കെജിഎഫ് ചാപ്റ്റര്‍ രണ്ടിന്റെ റിവ്യു വായിക്കാം (KGF Chapter 2 movie review).
ഭാഷാ ഭേദമന്യേ കോളിവുഡിനെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ച ചിത്രമായിരുന്നു 'കെജിഎഫ്'. ബോളിവുഡിന്റെ വാണിജ്യ വിജയങ്ങളെ മറികടന്ന ടോളിവുഡിന് പിന്നാലെ കന്നഡ സിനിമയ്ക്കും രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുക്കാൻ 'കെജിഎഫി'നായി. രാജ്യത്തെ ബ്രഹ്‍മാണ്ഡ ചിത്രങ്ങള്‍ക്ക് 'ബാഹുബലി'യെന്ന പോലെ 'കെജിഎഫും' മറുപേരായി മാറി. അത്തരം പ്രതീക്ഷകള്‍ക്ക് ഒടുവില്‍ ഇന്ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിയ രണ്ടാം ഭാഗവും പ്രേക്ഷകരുടെ ആവേശം വാനോളം ഉയര്‍ത്തുന്ന തരത്തിലുളളതാണ് (KGF Chapter 2 movie review).
undefined
കണ്ണിമ ചിമ്മാതെ സ്‍ക്രീനിലേക്ക് നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രശാന്ത് നീലിന്റെ മെയ്‍ക്കിംഗ് തന്നെയാണ് 'കെജിഎഫ്‍: ചാപ്റ്റര്‍ രണ്ടി'ന്റെ പ്രധാന ആകര്‍ഷണം. 'റോക്കി ഭായി'യായി ഇക്കുറിയും യാഷ് സ്‍ക്രീനില്‍ തീപടര്‍ത്തുന്നു. ആദ്യ ഭാഗത്തിന്റെ അതേ പാതയില്‍ തന്നെയാണ് ചാപ്റ്റര്‍ രണ്ടും സഞ്ചരിക്കുന്നത്. വീര നായകന്റെ മാസ് പരിവേഷങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട് ഓരോ രംഗങ്ങളിലും.
വീര നായക പരിവേഷത്തിലേക്ക് എത്തിയ നായകനില്‍ നിന്ന് ഇനിയെന്ത് എന്ന ആകാംക്ഷകളായിരിക്കും രണ്ടാം ഭാഗത്തില്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ ഏറ്റവും വെല്ലുവിളി. ആദ്യ ഭാഗത്തിലെ മാസിനപ്പുറത്തെ ആവേശം സൃഷ്‍ടിക്കാനുള്ള ശ്രമങ്ങളാണ് പ്രശാന്ത് നീല്‍ ചാപ്റ്റര്‍ രണ്ടില്‍ നടത്തിയിരിക്കുന്നത്. അത്തരം വെല്ലുവിളികളെ അതിജീവിക്കും വിധമാണ് ഓരോ രംഗങ്ങളും പ്രശാന്ത് നീല്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. പ്രശാന്ത് നീലിന്റെ ആഖ്യാനത്തിലെ ചടുലത രണ്ടാം ഭാഗത്തിന്റെയും ആവേശമാകുന്നു.
ആദ്യ ഭാഗത്തില്‍ 'ഗരുഢ'യെങ്കില്‍ ഇത്തവണ വില്ലൻ 'അധീര'യാണ്. 'കെജിഎഫി'ന്റെ നായകനായ 'റോക്കി ഭായി'ക്ക് നേര്‍ പ്രതിനായകൻ 'അധീര'യെ മാത്രമല്ല അതിജീവിക്കേണ്ടി വരുന്നത്. രാഷ്‍ട്രീയവും റോക്കി ഭായ്‍യുടെ യാത്രയില്‍ പ്രതിയോഗികളായി എത്തുന്നു. ഇവരെ എങ്ങനെ റോക്കി ഭായി കൈകാര്യം ചെയ്യുന്നുവെന്നതാണ് ചിത്രം പറയുന്നത്.
പ്രകടനത്തില്‍ യാഷ് തീപ്പൊരിയായി മാറുമ്പോള്‍ മറുവശത്ത് പ്രതിനായകനായ അധീരയായി സഞ്‍ജയ ദത്താണുള്ളത്. ഭീകരഭാവത്തിലാണ് സഞ്‍ജയ് ദത്തിന്റെ പകര്‍ന്നാട്ടം. സ്റ്റൈലിലും മാസിലും റോക്കിംഗ് സ്റ്റാറായി 'കെജിഎഫ് രണ്ടി'നും സ്വന്തം മുഖം നല്‍കിയിരിക്കുന്നു യാഷ്‍. ആക്ഷൻ രംഗങ്ങളില്‍ ത്രസിപ്പിക്കുന്ന തരത്തിലുള്ളതാകുമ്പോഴും മിതത്വമുള്ള ചലനങ്ങളോടെയാണ് യാഷ് ആവേശം സൃഷ്‍ടിച്ചിരിക്കുന്നത്. എന്തുകൊണ്ട് സഞ്‍ജയ് ദത്ത് വില്ലനായി കെജിഎഫിലേക്ക് എത്തി എന്ന് ചോദ്യത്തിന് പ്രകടനം മറുപടിയാകുന്നുണ്ട്. നായികയായി സപ്പോര്‍ട്ടിംഗ് റോളിലാണ് ശ്രീനീധി ഷെട്ടി. പ്രധാനമന്ത്രിയുടെ വേഷത്തില്‍ ചിത്രത്തില്‍ രവീണ ടണ്ഠനും മികച്ച പ്രകടനം നടത്തിയിരിക്കുന്നു. കഥാ പറച്ചിലുകാരന്റെ റോളില്‍ പ്രകാശ് രാജ് ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ വിജയിക്കുന്നു.
മാസ് രംഗങ്ങളെ അടിവരയിട്ടുറപ്പിക്കുന്നതിന് സംവിധായകൻ ഏറ്റവും ആശ്രയിച്ച ഒരു ഘടകം പശ്ചാത്തല സംഗീതമാണ്. ആദ്യ ഭാഗത്തിന്റെ ആവേശത്തെ പ്രേക്ഷനില്‍ നിറച്ച അതേ മാന്ത്രികത സംഗീതത്തില്‍ ഇത്തവണയും രവി ബസ്രൂര്‍ അനുഭവിപ്പിക്കുന്നു. ഭുവൻ ഗൗഡയുടെ ക്യാമറക്കാഴ്‍ചകളും ആ ആവേശത്തിന് തീകൊളുത്തുന്നു. ഉജ്വൽ കുൽക്കർണിയുടെ കട്ടുകള്‍ പ്രേക്ഷകനെ കണ്ണെടുക്കാതെ സ്‍ക്രീനിലേക്ക് നോക്കിയിരിക്കാൻ നിര്‍ബന്ധിതനാക്കുന്ന തരത്തിലുമുള്ളതുമാണ്.
ആദ്യ ഭാഗത്തിന്റെ അതേ തീവ്രതയുള്ള വൈകാരികതലം രണ്ടാം ഭാഗത്തിന് കൈവരുന്നില്ലെന്ന് പറയേണ്ടി വരും. വൈകാരികമായി ചേര്‍ത്തുനിര്‍ത്താൻ ശ്രമിക്കുന്ന രംഗങ്ങള്‍ ഇക്കുറി ഉപരിവിപ്ലവകരമായി പോകുന്നു. പ്രണയ രംഗങ്ങളില്‍ ചിത്രത്തിന് മെല്ലെപ്പോക്ക് സ്വീകരിക്കേണ്ടി വന്നു. ഗാനങ്ങളില്‍ പ്രണയരംഗത്തിലെ ഒഴികെ എല്ലാം 'കെജിഎഫ്‍ ചാപ്റ്റര്‍ രണ്ടി'നോട് മൊത്തം പരിചരണ രീതികളോട് ഇഴചേര്‍ന്നിരിക്കുന്നു.
'കെജിഎഫ്' എന്ന ചിത്രത്തിന്റെ മൊത്തത്തിലുള്ള സ്വഭാവത്തിനോട് എല്ലാ ഘടകങ്ങളും ചേര്‍ന്നുനില്‍ക്കുന്നുവെന്നതാണ് പ്രധാനം. പ്രശാന്ത് നീലിന് എന്തായാലും അഭിമാനിക്കാൻ പോന്ന സീക്വല്‍ തന്നെയാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഒരു മാസ് സിനിമ പ്രതീക്ഷിക്കുന്നവര്‍ മികച്ച തിയറ്റര്‍ അനുഭവമാകും 'കെജിഎഫ്'. ഒരു വാണിജ്യ സിനിമയെന്ന നിലയില്‍ കെജിഎഫ് മറ്റ് ഇൻഡസ്‍ട്രികള്‍ക്കും മാതൃകയാകും എന്ന് തീര്‍ച്ച.