ ഉണ്ടായിരുന്നു. അദ്ദേഹം ബ്രിട്ടീഷുകാരുടെ കാലത്ത് സൈന്യത്തിൽ ഇരുന്ന ആളാണ്. എല്ലാ സ്പോർസും അറിയാം എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ആദ്യമായി വോളിബോൾ റഫറി കോഴ്സ് പാസായ ആളുകൂടിയായിരുന്നു പുള്ളി. എന്റെ ഏറ്റവും ഇളയ അമ്മാവനാണ് കേട്ടോ. അദ്ദേഹം പ്രാക്ടീസ് ചെയ്യാൻ പോകുമ്പോൾ എന്നെ പോലുള്ള കൊച്ചു കുട്ടികൾ കൂടെ പോകും. അങ്ങനെയാണ് വോളിബോളുമായുള്ള ബന്ധം വരുന്നത്. വലിയൊരു സപ്പോർട്ട് തന്നെ അദ്ദേഹം ഞങ്ങൾക്ക് നൽകിയിരുന്നു. ശേഷം സ്കൂളിൽ വന്നപ്പോൾ കുറേശ്ശേ കളിക്കാൻ തുടങ്ങി. അഞ്ച് മൈയിൽ നടന്ന് പോയി വോളിബോൾ കളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക്. കെ.ജി ഗോപാലകൃഷ്ണൻ നായർ ആയിരുന്നു എന്റെ ഗുരു. അദ്ദേഹത്തിനടുത്തേക്കാണ് ഇത്രയും മൈലുകൾ താണ്ടി ഞാൻ പോകുന്നത്. അന്നത്തെ കാലത്തെ എന്റെ മോഡേൻ വോളിബോൾ കളിയുടെ എല്ലാ ക്രെഡിറ്റും കെജി സാറിന് അവകാശപ്പെട്ടതാണ്. ഇപ്പോൾ കളിക്കാൻ ആഗ്രഹമുണ്ട്, സാധിക്കില്ല. കാരണം 1983-84 കാലഘട്ടത്തിൽ കാലിന്റെ മുട്ട് രണ്ടും റീപ്ലെയ്സ്  ചെയ്യണമെന്ന് പറ‍ഞ്ഞതാണ്. പക്ഷേ ഇതുവരെയും ഞാനത് ചെയ്തില്ല. ഇതുംവച്ചു കൊണ്ടാണ് ഞാൻ മാർഷൽ ആർട്സ് പഠിപ്പിക്കുന്നത്.

Paappan Movie : അവസാന കടമ്പയും കടന്ന് 'പാപ്പൻ'; ബുധനാഴ്ച മുതൽ ഷോ ബുക്കിങ്ങിന് ആരംഭം

സിനിമയിൽ ആരാ ഫൈറ്റ് ചെയ്യുന്നേ ?

സിനിമ കാണാറുള്ള ആളാണ് ഞാൻ. സിനിമകളിൽ ആരാണ് ഫൈറ്റ് ചെയ്യുന്നത്. അതിൽ ഫൈറ്റിന്റെ ആവശ്യമില്ല. കാരണം, അത് നിയന്ത്രിക്കുന്നത് സ്റ്റണ്ട് മാസ്റ്ററല്ലേ. അയാൾ പറയുന്നത് നടന്മാർ ചെയ്യുന്നു. മമ്മൂട്ടിയും മോഹൻലാലും ബാബു ആന്റണിയും അത് ചെയ്യും. യഥാർത്ഥ ആയോധന കലാകാരനെ സിനിമയ്ക്ക് ആവശ്യമില്ല. സിനിമയിലെ ഫൈറ്റേ അല്ല മാർഷൽ ആർട്സ്.

ഫിറ്റ്നെസ് രംഗത്തെ മമ്മൂട്ടിയോ ?

അതൊരു പൊട്ടത്തരമാണ്. ഞാൻ ജനിച്ചതിന് ശേഷമാണ് മമ്മൂട്ടി ജനിച്ചത്. അപ്പോൾ എന്നെ പോലെ മമ്മൂട്ടി എന്നാണോ മമ്മൂട്ടിയെ പോലെ ഞാനാണെന്നാണോ പറയുന്നത് ശരി. ഇത്തരം അഭിപ്രായങ്ങൾക്ക് ഞാൻ സീറോ വാല്യു ആണ് കൊടുക്കുന്നത്. എന്നെ മറ്റൊരാളുമായി താരതമ്യം ചെയ്യാൻ ഒരിക്കലും സാധിക്കില്ല. കാരണം, ‍ഞാൻ ഞാനാണ് എന്റെ പ്രത്യേകതകൾ എനിക്ക് മാത്രമേ ഉള്ളൂ. ഞാൻ ചെയ്യുന്ന ഒരു പ്രവർത്തിയും മമ്മൂട്ടിക്ക് ചെയ്യാൻ സാധിക്കില്ല. പണ്ട് ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പാൾ എന്നെ കരാട്ടെയിലെ ദ്രോണാചാര്യർ എന്ന് പറഞ്ഞു. ഒരിക്കലും എന്നെ ദ്രോണാചാര്യരുമായി സാമ്യപ്പെടുത്താൻ സാധിക്കില്ലെന്നാണ് സംസാരിക്കാൻ അവസരം കിട്ടപ്പോൾ ഞാൻ പറഞ്ഞത്. ലോകം കണ്ട ഏറ്റവും വലിയ ദ്രോഹിയാണ് ദ്രോണാചാര്യർ. കാരണം, ശിഷ്യന്റെ കൈവിരൽ മുറുച്ചുവാങ്ങിയ ആളാണ്. ഞാനെന്റെ പിള്ളാരുടെ ഒരുരോമം പോലും പിഴുത് വാങ്ങിയിട്ടില്ല. പിന്നെ ഞാനും ദ്രോണാചാര്യരും തമ്മിൽ എങ്ങനെയാണ് യോജിക്കുന്നത്. അതുപോലെ മമ്മൂട്ടിയുമായും എന്നെ താരതമ്യം ചെയ്യാൻ പറ്റില്ല. ഞാനൊരു സിനിമാ നടനല്ല, സിനിമാരംഗത്ത് ഞാൻ ഒന്നുമല്ല.

നമ്മൾ സ്വയം കണ്ടെത്തണം

പണ്ടൊക്കെ ഒരു  അൻപത് അൻപത്തഞ്ച് വയസ്സൊക്കെ ആകുമ്പോൾ വലിയപ്പച്ചന്മാർ വാതമാണെന്നൊക്കെ പറഞ്ഞ് കയ്യും മടക്കി വച്ചോണ്ടിരിക്കും. ആ കൈ നിവർക്കാൻ പോലും അവർ കൂട്ടാക്കില്ല. ഇന്ന് അതെല്ലാം മാറി, ആരോടെലും എവിടെ പോകുവാന്ന് ചോദിച്ചാൽ, അപ്പനെ കൊണ്ട് ചെക്കപ്പിന് പോകുവാന്നാണ് പറയാറ്. ഈ ചെക്കപ്പ് എന്ന് പറയുന്നത് സ്ഥിരം പരിപാടിയാണ്. നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് സ്വയം കണ്ടെത്തുകയാണ് വേണ്ടത്. അത് നമുക്ക് മനസ്സിലായാൽ വ്യത്യസ്തമായ രീതിയിൽ ജീവിക്കാൻ സാധിക്കും. ഇപ്പോഴെന്റെ ഫിറ്റ്നെസ് സെന്ററിൽ വരുന്ന 27 വയസുള്ള ഒരു പയ്യൻ മാത്രമേ ഉള്ളൂ. ബാക്കിയെല്ലാവരും അൻപത് വയസിന് മുകളിലുള്ളവരാണ്. അവരൊക്കെ എന്റെ കീഴിൽ വർഷങ്ങളായി പരിശീലനം ചെയ്യുന്നവരാണ്. അഡ്വൈസ് കൊടുത്തെന്ന് പറഞ്ഞ് ഒരാൾ നന്നാവില്ല. അതിന് വേണ്ടി സ്വയം ശ്രമിക്കണം. നമ്മുടെ കഴിവുകളും പ്രശ്നങ്ങളും സ്വയം മനസ്സിലാക്കണം. അല്ലാതെ ജീവിച്ചാൽ നമ്മൾ ശുദ്ധപരാജയം ആയിരിക്കും. 

click me!